മുല്ലപ്പെരിയാര്‍: നാവികസേനാ സംഘം പരിശോധന നടത്തിയില്ല
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ വ്യാഴാഴ്ചയെത്തിയ നാവികസേനാസംഘം പരിശോധന നടത്താതെ മടങ്ങി.
കേരളസര്‍ക്കാര്‍ ഡാമില്‍ പരിശോധന നടത്തിക്കുന്നതിനെതിരെ തമിഴ്നാട് കേന്ദ്രത്തിന് സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധന നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കുകയായിരുന്നു.
പരിശോധനയ്ക്കെത്തിയ സംഘത്തോട് സഹകരിക്കാന്‍ അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്നാടിന്റെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വെള്ളത്തിനടിയില്‍നിന്നും ചിത്രങ്ങളെടുത്ത് അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റി പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നാവികസേനാ സംഘത്തോട് അണക്കെട്ടില്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്.
കൊച്ചി നാവിക സേനാതാവളത്തിലെ കമാന്‍ഡര്‍ എന്‍.കെ റെഡ്ഡി, അസിസ്റന്റ് കമാന്‍ഡര്‍ ദിനേശ് സിങ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലുള്ള 17അംഗ സംഘമായിരുന്ന പരിശോധനയ്ക്കായി എത്തിയത്. സംഘത്തിനൊപ്പം ഇടുക്കി ജില്ലാ കളക്ടര്‍ എ.ജെ രാജന്‍, എസ് പി കെ.കെ ചെല്ലപ്പന്‍ എന്നിവരും എത്തിയിരുന്നു.
പരിശോധനനടത്താനായി അണക്കെട്ടിന്റെ ഗാലറി തുറക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് എന്‍ജിനീയറുടെ അനുവാദമില്ലാതെ ഗാലറി തുറക്കില്ലെന്നായിരുന്ന തമിഴ്നാട് ഡാം സൂപ്രണ്ടിന്റെ നിലപാട്.
ഇതിനെത്തുടര്‍ന്ന് കുറച്ചുസമയം അണക്കെട്ടില്‍ കറങ്ങിയ സംഘം പരിശോധന മതിയാക്കി കുമളിയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടയില്‍ കേന്ദ്രനിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്ന് പരിശോധന നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി നാവികസേനാ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു.












Click it and Unblock the Notifications