ഉപതിരഞ്ഞെടുപ്പ്: കേരളപൊലീസ് മതിയെന്ന് കോടതി
കൊച്ചി: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കേരള പൊലീസിനെത്തന്നെ വിന്യസിച്ചാല്‍മതിയെന്ന് കേരള ഹൈക്കടതി നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനം കേരള പൊലീസ് തന്നെ കൈകാര്യം ചെയ്യുമെന്നും അന്യസംസ്ഥാന പൊലീസിനെ നിയോഗിക്കേണ്ടതില്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.
കേരളപൊലീസിനെക്കൂടാതെ അഞ്ചു കമ്പനി സിആര്‍പിഎഫിനെയും തിരുവമ്പാടിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.
വോട്ടര്‍മാരില്‍ 99.23ശതമാനം പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. കാര്‍ഡ് ലഭിക്കാത്ത വോട്ടര്‍മാര്‍ക്ക് മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി വോട്ടുചെയ്യാമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണസ്വാധീനമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ വേണ്ടി അന്യസംസ്ഥാന പൊലീസിനെ മണ്ഡലത്തില്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എ. അരവിന്ദന്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇതിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സര്‍ക്കാറും സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ച് ജസ്റിസ് ജെ. ബി കോശി, ജസ്റിസ് കെ. പത്മനാഭന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചത്.












Click it and Unblock the Notifications