സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു
കൊല്‍ക്കത്ത: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മാനസികവും ശാരീരികവുമായ ഗാര്‍ഹിക പീഡനങ്ങളില്‍ 44ശതമാനം വര്‍ദ്ധനവുണ്ടായതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2000ല്‍ ശരാശരി 125സ്ത്രീകള്‍ ദിനംപ്രതി ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാകുന്നു എന്നായിരുന്നു കണക്ക്. എന്നാല്‍ ഇപ്പോള്‍ ഇത് 160 ആയി വര്‍ദ്ധിച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ആന്ധ്രപ്രദേശും രണ്ടാം സ്ഥാനത്ത് പശ്ചിമ ബംഗാളുമാണ്. സ്ത്രീധനമരണങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഇതിന് തൊട്ടുപുറകിലായി ബീഹാറും മധ്യപ്രദേശും പശ്ചിമ ബംഗാളുമുണ്ട്.
സ്വയം എന്ന എന്‍ജിഒ സംഘടനയാണ് ഗാര്‍ഹിക പീഡനങ്ങള്‍ എന്ന പേരില്‍ നടത്തിയ സെമിനാറില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കിയത്. 2006ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗാര്‍ഹിക പീഡനങ്ങളില്‍ 19 സ്ത്രീകളെ ഭര്‍ത്താവോ ബന്ധുക്കളോ കൊലപ്പെടുത്തിയിട്ടുണ്ട്.
പ്രതിവര്‍ഷം 58,319 സ്ത്രീകള്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കിരകളാകുന്നുണ്ട്. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ 40 ശതമാനം പേര്‍ ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനങ്ങള്‍ സഹിക്കുന്നവരാണ്.
രണ്ടു സ്ത്രീകളെ എടുത്താല്‍ അതില്‍ ഒരാള്‍ തീര്‍ച്ചയായും ഗാര്‍ഹിക പീഡനം അനുഭവിക്കുന്നുണ്ടെന്നും സംഘടന പറയുന്നു. ഉത്തര്‍പ്രദേശിലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയില്‍ മുഖാമുഖം നടത്തിയ 90,000 സ്ത്രീകളില്‍ 56 ശതമാനവും ഭര്‍ത്താവിന്റെയോ കുടുംബാംഗങ്ങളുടെയോ പീഡനം സഹിച്ചുകൊണ്ട് ജീവിക്കുന്നവരാണ്.
മിക്ക സ്ത്രീകളും ഇത്തരം പീഡനങ്ങള്‍ വിവാഹ ജീവിതത്തിന്റെ ഭാഗമായി അനുഭവിക്കുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മിക്കവര്‍ക്കും ഇത്തരം പീഡനങ്ങള്‍ ശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യമാണെന്ന കാര്യം അറിവില്ല- സംഘടന ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications