ലാവ്ലിന്‍: നിലപാട് മാറ്റത്തിന് കോടതി അനുവദിക്കണം
കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് നിലപാട് മാറ്റാന്‍ കോടതിയുടെ അനുവാദം വേണമെന്ന് ഹൈക്കോടതി.
മുന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് കണക്കിലെടുത്താണ് സിബിഐ അന്വേഷണ ഹര്‍ജി തീര്‍പ്പാക്കിയിരിക്കുന്നത്. അതിനാല്‍ കോടതി അനുവദിക്കാതെ ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിന്മാറാന്‍ കഴിയില്ല.
ചീഫ് ജസ്റിസ് വി. കെ ബാലി, ജസ്റിസ് പി.ആര്‍ രാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ അന്വേഷണ വിജ്ഞാപനം പിന്‍വലിക്കണമെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഹര്‍ജി നല്‍കുന്നില്ലെന്ന് കോടതി ചോദിച്ചു.
ഈ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് മാര്‍ച്ച് ഒന്നിനാണ്. ഈ തീരുമാനം വ്യക്തമാക്കിക്കൊണ്ട് 2006മാര്‍ച്ച് 30ന് വിജ്ഞാപനവും പുറപ്പെടുവിച്ചു. എന്നാല്‍ ദില്ലി സ്പെഷ്യല്‍ പൊലീസ് സ്ഥാപന നിയമപ്രകാരം കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടില്ല. അതില്ലാതെ സിബിഐയ്ക്ക് കേസേറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐയ്ക്കുവേണ്ടി അഡ്വ. എസ് ശ്രീകുമാര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണത്തിനായി നോട്ടീസ് പുറപ്പെടുവിക്കാന്‍ കോടതി തയ്യാറാവുന്നതിനിടയിലാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചകാര്യം സര്‍ക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് ചൂണ്ടിക്കാട്ടുകയും സത്യവാങ്മൂലം നല്‍കുകയും ചെയ്തത്.
എന്നാല്‍ മന്ത്രിസഭ തീരുമാനിച്ചതുകൊണ്ടായില്ലെന്നും കോടതിയെ ധരിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു തീരുമാനമെടുക്കാന്‍ കോടതിയെ സമീപിക്കണമെന്നും ചീഫ് ജസ്റിസ് പറഞ്ഞു. അപ്പോള്‍ തിങ്കളാഴ്ച തന്നെ ഇതിനായി ഹര്‍ജി നല്‍കാമെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ മറുപടി. ഹര്‍ജി വരുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് പറഞ്ഞ കോടതി സുധാകര്‍ പ്രസാദിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യപ്രകാരം ഒടുവില്‍ കേസ് മാറ്റിവെച്ചു.
ടി.പി.നന്ദകുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയുടെ വിധിന്യായത്തില്‍ കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ഭാഗം നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ വിജയശങ്കര്‍, കൊച്ചി എസ്.പി ടി. വിക്രം എന്നിവര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications