കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസീക്കാലാല്‍ വധക്കേസ്: മനു ശര്‍മയ്ക്ക് ജീവപര്യന്തം

  • By Staff
Google Oneindia Malayalam News

ദില്ലി: വിവാദമായ ജസീക്ക ലാല്‍ വധക്കേസിലെ മുഖ്യപ്രതി മനു ശര്‍മയെ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂട്ടുപ്രതികളായ വികാസ് യാദവ്, അമര്‍ദീപ് ഗില്‍ എന്നിവര്‍ക്ക് നാല് വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരം മനു ശര്‍മയ്ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഇരു ഭാഗത്തിന്റെയും വാദം കേട്ടശേഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.

തെളിവുകള്‍ അട്ടിമറിയ്ക്കപ്പെടുകയും പ്രതികളെയെല്ലാം കീഴ്ക്കോടതി വെറുതെ വിടുകയും ചെയ്ത കേസില്‍ ഏഴുവര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് നീതി നടപ്പായത്. മനുശര്‍മ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.

മനുശര്‍മ്മയെക്കൂടാതെ വികാസ് യാദവ്, ടോണി ഗില്‍ എന്നിവരും കേസില്‍ കൂട്ടുപ്രതികളാണ്. ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെയെല്ലാം കോടതി നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു.

ദില്ലിയിലെ ഉന്നതതല വിരുന്നുകളുടെ സംഘാടകയുമായ ബീനാ രമണി നടത്തുന്ന ഒരു റസ്റേറന്റില്‍ വെച്ച് 1999 ഏപ്രില്‍ 29ന് അര്‍ദ്ധരാത്രിയാണ് ജസീക്കാ ലാല്‍ എന്ന മോഡല്‍ കൊല്ലപ്പെടുന്നത്.

റസ്റോറന്റില്‍ മദ്യം വിളമ്പാന്‍ നിന്നുരുന്ന ജസീക്കയെ ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മ വെടിവെച്ചുകൊല്ലുകയായിരുന്നു. ബാറില്‍ വൈകിയെത്തിയ മനുവിനും കൂട്ടുകാര്‍ക്കും മദ്യം വിളമ്പാന്‍ ജസീക്ക വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മനു അവര്‍ക്കുനേരെ നിറയൊഴിച്ചത്.

ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ നേതാവ് ഡി. പി യാദവിന്റെ മകന്‍ വികാസ് യാദവ് , ഒരു ബഹുരാഷ്ട്രകമ്പനിയിലെ ഉദ്യോഗസ്ഥനായ അമര്‍ദീപ് സിങ് ഗില്‍ എന്ന ടോണി തുടങ്ങിയവരായിരുന്നു മനുവിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍.

പണവും സ്വാധീനവുമപയോഗിച്ച് അട്ടിമറിയ്ക്കപ്പെട്ട കേസില്‍ മുഖ്യ സാക്ഷികള്‍ കൂറുമാറിയതിനെത്തുടര്‍ന്ന് സെഷന്‍സ് കോടതി എല്ലാ പ്രതികളെയും 2006 ഫെബ്രുവരി 1ന് വെറുതെവിടുകയായിരുന്നു.

എന്നാല്‍ കോടതി വിധി വന്‍വിവാദമായി. തുടര്‍ന്ന് ദില്ലി പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീലിന്‍മേലുള്ള വാദം തുടര്‍ച്ചയായി കേട്ടാണ് ജസ്റിസ് ആര്‍.എസ് സോധിയും ജസ്റിസ് പി.കെ ഭാസിനുമടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച മനുശര്‍മ കുറ്റക്കാരനാണെന്ന് വിധിച്ചത്.

കൊലപാതക, ആയുധം കൈവശം വെയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് മനുവിനെതിരെയുള്ളത്. തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നെന്നാണ് വികാസ് യാദവിനും ടോണി ഗില്ലിനുമെതിരെയുള്ള കുറ്റം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X