അക്രമം,വെടിവെയ്പ് : ബാഗ്ലൂരില്‍ സംഘര്‍ഷാവസ്ഥ
ബാംഗ്ലൂര്‍: ഞായറാഴ്ച ബാംഗ്ലൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തിലും പൊലീസ് വെടിവെയ്പിലും ഒരു കുട്ടിമരിയ്ക്കുകയും പന്ത്രണ്ട് പൊലീസുകാരുള്‍പ്പെടെ മുപ്പത്തിയഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നഗരത്തില്‍ കന്റോണ്‍മെന്റ് മെഖലയില്‍ ശിവാജി നഗര്‍,ഭാഗതി നഗര്‍, മര്‍ഫി ടൈണ്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ബാംബൂ ബസാര്‍, റസല്‍ മാര്‍ക്കറ്റ്, അള്‍സൂര്‍, കാമരാജ് റോഡ് എന്നിവിടങ്ങളിലും ഞായറാഴ്ച ഉച്ചതിരിഞ്ഞ് അക്രമം നടന്നു.
കാമരാജ് റോഡിലുണ്ടായ അക്രമത്തിനിടെ പൊലീസ് നടത്തിയ വെടിവെയ്പിലാണ് പന്ത്രണ്ടുവയസ്സുള്ള കുട്ടി മരിച്ചത്. മൂന്നുബസ്സുകളും, 20ഓട്ടോറിക്ഷകളും, അഞ്ച് കടകളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. അക്രമമുണ്ടായ മേഖലകളിലെ ചില പ്രദേശങ്ങളില്‍ പൊലീസ് നരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അള്‍സൂര്‍, ശിവാജി നഗര്‍ എന്നിവിടങ്ങളില്‍ മലയാളികളുടെ കടകള്‍ക്കുനേരെയും അക്രമം നടന്നിട്ടുണ്ട്. കന്റോണ്‍മെന്റ് മേഖലയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രശ്നബാധിത പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍എസ്എസ് താത്വികാചാര്യന്‍ ഗുരുജി ഗോള്‍വര്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അള്‍സൂരില്‍ വിശ്വഹിന്ദുപരിഷത് സംഘടിപ്പിച്ച വിരാട് ഹിന്ദുസമാജോത്സവത്തിന്റെ സമാപനം കുറിയ്ക്കുന്ന ശോഭായാത്രയ്ക്കിടയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ശോഭായാത്ര അവസാനിയ്ക്കാറായപ്പോള്‍ വാഹനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണമാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടത്. ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഈ മേഖലയില്‍ നടത്തിയ പ്രകടനത്തിന് നേര്‍ക്കും ആക്രമണമുണ്ടായിരുന്നു.
സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവരെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അച്യുതറാവു അറിയിച്ചു.












Click it and Unblock the Notifications