കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ത്തഡോക്സ് സഭ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭ ചൊവ്വാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം.

സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരത്ത് മിക്കയിടങ്ങളിലും ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍ നിര്‍ബ്ബന്ധിച്ച് അടപ്പിയ്ക്കുകയോ പൊതു പരീക്ഷകല്‍ തടസ്സപ്പെടുത്തുകയോ ഇല്ലെന്ന് സഭാനേതാക്കള്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായി വിശ്വാസികല്‍ ബുധനാഴ്ച കറുത്ത ബാഡ്ജ് ധരിച്ച് മൗനജാഥകള്‍ നടത്തും.

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗത്തിന് ആരാധനയ്ക്ക് അനുവാദം നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്.

ലാത്തിച്ചാര്‍ജില്‍ വൈദികരും സഭാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. രണ്ട് വൈദികരുള്‍പ്പെടെ ഏഴുപേരെ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചിന് നേരെ പൊലീസ് അഞ്ചു തവണ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിയ്ക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള വാഹനഗതാഗതം മൂന്നുമണിക്കൂറോളം സ്തംഭിച്ചു. വൈകീട്ട് നാലുമണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് റാലിയായാണ് ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സെക്രട്ടേറിയറ്റ് നടയിലെത്തിയത്.

നിയുക്ത കത്തോലിക്കാ ബാവ മാര്‍മിലിത്തിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, കുറിയാക്കോസ് മാര്‍ ീമിസ് എന്നിവരും സഭാ ഭാരവാഹികളും ആസാദ് ഗേറ്റ് വഴി സെക്രട്ടേറിയറ്റിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പറ്റം വിശ്വാസികളും ആവരോടൊപ്പം ചേര്‍ന്നു. എല്ലാവര്‍ക്കും ഒരുമിച്ച് സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിക്കാനാകില്ലെന്ന് സെക്യൂരിറ്റിക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ഇടപെട്ട് ബിഷപ്പുമാരെ അകത്തേയ്ക്ക് വിടാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ എസ്ഐ സന്തോഷിന്റെ കൈയ്ക്ക് അടിയേറ്റതോടെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിയ്ക്കുകയായിരുന്നു.

ഇതിനിടെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് പൊലീസിന്റെ നേര്‍ക്ക് കല്ലേറുണ്ടായി. പിന്നീട് ഏറെനേരത്തെ സംഘര്‍ഷാവസ്ഥയ്ക്കുശേഷം മെത്രാപ്പൊലീത്തമാരുമായി ഡിഐജിയും സംഘവും നടത്തിയ ചര്‍ച്ചയോടെയാണ് പ്രശ്നം ശാന്തമായത്.

പൊലീസിനെ പ്രകോപിതരാക്കുന്ന തരത്തില്‍ വളരെ ആസൂത്രിതമായാണ് അക്രമം നടന്നതെന്നും സര്‍ക്കാര്‍ തങ്ങളോട് അങ്ങേയറ്റം അനീതിയാണ് കാണിച്ചതെന്നും സഭാനേതാക്കള്‍ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് ദക്ഷിണമേഖലാ ഐജി അരുണ്‍കുമാര്‍ സിന്‍ഹ അന്വേഷിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അക്രമത്തില്‍ ഒരു സ്വകാര്യ ബസും മൂന്ന് സര്‍ക്കാര്‍ കാറുകളും തകര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X