കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധനവില വര്‍ദ്ധിപ്പിക്കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചു: ദിവാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും ചില ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കൂട്ടാനാണ് ധനവകുപ്പ് നിര്‍ദേശിച്ചതെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി സി. ദിവാകരന്‍. ധനവകുപ്പിനെ നിശിതമായി വിമര്‍ശിച്ച മന്ത്രി വകുപ്പിന്റെ ഈ നിര്‍ദേശത്തിനു മന്ത്രിസഭ അംഗീകാരം നല്‍കിയില്ലെന്നും പറഞ്ഞു.

സ്പെഷ്യല്‍ ബസാര്‍ ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പയര്‍, മുളക് വര്‍ഗങ്ങള്‍ക്ക് ഒരു രൂപ, ഉഴുന്നിനു 50 പൈസ എന്നിങ്ങനെ 13 ഇനങ്ങള്‍ക്കു വില കൂട്ടാനാണ് ആവശ്യപ്പെട്ടിരുന്നത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ധനവകുപ്പ് ആവശ്യപ്പെട്ടുവെങ്കിലും ഓണക്കാല നിരക്കുകളാണ് കോര്‍പ്പറേഷന്‍ ഇപ്പോഴും നിലനിര്‍ത്തുന്നതെന്നും ദിവാകരന്‍ പറഞ്ഞു.

എന്നാല്‍ ദിവാകരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് അറിയിച്ചു. ഭക്ഷ്യമന്ത്രി പറയുന്നതു പോലെ ഒരു നിര്‍ദേശവും ഒരു തലത്തില്‍ നിന്നും മുന്നോട്ടു വച്ചിട്ടില്ലെന്നാണ് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ചു കൂടുതല്‍ പരിശോധിക്കുമെന്നും ഐസക് പറഞ്ഞു. അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ എന്തു വില വ്യത്യാസം വന്നാലും ധനവകുപ്പ് നികത്താം എന്ന ഉറപ്പാണ് നല്‍കിയതെന്നു ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വിലക്കയറ്റവുമായി ബന്ധപ്പെട്ട് ധന-ഭക്ഷ്യ വകുപ്പുകള്‍ പരസ്പരം വിമര്‍ശനങ്ങളുതിര്‍ക്കുന്നത് ഇതു രണ്ടാം തവണയാണ്. വിലകളുടെ കുതിച്ചുകയറ്റത്തിനു കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നു ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നേരിട്ടു സംഭരിക്കുന്നതിനും വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുമായി ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ട 100 കോടി ധനവകുപ്പ് നിരാകരിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതിന്റെ ഫലമായാണ് ധനവകുപ്പ് 30 കോടി അടിയന്തരമായി ഭക്ഷ്യവകുപ്പിനു അനുവദിച്ചത്. ഈ തുകയില്‍ 14 കോടിയ്ക്ക് ആന്ധ്രയില്‍ നിന്നു പയര്‍, മുളക്, മല്ലി, അരി എന്നിവ സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചതായി മന്ത്രി ദിവാകരന്‍ പറഞ്ഞു. 20 കോടിയുടെ ഭക്ഷ്യസാധനങ്ങള്‍ കൂടി സംഭരിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളം നല്‍കുന്ന നികുതിയുടെ നിശ്ചിത ശതമാനം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ഇതിനായി താന്‍ദില്ലിക്കു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം 22ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. സ്പെഷ്യല്‍ ബസാര്‍ വഴി നല്‍കുന്ന സാധനങ്ങള്‍ക്കു പോരായ്മയുണ്ടെങ്കില്‍ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കുമെന്നും ദിവാകരന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X