കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മദ്യവില്പനയില്‍ റെക്കോഡ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് മദ്യപന്മാരുടെ പറുദീസയാകുന്നതായി മദ്യവില്‍പ്പനയിലെ കുതിച്ചുകയറ്റം സൂചിപ്പിയ്ക്കുന്നു. മദ്യവില്‍പ്പനനിരക്കില്‍ 20ശതമാനം വര്‍ധനവ് രേഖപ്പെടുത്തിക്കൊണ്ട് എക്കാലത്തെയും റെക്കോര്‍ഡ് വര്‍ധനയാണ് കഴിഞ്ഞ 10 മാസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്.

2006-07 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ പത്തുമാസത്തിനുള്ളില്‍ 2,556.30 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. മാര്‍ച്ച് മാസമാകുമ്പോഴേയ്ക്കും ഇത് 3000 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2005-06ല്‍ മദ്യവില്‍പ്പനയിലൂടെ മാത്രം മൊത്തം 2,635.81കോടിരൂപയാണ് സംസ്ഥാന ഖജനാവിലേയ്ക്ക് എത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനവരി വരെ 1,910.97 കോടിയാണ് ബീവറേജസ് കോര്‍പ്പറേഷനിലൂടെ സംസ്ഥാന ഖജനാവിലേയ്ക്കെത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,659.97 കോടിയായിരുന്നു- ബീവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഢി പറഞ്ഞു.

കോര്‍പ്പറേഷന് കീഴിലുള്ള 355 ചില്ലറ വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയാണ് പ്രധാനമായും വില്‍പ്പന നടക്കുന്നത്. ഓണം, ക്രിസ്മസ്, പുതുവത്സരം എന്നീ ആഘോഷവേളകളിലാണ് റക്കോര്‍ഡ് വില്‍പ്പന നടക്കുന്നത്. ഇത്തരം ആഘോഷവേളകളിലെല്ലാം മദ്യം വിളമ്പുകയെന്ന രീതി കേരളത്തിലെ എല്ലാ തട്ടിലുള്ള ജനങ്ങളും അംഗീകരിച്ചുകഴിഞ്ഞതാണ്.

കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തുന്ന മദ്യം കൂടാതെ കള്ള്, അനധികൃത മദ്യം എന്നിവയുടെ വില്‍പ്പനയും സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. 1990ലെ ആന്റണിസര്‍ക്കാര്‍ കൊണ്ടുവന്ന ചാരായ നിരോധനത്തിന് ശേഷമാണ് സംസ്ഥാനത്ത് അനധികൃത മദ്യവില്‍പ്പന ക്രമാതീതമായത്. ബീവറേജസ് പുറത്തിറക്കുന്ന ബ്രാന്റുകളുടെയെല്ലാം അനുകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കൊണ്ടുവന്ന മദ്യനയമാണ് ഇത്തരം ഒരവസ്ഥയിലേയ്ക്ക് കേരളത്തെ നയിച്ചതെന്നും പ്രമുഖ ഗാന്ധിയനായ വി. രാമദാസ് പറയുന്നു.

ഒരു സുപ്രഭാതത്തില്‍ സംസ്ഥാനത്ത് മൊത്തം മദ്യം നിരോധിയ്ക്കുക പ്രായോഗികമല്ല. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കേണ്ട ഒരു പ്രക്രിയയാണ്. സമൂഹത്തിന്റെ മാനസികവും ശാരീരികവും ധാര്‍മ്മികവുമായി ആരോഗ്യത്തെയാണ് മദ്യപാനം ബാധിയ്ക്കുക- അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണെന്ന റിപ്പോര്‍ട്ടും മദ്യവില്‍പ്പനയിലെ കേരളത്തിന്റെ ഈ കുതിച്ചുകയറ്റവും പരസ്പരം ബന്ധിപ്പിക്കാതിരിക്കാനാകില്ല. മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ ഒട്ടും കുറവല്ല.

കേരളത്തിലെ മദ്യശാലകളുടെ എണ്ണം കുറയ്ക്കണമെന്ന് നാനാഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിട്ടും ഖജനാവിലേയ്ക്കുള്ള മുതല്‍ക്കൂട്ട് കണക്കിലെടുത്ത് ഓരോ സര്‍ക്കാറും ഇതില്‍ വിമുഖത കാണിയ്ക്കുകയാണ്- അദ്ദേഹം ആരോപിച്ചു.

ഗുണനിലവാരമുള്ള മദ്യം ഉറപ്പാക്കുമെന്ന് ഓരോ സര്‍ക്കാറുകളുടെയും വാഗ്ദാനം യഥാര്‍ത്ഥത്തില്‍ അപഹാസ്യമാണ്. ഗുണനിലവാരമുള്ള മദ്യമെന്നാല്‍ വീര്യം കൂടിയ വിഷമെന്നാണ് അര്‍ത്ഥം. ഇത്തരം നയങ്ങള്‍ കൊണ്ടുവരുമ്പോള്‍ എങ്ങനെയാണ് ധാര്‍മ്മിക മൂല്യമുള്ള ഒരു ജനത സംസ്ഥാനത്തുണ്ടാകുന്നത്? രാമദാസ് ചോദിയ്ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X