കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസ് ഗ്രൂപ്പുകളെ കാത്ത് കെട്ടുവള്ളങ്ങള്‍

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: മനോഹരമായി അലങ്കരിച്ച് ശീതീകരിച്ച കെട്ടുവള്ളങ്ങളില്‍ കായല്‍ യാത്രയുടെ സൗന്ദര്യം നുകര്‍ന്ന് ബിസിനസ് ചര്‍ച്ചകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും പുതിയ അന്തരീക്ഷം കണ്ടെത്താം.

കേരളത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റ് രംഗത്തെ പ്രമുഖരെ ലക്ഷ്യംവെച്ചുകൊണ്ട് ഉള്‍നാടന്‍ ജലഗതാഗതത്തിന് പേരുകേട്ട ആലപ്പുഴയിലാണ് എയര്‍കണ്ടീഷന്‍ ചെയ്ത് ബിസിനസ് കോണ്‍ഫറന്‍സുകള്‍ വരെ നടത്താന്‍ സൗകര്യമുള്ള രീതിയില്‍ കെട്ടുവള്ളങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്.

ആലപ്പുഴയിലെ പ്രമുഖ ടൂറിസം ഗ്രൂപ്പായ പുലിക്കാട്ടില്‍ ടൂറിസം ഗ്രൂപ്പാണ് കെട്ടുവള്ളങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കിക്കൊണ്ട് ടൂറിസം രംഗത്ത് പുതിയ ചുവടുവെയ്പ് നടത്തുന്നത ് . ഇത്തരമൊരു സംവിധാനം കെട്ടുവള്ളങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണെന്ന് പുലിക്കാട്ടില്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ടോമി പുലിക്കാട്ടില്‍ അവകാശപ്പെടുന്നു.

ഗൗരവമേറിയ ബിസിനസ് ചര്‍ച്ചകള്‍ക്ക് തീര്‍ത്തും സുന്ദരവും ഉല്ലാസപ്രദവുമായ ഒരു അന്തരീക്ഷമൊരുക്കുകയെന്ന ആശയത്തില്‍ നിന്നാണ് ഇത്തരം ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിച്ചത്. മിക്കപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം നടത്തുന്ന ഇത്തരം വലിയ കോണ്‍ഫറന്‍സുകള്‍ എന്തുകൊണ്ട് വിശാലമായ സജ്ജീകരണങ്ങളുള്ള കെട്ടുവള്ളങ്ങളില്‍ നടത്തിക്കൂടാ? അദ്ദേഹം ചോദിക്കുന്നു.

ഉള്‍നാടന്‍ ജലഗതാഗത രംഗത്ത് നിരവധി പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന പുലിക്കാട്ടില്‍ ഗ്രൂപ്പിന്റെ കിരീടത്തിലെ മറ്റൊരു തൂവലാണ് ജലസാമ്രാട്ട് എന്നപേരില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി തയ്യാറാക്കിയിരിക്കുന്ന കെട്ടുവള്ളം.

കഴിഞ്ഞ 13 വര്‍ഷമായി ടോമിയും അദ്ദേഹത്തിന്റെ സ്ഥാപനവും ഹൗസ് ബോട്ട് ബിസിനസ് രംഗത്തുണ്ട്. ഒട്ടേറെ കോര്‍പ്പറേറ്റ് കമ്പനികളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ ബിസിനസ് സംബന്ധമായ ചര്‍ച്ചകളും കോണ്‍ഫറന്‍സുകളുമൊക്കെ നടത്താന്‍ ഒരു വ്യത്യസ്ത അന്തരീക്ഷം എന്നനിലയ്ക്ക് ആലപ്പുഴ തിരഞ്ഞെടുക്കുന്ന പ്രവണ കൂടിയിട്ടുണ്ടെന്ന് ടോമി.

മുമ്പ് ഇത്തരം കാര്യങ്ങള്‍ വന്‍നഗരങ്ങളിലെ വന്‍കിട ഹോട്ടലുകളില്‍മാത്രമായി ഒതുങ്ങിയിരുന്നതാണ്. മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളില്‍ നിന്നുപോലും ഈ ആവശ്യത്തിനായി ആളുകള്‍ അന്വേഷിച്ചെത്തുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ ഐസിഐസിഐ ബാങ്ക്, എസ്ബിടി, ഫെഡറല്‍ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങി നൂറോളം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ജലസാമ്രാട്ടില്‍ വെച്ച് കോണ്‍ഫറന്‍സുകള്‍ നടത്തി. ഇതില്‍ നിന്നാണ് കെട്ടുവള്ളങ്ങള്‍ പൂര്‍ണ്ണമായും ശീതീകരിച്ച് തീര്‍ത്തും ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ ബിസിനസ് വിപുലീകരിയ്ക്കുകയെന്ന ആശയം ഉണ്ടായത്- ടോമി വിശദീകരിച്ചു.

കെട്ടുവള്ളങ്ങളില്‍ വെച്ച് കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിന്റെ മറ്റൊരു വശവും ടോമി ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളിലോ മറ്റോ വെച്ച് നടത്തുമ്പോള്‍ ഇതില്‍ പങ്കെടുക്കുന്ന ഏതൊരാള്‍ക്കും പാതിവെച്ച് പരിപാടിയില്‍ നിന്ന് മാറിനില്‍ക്കാനോ പോകാനോ ഉള്ള സൗകര്യമുണ്ട്. എന്നാല്‍ ഹൗസ് ബോട്ടുകളിലാകുമ്പോള്‍ ഇത്തരം പ്രവണതകള്‍ക്ക് സാഹചര്യമില്ല. കോണ്‍ഫറന്‍സ് അവസാനിയ്ക്കുന്നതു വരെ ഓരോ അംഗങ്ങളും അതില്‍ പങ്കെടുക്കുകതന്നെ വേണം. അങ്ങനെ ഏതൊരു കോണ്‍ഫറന്‍സിനും നൂറു ശതമാനം ഹാജര്‍ ഉറപ്പാക്കുകയും ചെയ്യാം.

എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടുകളില്‍ ഒരു ദിവസത്തെ കോണ്‍ഫറന്‍സ് നടത്താന്‍ 60,000 രൂപയാണ് ചെലവ്. മൂന്ന് സ്യൂട്ട് റൂമുകളുടെ വാടകയും ഭക്ഷണവും ഉള്‍പ്പെടെയാണ് ഈ തുക. ബിസിനസ് ഗ്രൂപ്പുകളെ കൂടാതെ വ്യക്തികള്‍ക്കും ഈ ബോട്ടുകള്‍ ഉപയോഗിയ്ക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഭക്ഷണമുള്‍പ്പെടെ ഒരു രാത്രിയ്ക്കും ഒരു പകലിനുമായി 25,000നും 30,000നും ഇടയില്‍ ചെലവ് വരും. ഒരാള്‍ 650 രൂപ മുടക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ആലപ്പുഴയുടെ പേരുകേട്ട ഭക്ഷണമായ കപ്പയും മീന്‍ കറിയും ഉള്‍പ്പെടെ വിവിധതരം വിഭവങ്ങള്‍ ആസ്വദിയ്ക്കുകയുമാവാം.

പൂര്‍ണ്ണമായും എയര്‍കണ്ടിഷന്‍ ചെയ്ത ബോട്ടില്‍ മുകള്‍തട്ടില്‍ 150 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധം മനോഹരമായ കോണ്‍ഫറന്‍സ് ഹാളാണ് ഒരുക്കിയിട്ടുള്ളത്. ഓഡിയോ-വിഷ്വല്‍ സംവിധാനം, ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി, വീഡിയോ കോണ്‍ഫറന്‍സ്, ഇന്റര്‍കോം, ഇന്റര്‍നെറ്റ് കണക്ഷന്‍, വെളിച്ച സംവിധാനം എന്നിവയുള്‍പ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഇതിനകത്തുണ്ട്.

കേരളത്തിന്റെ തനത് ഭക്ഷണരീതിയുള്‍പ്പെടെ മറ്റെല്ലാ തരം ഭക്ഷണങ്ങളും ലഭ്യവുമാണ്. ഇതിനൊപ്പം മദ്യംവിളമ്പേണ്ടുന്ന അവസരങ്ങളാണെങ്കില്‍ അതിനും സൗകര്യമുണ്ട്. ആവശ്യമെങ്കില്‍ ലൈഫ് ഗാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാണ്- ടോമി വിശദീകരിച്ചു.

35 ലക്ഷം രൂപ ചെലവില്‍ 40 ജോലിയ്ക്കാരുടെ ശ്രമഫലമായാണ് 100 അടി നീളവും 16അടി വീതിയുമുള്ള ഈ കെട്ടുവള്ളം യാഥാര്‍ത്ഥ്യമായത്. 20 കിലോവാട്ട് ശേഷിയുള്ള ജനറേറ്ററാണ് ഇതില്‍സ്ഥാപിച്ചിരിക്കുന്നത്. ഹൗസ് ബോട്ടുകള്‍ വഴി കായല്‍ ജലം മലിനമാകുന്നത് തടയാന്‍ സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറിയുെട സര്‍ട്ടിഫിക്കറ്റുള്ള ബയോ-സെപ്റ്റിക് ടാങ്കുകളാണ് ഇതില്‍ സ്ഥാപിച്ചിരിയ്ക്കുന്നത്- - അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X