കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകായുക്തയ്ക്കെതിരെ കെ.കെ.രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോകായുക്തയ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിക്കൊണ്ട് മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ ഫയല്‍ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.

അന്തസും സാമാന്യ ബുദ്ധിയുമുള്ള ആരും നടത്തുന്നതല്ല ഇത്തരം ആരോപണങ്ങളെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യവകുപ്പില്‍ നടന്ന ക്രമക്കേടുകളില്‍ രാമചന്ദ്രന്‍ കുറ്റക്കാരനാണെന്ന് ഇദ്ദേഹത്തിനെതിരായ പരാതിയില്‍ ലോകായുക്ത പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു. അതേത്തുടര്‍ന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരുകയും പിന്നീട് ഈ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.

അഖില കേരള സര്‍ക്കാര്‍ ആയുര്‍വേദ കോളജ് അധ്യാപക സംഘടനയിലെ ഡോ.കെ. ജ്യോതിലാലാണ് രാമചന്ദ്രനെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ജ്യോതിലാലിന് ലോകായുക്തയില്‍ പരാതി നല്‍കാന്‍ നിയമം അനുവദിയ്ക്കുന്നില്ലെന്ന് കാണിച്ച് രാമചന്ദ്രന്‍ ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതി ലോകായുക്ത പരിഗണിച്ചില്ലെന്ന് കാണിച്ച് രാമചന്ദ്രന്‍ സമര്‍പ്പിച്ച ഉപഹര്‍ജിയാണ് വ്യാഴാഴ്ച ഹൈക്കോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയത്.

വ്യക്തിപരമായി താല്പര്യമുള്ള കേസുകളില്‍ മാത്രമേ മുന്‍കൂര്‍ അനുമതി കൂടാതെ കേസ് നടത്താനാവൂ. ഒരു പൊതുപ്രശ്നത്തില്‍ സര്‍ക്കാറിന്റെയോ വകുപ്പുമേധാവിയുടേയോ മുന്‍കൂര്‍ അനുമതിയില്ലാതെ ലോകായുക്തയെ ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തു. എന്നാല്‍ ലോകായുക്തയില്‍ പരാതി നല്‍കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ലോകായുക്ത ദുരദ്ദേശപരമായും ശത്രുതയോടെയും പെരുമാറിയെന്നും ചില നിക്ഷിപ്ത താല്പര്യക്കാരുടെ കയ്യിലെ ആയുധമോ ഉപകരണമോ ആയി മാറിയെന്നും ഉള്ള ഹര്‍ജിയിലെ പരാമര്‍ശത്തെയാണ് കോടതി വിമര്‍ശിച്ചത്.

ലോകായുക്തപോലുള്ള ഉന്നത പദവിയിലുള്ളവര്‍ക്കെതിരെയും അവര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്കെതിരെയും പരാതിയോ അപ്പീലോ നല്‍കുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ശ്രദ്ധയും കരുതലും ആവശ്യമാണ്. ലോകായുക്ത അംഗങ്ങളെ മനപ്പൂര്‍വ്വം അധിക്ഷേപിയ്ക്കുന്നവര്‍ക്ക് ഒരു കൊല്ലം വരെ തടവും പിഴയും ശിക്ഷ ലഭിയ്ക്കുമെന്ന് ലോകായുക്ത നിയമത്തിന്റെ 18-ാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോടതിയില്‍ സമര്‍പ്പിയ്ക്കുന്ന ഹര്‍ജികളുടെ നിലവാരം ഉറപ്പുവരുത്തുക അഭിഭാഷകരുടെ കടമയാണ്. കക്ഷികള്‍ക്ക് ഇതിനെക്കുറിച്ചറിയില്ലെങ്കില്‍ അഭിഭാഷകരാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X