കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുളള അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തിങ്കളാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.

നിത്യോപയോഗ സാധനങ്ങളുടെ വില സംസ്ഥാനത്ത് രൂക്ഷമായിരിക്കുകയാണെന്ന് ആര്യാടന്‍ ആരോപിച്ചു. എന്നാല്‍ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഇല്ലെന്ന് ഭക്ഷ്യ മന്ത്രി സി.ദിവാകരന്‍ മറുപടി പറഞ്ഞു. അന്യ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ബോധ്യമാകും. വില നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇത് എല്ലാ സംസ്ഥാനങ്ങളിലും വിലക്കയറ്റം ഉണ്ട് എന്നതിന്റെ തെളിവാണ്.

രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റം രൂക്ഷമാണ്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും കച്ചവടക്കാരും വിലക്കയറ്റം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കച്ചവടക്കാര്‍ തയാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഫലം സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി വില വര്‍ദ്ധനയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇടത്തട്ടുകാരെ ഒഴിവാക്കി സാധനങ്ങള്‍ നേരിട്ട് എത്തിച്ചതും സംസ്ഥാനത്ത് വിലക്കയറ്റം കുറയാന്‍ കാരണമായി. നാണ്യ പെരുപ്പം വര്‍ദ്ധിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണം. വിലക്കുറവിന്റെ കാര്യത്തില്‍ കേരളം ഏഴാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ കമ്പനികളായ റിലയന്‍സും മറ്റും ചെറുകിട വിപണിയിലേക്ക് കടന്ന് വരുന്നത് വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള കടന്ന് വരവ് നിയന്ത്രിക്കണമെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അനുകൂല നിലപാട് ഇതുവരെ കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്നും സി.ദിവാകരന്‍ നിയമസഭയെ അറിയിച്ചു.

കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ, ഗോതമ്പ്, പാചകവാതകം എന്നിവ പുനസ്ഥാപിക്കണമെന്ന ആവശ്യത്തോടും കേന്ദ്രം ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനകളെല്ലാം തെറ്റാണെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പല സാധനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കസ്റംസ്, എക്സൈസ് നികുതി കുറച്ച് സാധനങ്ങളുടെ വില കുറയ്ക്കാന്‍ ധനമന്ത്രി തയാറാവണമെന്നും ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി സി. ദിവാകരന്‍ അറിയിച്ചു. കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളില്‍ അടുത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ വിലക്കയറ്റം പ്രധാന വിഷയമായിരുന്നു.

ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയും ചെയ്തു. രാഷ്ട്രീയ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയില്‍ ഒരു കിലോ മുളകിന് 100 രൂപയാണ് വിലയെങ്കില്‍ തിരുവനന്തപുരത്ത് 67 രൂപ മുതല്‍ 70 രൂപ വരെയാണ് വില.

കഴിഞ്ഞ നാലു മാസമായി ഒരു കിലോ മുളകിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 50 രൂപയാണ് വാങ്ങുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം ആരോപണങ്ങളെല്ലാം വില കുറഞ്ഞ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X