മദ്യപന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ദില്ലി : ഇറക്കുമതി ചെയ്യുന്ന വിദേശമദ്യത്തിന്മേലുളള അധിക കസ്റംസ് നികുതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന് ഗണ്യമായ നിരക്കില്‍ വിലകുറയും.
ഇതിനു വേണ്ടിയുളള ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉയര്‍ന്ന കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് വിലകുറയ്ക്കുന്നത്. ഇന്ത്യയില്‍ നികുതി നിരക്ക് ഉയര്‍ന്നതാണെന്ന് ഇരുവരും ലോക വ്യാപാര സംഘടനയില്‍ പരാതിപ്പെട്ടിരുന്നു.
അടിസ്ഥാന നികുതിയില്‍ വ്യത്യാസം വരുത്താതെ അധിക കസ്റംസ് നികുതി എടുത്തു കളയുന്ന ബില്ലാവും പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. നിലവില്‍ 100 മുതല്‍ 150 ശതമാനം വരെ അടിസ്ഥാന നികുതിയും 25 മുതല്‍ 150 ശതമാനം വരെ അധിക കസ്റംസ് നികുതിയുമാണ് വിദേശ വൈനുകള്‍ക്കും സ്പിരിട്ടുകള്‍ക്കും മേല്‍ ചുമത്തുന്നത്.
ഇതോടെ ആകെ നികുതി 250 മുതല്‍ 550 ശതമാനം വരെ ഉയരുന്നു. ഇതിനെതിരെയാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ലോക വ്യാപാര സംഘടനയില്‍ പരാതിപ്പെട്ടത്.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ചുമത്തുന്ന 60 ശതമാനം എക്സൈസ് നികുതിയെക്കാള്‍ വളരെ ഉയര്‍ന്നതാണ് അധിക കസ്റംസ് നികുതി. അതിനാല്‍ ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന്റെ വില വന്‍തോതില്‍ കുറയും.
ആര് പ്രക്ഷോഭം നടത്തിയാലും എത്ര വില ഉയര്‍ന്നാലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാറില്ല. അമേരിക്കയും യൂറോപ്യന്‍ യൂണിയനും നല്‍കിയ പരാതിയിന്മേല്‍ മദ്യവില കുറയ്ക്കുന്നതിന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്ന നടപടിയോട് ഇടതുപക്ഷം എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് നിരീക്ഷകര്‍.












Click it and Unblock the Notifications