കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് പോരില്‍ പത്രങ്ങള്‍ പക്ഷം ചേരുമ്പോള്‍. . .

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മാധ്യമങ്ങളും മാര്‍ക്സിസ്റു പാര്‍ട്ടിയുമായുളള ബന്ധം ഒരുകാലത്തും മികച്ചതായിരുന്നില്ല. പത്രപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്താനാണ് കമ്മ്യൂണിസ്റുകാര്‍ക്ക് പൊതുവെ താല്‍പര്യം. എതിര്‍പ്പിനെയും വിമര്‍ശനങ്ങളെയും പാകതയോടെ കാണാന്‍ അവര്‍ക്കാവുന്നില്ല എന്ന വിമര്‍ശനത്തിനും കാലപ്പഴക്കമുണ്ട്.

മാധ്യമങ്ങളും സിപിഎമ്മുമായി ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പോരിനെ ഈ പശ്ചാത്തലത്തില്‍ മാത്രം വീക്ഷിച്ചാല്‍ ശരിയുത്തരം മുഴുവന്‍ കിട്ടിയെന്നു വരില്ല. അതിന് മറ്റൊരു മാനം കൂടിയുണ്ട്.

സിപിഎമ്മിലെ ഗ്രൂപ്പ് പോരില്‍ പത്രങ്ങള്‍ പക്ഷം ചേര്‍ന്നതിന്റെ അനിവാര്യമായ ഫലങ്ങളാണ് നാം ഇപ്പോള്‍ കാണുന്നത്. വിഎസ് പക്ഷത്ത് മാതൃഭൂമിയും മാധ്യമവും കേരള കൗമുദിയും നില്‍ക്കുമ്പോള്‍ ദീപിക പിണറായി വിഭാഗത്തിലാണ്.

പിണറായി ദീപികയെ എന്തു കൊണ്ട് വിമര്‍ശിക്കുന്നില്ല എന്ന് ചോദിക്കുന്നത് മാതൃഭൂമിയും മാധ്യമവുമാണ് . പാര്‍ട്ടിയെ മാതൃഭൂമിയും കേരള കൗമുദിയും മാധ്യമവും തെരുവില്‍ അലക്കുമ്പോള്‍ വിഎസ് എന്തുകൊണ്ട് ശബ്ദിക്കുന്നില്ല എന്ന് ചോദിക്കുന്നത് ദീപികയും.

മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചുളള പിണറായിയുടെ വിമര്‍ശനത്തെ കണക്കിന് പരിഹസിക്കുന്ന ഒരു ലേഖനമുണ്ട് മാര്‍ച്ച് 29 വ്യാഴാഴ്ചയിറങ്ങിയ മാതൃഭൂമിയില്‍. പി എ വാര്യര്‍ എഴുതിയ ആ ലേഖനത്തിലെ ഒരു ഭാഗം ദീപികയ്ക്കും അതിന്റെ പുതിയ ഡയറക്ടര്‍ക്കും എതിരെയുളള കുത്താണ്.

തൊട്ടു പിന്നാലെയാണ് പത്രസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന്‍ ദീപികയ്ക്കെതിരെ രംഗത്തെത്തിയത്. യാദൃശ്ചികമാണോ ഇത്?

മാതൃഭൂമി പത്രാധിപര്‍ കെ ഗോപാലകൃഷ്ണനാണ് പി എ വാര്യര്‍ എന്ന പേരില്‍ ലേഖനമെഴുതുന്നത് എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി പിറ്റേന്ന് ദേശാഭിമാനിയും രംഗത്തു വന്നതോടെ യുദ്ധം കൊഴുത്തു.

ഇതിനു മുമ്പൊന്നും ഒരു പാര്‍ട്ടിയുടെയും ഗ്രൂപ്പ് പോരില്‍ പത്രങ്ങള്‍ പക്ഷം പിടിച്ച് പരസ്പരം യുദ്ധം ചെയ്തിട്ടില്ല. ആര് എവിടെയാണ് നില്‍ക്കുന്നത് എന്ന് പത്രത്തില്‍ അച്ചടിക്കുന്ന വാര്‍ത്തയും അതിനു നല്‍കുന്ന തലക്കെട്ടുകളും തന്നെ സാക്ഷി.

രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പടലപ്പിണക്കങ്ങളും തര്‍ക്കവും അഭിപ്രായ വ്യത്യാസങ്ങളും അധികാരവടംവലിയും എന്നും മാധ്യമങ്ങളുടെ ഇഷ്ടവിഷയമായിരുന്നു. ഇത്തരം രാഷ്ട്രീയ ഗോസിപ്പുകളില്‍ വര്‍ഷങ്ങളുടെ മാധ്യമ പാരമ്പര്യമുളള പത്രപ്രവര്‍ത്തകര്‍ ഒരു പരിധിക്കപ്പുറം ഇടപെടുന്നതിന്റെ ദുരന്തഫലമാണ് കേരളം അനുഭവിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഇതാണ് നടക്കുന്നത്. പിണറായി പക്ഷത്തിനെതിരെ വി എസ് സംഘം മാതൃഭൂമിയെയും മാധ്യമത്തെയും കേരള കൗമുദിയെയും കരുവാക്കുമ്പോള്‍ പ്രത്യാക്രമണത്തിന് പിണറായി ദീപികയെ പക്ഷം ചേര്‍ക്കുന്നു.

വിമര്‍ശനങ്ങളില്‍ മാര്‍ക്സിസ്റു പാര്‍ട്ടിക്ക് നിലതെറ്റുന്നതു പോലെ പത്രങ്ങളും നിലതെറ്റിയ അവസ്ഥയിലാണ്. പരസ്പരം ജയിക്കാന്‍ അവര്‍ക്കൊപ്പം പാര്‍ട്ടിയിലെ പ്രമുഖരും ഉണ്ട്. പാര്‍ട്ടി പോരില്‍ പക്ഷം ചേരുന്ന പത്രപ്രവര്‍ത്തകരുടെ വ്യക്തിജീവിതത്തിനു നേരെ വിമര്‍ശനച്ചെളി തെറിച്ചു കഴിഞ്ഞു. ഒട്ടും ആശാസ്യമല്ലാത്ത മാനങ്ങളിലേയ്ക്കാണ് ഒഴിവാക്കപ്പെടേണ്ട ഈ തര്‍ക്കം പോകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X