കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുഴലിക്കാറ്റിലും വേനല്‍മഴയിലും വീടുകള്‍ തകര്‍ന്നു

  • By Staff
Google Oneindia Malayalam News

തുമ്പ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചുഴലിക്കാറ്റിലും, വേനല്‍മഴയിലും ചെറിയതോതില്‍ നാശനഷ്ടമുണ്ടായി. ചുഴലിക്കാറ്റില്‍ തിരുവനന്തപുരത്തെ രണ്ടു വീടുകള്‍ തകര്‍ന്നു.

100 മീറ്ററോളം ചുറ്റളവില്‍ പത്തു മിനിറ്റോളം കാറ്റ് വീശിയടിച്ചു.ആളപായമുളളതായി റിപ്പോര്‍ട്ടില്ല.

കഴിഞ്ഞദിവസം പെയ്ത വേനല്‍മഴയില്‍ കണിയാപുരം, പളളിപ്പുറം മേഖലയില്‍ 20 ഓളം വീടുകള്‍ തകര്‍ന്നു.

30 ഓളം കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന അംഗന്‍വാടി കെട്ടിടത്തിലേക്ക് വന്‍മരം ഒടിഞ്ഞുവീണു. കണിയാപുരത്ത് റോഡിന് കുറുകെ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

നാഷണല്‍ ഹൈവേയില്‍ പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ഇതുമൂലം പലസ്ഥലങ്ങളിലും വൈദ്യുതിബന്ധം നിലച്ചു. പൊളളുന്ന ചൂടിന് ശമനമേകി തെക്കന്‍ കേരളത്തില്‍ ശനിയാഴ്ചയാണ് വേനല്‍ മഴയെത്തിയത്.

ഇതോടെ തിരുവനന്തപുരം നഗരത്തിലെ താപനില 38 ഡിഗ്രിയില്‍ നിന്നു 33 ഡിഗ്രിയായി കുറഞ്ഞിരുന്നു. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 73% കുറവാണ് വേനല്‍മഴയില്‍ ഉണ്ടായിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഈര്‍പ്പം നിറഞ്ഞ കാറ്റ് തെക്കന്‍ കേരളത്തിനും തമിഴ്നാടിനും മീതേ ശക്തമായി വീശുന്നതാണ് മഴയ്ക്കു അനുകൂലമായ സാഹചര്യമൊരുക്കിയതെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി കെ സന്തോഷ് പറഞ്ഞു.

കന്യാകുമാരിമുതല്‍ കര്‍ണാടക തീരം വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നു പ്രവഹിച്ചുകൊണ്ടിരിക്കുന്ന വരണ്ട വടക്കന്‍കാറ്റ് നിലയ്ക്കുകയും കൂടി ചെയ്തതോടെയാണ് ചുട്ടുപൊളളിയ അന്തരീക്ഷം മഴയുടെ തണുപ്പിന് വഴിമാറിയത്.

അതേസമയം, കേരളത്തില്‍ ചൂട് അത്യുഷ്ണാവസ്ഥയിലേക്ക് നീങ്ങുകയാണ്. മാര്‍ച്ച് മാസം കേരളം ചുട്ടുപൊളളിയതിനു കാരണം മഴലഭ്യതയിലുണ്ടായ ക്രമാതീതമായ കുറവാണെന്ന് കാലാവസ്ഥാ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ചില്‍ നാല് സെമീ മഴ ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് ഒരു സെമീറ്ററിനും താഴെയായിരുന്നു കേരളത്തില്‍ മാര്‍ച്ച് മാസം ലഭിച്ച മഴ. 79% കുറവ്. തിങ്കളാഴ്ച തൊടുപുഴയില്‍ എട്ട് സെമീ അതിശക്തമായ മഴ രേഖപ്പെടുത്തി.

ചൊവാഴ്ചത്തെ മഴയും തെക്കന്‍ജില്ലകളില്‍ വ്യാപകമായിരുന്നു. കുട്ടനാട്ടില്‍ ഇനിയും കൊയ്തു തീരാത്ത പാടങ്ങളില്‍ മാത്രമാണ് വേനല്‍മഴ വിനയായത്. ഹൈറേഞ്ചില്‍ കരിഞ്ഞുതുടങ്ങിയ തേയിലയ്ക്കും ഏലത്തിനും മഴ അനുഗ്രഹമായി.

ചേന, ചേമ്പ്, കാച്ചില്‍, കപ്പ, വാഴ തുടങ്ങിയ നാട്ടുവിളകള്‍ ഇറക്കാനും മഴ സഹായകമായി. പകല്‍ കടുത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ വേനല്‍മഴയുണ്ടാകുമ്പോള്‍ മിന്നലിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X