കലഹന്ദി, ഒറീസയിലെ നന്ദിഗ്രാം
കലഹന്ദി (ഒറീസ) : കുടിയിറക്കപ്പെടുന്നവരുടെ വേദന എവിടെയും ഒന്നു തന്നെയാണ്. അതിന് നന്ദിഗ്രാമെന്നോ മുത്തങ്ങയെന്നോ വ്യത്യാസമില്ല. വന്‍കിട പദ്ധതികള്‍ക്കു വേണ്ടി ബലി കൊടുക്കപ്പെടേണ്ടവരാണ് പാവപ്പെട്ടവന്‍ എന്ന നവലോക വികസന മന്ത്രത്തിന്റെ പുതിയ ഇരകള്‍ ഒറീസയിലെ കലഹന്ദി ജില്ലയിലെ ഗ്രാമീണരാണ്.
വനത്തിനുളളില്‍ ഫാക്ടറി നിര്‍മ്മിച്ച് ഖനനം നടത്താനുളള വേദാന്ത അലൂമിന കമ്പനിയുടെ നീക്കങ്ങള്‍ക്കെതിരെയാണ് ആദിവാസികളായ ഗ്രാമീണരുടെ സമരം. പ്രത്യേകിച്ച് എടുത്തു പറയാതെ തന്നെ ഊഹിക്കാം, ഇവിടെയും പൊലീസ് കമ്പനിയ്ക്കൊപ്പമാണ്.
സംരക്ഷിത വനമേഖലയില്‍ അലൂമിന റിഫൈനറി നിര്‍മ്മിക്കുന്നതിന് കമ്പനിയ്ക്ക് സുപ്രിം കോടതിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ അനുമതിക്ക് കാത്തു നില്‍ക്കാതെ ഫാക്ടറി സ്ഥാപിക്കാന്‍ കമ്പനി മുതിര്‍ന്നപ്പോഴാണ് നാട്ടുകാര്‍ എതിര്‍പ്പുമായി എത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ വന സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. കാട്ടില്‍ നിന്ന് ചുളളിയൊടിക്കുന്ന ആദിവാസികളെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലിടുന്ന സര്‍ക്കാര്‍ സംവിധാനം കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ മടിക്കുന്നില്ല.
ഫാക്ടറിയ്ക്കു വേണ്ടി കുടിയൊഴിഞ്ഞ് പോകാന്‍ തദ്ദേശ വാസികള്‍ ഒരുക്കമല്ല. എന്നാല്‍ പൊലീസിനെ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തി പ്രതിഷേധം ഒതുക്കാന്‍ കമ്പനിയും സര്‍ക്കാരും ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഫാക്ടറി പടിക്കല്‍ ഉപരോധമനുഷ്ഠിച്ചവരെ അറസ്റു ചെയ്ത പൊലീസ് 32 പേരെ ലോക്കപ്പിലിട്ട് ഭീകരമായി തല്ലിച്ചതച്ചു.
ഇന്നുവരെ ആരും കേട്ടിട്ടില്ലാത്ത ശിക്ഷയാണ് ഇവര്‍ക്ക് പൊലീസ് നല്‍കിയത്. ഏഴു ദിവസം ലോക്കപ്പിലിട്ട് തല്ലിച്ചതച്ച ശേഷം അവരെ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ കൊണ്ടു വിട്ടു.
സമരം ചെയ്ത് ആത്മാവ് ദുഷിച്ചതിനാല്‍ പുരിയിലെ അമ്പലത്തില്‍ പ്രാര്‍ത്ഥിച്ച് പരിഹാരം കാണാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
പുരിയില്‍ നിന്നും തിരിച്ചെത്തിയ ഗ്രാമീണര്‍ കണ്ടത് കമ്പനിയ്ക്കു ചുറ്റും ഉയര്‍ന്ന കനത്ത മതിലാണ്. ഗ്രാമവാസികളുടെ സ്ഥലം അതിക്രമിച്ച് കയ്യടക്കിയാണ് കമ്പനി മതില്‍ കെട്ടിയുയര്‍ത്തിയത്.
ഇത് നിഷേധിക്കുന്ന പൊലീസ് പറയുന്നതും അമ്പരപ്പിക്കുന്ന ന്യായമാണ്. പുരിയിലെ അമ്പലം സന്ദര്‍ശിക്കാന്‍ പോയ ഗ്രാമീണര്‍ക്ക് വാഹനം ഏര്‍പ്പെടുത്തിക്കൊടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് സബ് ഇന്‍സ്പെക്ടര്‍ വി എസ് റാവു പറയുന്നു.
അമ്പലവും കടല്‍ത്തീരവും ചുറ്റിയടിക്കാന്‍ ആദിവാസികള്‍ക്ക് വാഹന സൗകര്യമേര്‍പ്പെടുത്തുന്ന പൊലീസിനെ വേറെവിടെ കാണും, ഒറീസയിലല്ലാതെ. നന്ദിഗ്രാമിലെ പൊലീസിന് വെടിവെയ്ക്കാനുളള ബുദ്ധിയേ ഉളളൂ.












Click it and Unblock the Notifications