കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റിയും ഉമ്മന്‍ചാണ്ടിയും ചാനലും

  • By Staff
Google Oneindia Malayalam News

സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാകുന്പോള്‍ കേരളം അന്തം വിടുന്നത് പഴയ കരാറിന്‍റെ രാജ്യദ്രോഹ വ്യാപ്തിയെക്കുറിച്ചോര്‍ത്താണ്. ടീകോമിനെ ക്ഷണിച്ച് കേരളത്തിലേയ്ക്ക് കൊണ്ടുവരുന്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സ്വപ്നങ്ങള്‍ എന്തായിരുന്നു? ആലോചിക്കാന്‍ രസമുളള വിഷയമാണിത്.

പഴയ കരാറിന്‍റെ വ്യവസ്ഥകളും അത് പൊളിച്ചടുക്കി ഉണ്ടാക്കിയ പുതിയ കരാറും വിശദമായി മാധ്യമങ്ങള്‍ എഴുതിയിട്ടുണ്ട്. ചാനലുകളില്‍ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അറിഞ്ഞടത്തോളം പഴയ കരാര്‍ കേരളത്തിനേല്‍പ്പിക്കുമായിരുന്നത് ക്രൂരമായ പരിക്കുകളാണ്. സംസ്ഥാനത്തിന് ഏറെ ദോഷകരമാകുമായിരുന്ന കരാറില്‍ ഒരു മാറ്റവും വരുത്താനാവില്ലെന്ന് അന്ന് എന്തിനാണ് ഉമ്മന്‍ചാണ്ടി വാശിപിടിച്ചത്?

കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിലവസരങ്ങളെക്കുറിച്ചോ സംസ്ഥാനത്തിന്‍റെ പൊതുവികസനത്തെക്കുറിച്ചോ ശാസ്ത്രീയമായ ധാരണകളും സത്യസന്ധമായ ഉല്‍ക്കണ്ഠയോ എല്‍ഡിഎഫിനോ യുഡിഎഫിനോ ഉണ്ടെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും.

ഏതു പദ്ധതിയിലും രാഷ്ട്രീയ ലക്ഷ്യവും പാര്‍ട്ടി താല്‍പര്യങ്ങളും ഉണ്ടാവുക സാധാരണമാണ്. തങ്ങളുടെ താല്‍പര്യങ്ങളാണ് യഥാര്‍ത്ഥ ജനതാല്‍പര്യമെന്ന് ഇരുകൂട്ടരും വാദിക്കുകയും തര്‍ക്കിക്കുകയുമൊക്കെ ചെയ്യും. ഇരു പക്ഷത്തെയും കടുത്ത അനുയായികള്‍ക്കല്ലാതെ ഈ തര്‍ക്കത്തില്‍ വലിയ താല്‍പര്യം മറ്റുളളവര്‍ക്ക് ഉണ്ടാകാറുമില്ല.

അതുകൊണ്ടു തന്നെ ഉമ്മന്‍ചാണ്ടി പുതിയ കരാറിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാവുക സ്വാഭാവികം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ നടക്കുകയാണ് അദ്ദേഹം. രമേശ് ചെന്നിത്തലയാകട്ടെ, അന്തിമകരാര്‍ ഒപ്പിട്ടാലേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലുമാണ്.

വല്ലാത്ത കുടുക്കിലും ഇച്ഛാഭംഗത്തിലുമാണ് യുഡിഎഫ്. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച നടന്ന കെപിസിസി യോഗത്തിലെ ചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ടാവുന്നത്. സ്മാര്‍ട്ട് സിറ്റിയ്ക്കൊപ്പം ഈ യോഗത്തില്‍ ഉയര്‍ന്നു വന്ന പ്രധാന വിഷയം കെപിസിസി ആരംഭിക്കാന്‍ പോകുന്ന ചാനലിനെക്കുറിച്ചായിരുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് കോണ്‍ഗ്രസ് ഒരു ചാനല്‍ ആരംഭിക്കാന്‍ പോകുന്നത് എന്ന വാര്‍ത്ത വന്നത്. ചാനല്‍ ഇതാ വരുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടും കാലം കുറെയായി. എന്നാല്‍ അത് കാണാനുളള ഭാഗ്യം നമുക്കുണ്ടായിട്ടില്ല.

കോണ്‍ഗ്രസിനോട് ആഭിമുഖ്യമുളള വിദേശ മലയാളികളുടെ സംരംഭമാണ് ജയ് ഹിന്ദ് ചാനലെന്നും അതില്‍ കോണ്‍ഗ്രസിന് അന്പത്തൊന്നു ശതമാനം ഓഹരിയുണ്ടാവുമെന്നുമാണ് കെപിസിസി യോഗത്തില്‍ വിശദീകരിക്കപ്പെട്ടത്. ഈ അന്പത്തൊന്നു ശതമാനത്തെ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധിപ്പിച്ചാല്‍ പഴയ കരാറിന്‍റെ കുരുക്കള്‍ താനെ അഴിഞ്ഞു വരും.

ഏതാണ്ട് നൂറു കോടി രൂപയോളമാകും ഒരു ടെലിവിഷന്‍ ചാനലിന്‍റെ പ്രവര്‍ത്തന മൂലധനം എന്നു കരുതുക. അങ്ങനെയെങ്കില്‍ അന്പത്തൊന്നു കോടി രൂപ കോണ്‍ഗ്രസ് കൊടുക്കണം. ബാക്കി നാല്‍പ്പത്തൊന്പത് കോടിയാണ് വിദേശ മലയാളികള്‍ മുടക്കുന്നത്.

സിപിഎം ചാനല്‍ ആരംഭിച്ച കാലം ഓര്‍മ്മയുളളവര്‍ക്ക് അന്നത്തെ സാന്പത്തിക ശേഖരണവും ഓര്‍മ്മയുണ്ടാവും. മണിച്ചനും ഖൈറുന്നീസയും മുതല്‍ എന്‍ജിഒ യൂണിയന്‍, കെഎസ് ടിഎക്കാരും വരെ മുതല്‍മുടക്കിയാണ് കൈരളി യാഥാര്‍ത്ഥ്യമായത്. പുറത്തറിഞ്ഞതും അറിയാത്തതുമായി വന്പന്‍ വ്യവസായികളും കൈമെയ് മറന്ന് കൈരളിയെ സഹായിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ ഉറ്റമിത്രമായിരുന്ന പി വി അബ്ദുല്‍ വഹാബു വരെ ഓഹരിയുടമയും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി. സിപിഎമ്മിന്‍റെ ബ്രാഞ്ചു കമ്മിറ്റികള്‍ക്ക് ക്വാട്ട നല്‍കി ചിട്ടയായ പിരിവും ഒപ്പം ഭരണസ്വാധീനത്തിന്‍റെ ബുദ്ധിപരമായ ഉപയോഗവും കൂടിയായപ്പോള്‍ കൈരളി പിറന്നു

അത്തരമൊരു പ്രാഥമിക പ്രവര്‍ത്തനം കോണ്‍ഗ്രസ് ചാനലിന്‍റെ കാര്യത്തില്‍ കാണാനാവുമോ? വാര്‍ഡുകമ്മിറ്റികള്‍ക്കോ മണ്ഡലം കമ്മിറ്റികള്‍ക്കോ കോണ്‍ഗ്രസിന്‍റെ ചാനലില്‍ ഏതെങ്കിലും പങ്കാളിത്തമുണ്ടോ? എന്‍ജിഒ അസോസിയേഷന്‍കാരോ ജിഎസ് ടിയുക്കാരോ ചാനലിന് വേണ്ടി പിരിവ് നടത്തിയിട്ടുണ്ടോ?

പിന്നെ എവിടെ നിന്നാണ് ജയ് ഹിന്ദ് ചാനലിന്‍റെ അന്പത്തൊന്നു ശതമാനം ഓഹരിയുടെ മൂലധനം കോണ്‍ഗ്രസ് സമാഹരിക്കുന്നത്? കോണ്‍ഗ്രസ് ചാനല്‍ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചാല്‍ റിസര്‍വ് ബാങ്കില്‍ നിന്നും പണമൊന്നും കെപിസിസി ആസ്ഥാനത്തേയ്ക്ക് ഒഴുകില്ലല്ലോ.

അവിടെയാണ് സ്മാര്‍ട്ട് സിറ്റിയുടെ പഴയകരാറിന് പ്രസക്തിയുണ്ടാവുക. 35 കോടിയുടെ ഇന്‍ഫോ പാര്‍ക്ക് വെറുതേ കൊടുക്കാമെന്ന് പറഞ്ഞതും 236 ഏക്കര്‍ സ്ഥലം വെറും 26 കോടി രൂപയ്ക്ക് കൈമാറാമെന്ന് സമ്മതിച്ചതും എറണാകുളം ജില്ലയില്‍ വേറൊരു ഐടി സ്ഥാപനം വരാതെ കാവല്‍ നില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചതുമൊക്കെ എന്തിന് എന്ന ചോദ്യത്തിന്‍റെ ഉത്തരം ജയ് ഹിന്ദ് എന്ന ചാനലിന്‍റെ രൂപത്തിലാണ് പുറത്തുവരുന്നത്.

ചാനല്‍ തുടങ്ങുക എന്ന ലക്ഷ്യത്തില്‍ തിരഞ്ഞെടുപ്പുവിജയം എന്ന മോഹം ആധിപത്യം സ്ഥാപിച്ചതിനാലാണ് തിരഞ്ഞെടുപ്പിന് ശേഷം കരാര്‍ ഒപ്പിടാമെന്ന തെരഞ്ഞെടുപ്പ് സ്റ്റണ്ട് ഉമ്മന്‍ചാണ്ടി പ്രയോഗിച്ചത്. അതായത് തെരഞ്ഞെടുപ്പിന് മുന്പ് കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ പഴയ നിലയില്‍ സ്മാര്‍ട്ട് സിറ്റി വന്നേനെ.

കമ്മിഷന്‍ കോടികള്‍ കൊണ്ട് ജയ് ഹിന്ദ് എന്നേ തുടങ്ങാമായിരുന്നു. ചാനല്‍ കണ്‍സള്‍ട്ടന്‍റായി കെപിസിസി നിയമിച്ച എംഎം ഹസന്‍ മറ്റു ചാനലുകളിലിരുന്ന് ന്യായം പറയേണ്ട ഗതികേടും ഒഴിവാക്കാമായിരുന്നു.

കൊച്ചിയില്‍ 236 ഏക്കര്‍ സ്ഥലത്തിന് 26 കോടി രൂപ ഉമ്മന്‍ചാണ്ടി വിലയിട്ടടത്താണ് അച്യുതാനന്ദന്‍ 104 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് കൊണ്ടുവരുന്നത്. 99 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി കൊടുക്കുന്നത്. സ്ഥിരമായ ഉടമസ്ഥാവകാശം വേണമെന്ന് ടീകോം എത്ര നിര്‍ബന്ധിച്ചിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. 88 ശതമാനം ഭൂമി ഇങ്ങനെ കൈമാറുന്പോള്‍ ശേഷിക്കുന്ന 12 ശതമാനത്തിന്‍റെ ഉടമസ്ഥാവകാശം ടീകോമിനും സര്‍ക്കാരിനും പങ്കാളിത്തമുളള കന്പനിക്കാണ്.

ഈ ഒറ്റ വ്യവസ്ഥപോലും യുഡിഎഫിന്‍റെയും ഉമ്മന്‍ചാണ്ടിയുടെയും ചങ്കു പിളര്‍ക്കുന്നതാണ്. പഴയ കരാറായിരുന്നു സംസ്ഥാനത്തിന് ലാഭം എന്ന് ഏതര്‍ത്ഥത്തിലാണ് അദ്ദേഹം ഇപ്പോഴും വാദിക്കുന്നതെന്നറിയില്ല. തനിക്കും പാര്‍ട്ടിക്കും ലാഭം എന്നു തിരുത്തിയാല്‍ സംഗതി വ്യക്തമാകും എന്നറിയാതെയല്ല ഇതു പറയുന്നത്.

അന്തിമ കരാര്‍ വന്നിട്ട് അഭിപ്രായം പറയാമെന്ന ന്യായമൊക്കെ അപൂര്‍വം കോണ്‍ഗ്രസുകാര്‍ ഒരു പക്ഷേ വിശ്വസിച്ചേക്കും. പക്ഷേ, കേരളത്തിന്‍റെ മനസാക്ഷി ഇരുകരാറുകളെയും താരതമ്യം ചെയ്ത് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അത്ര എളുപ്പത്തില്‍ മറുപടി പറഞ്ഞ് രക്ഷപെടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X