• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാര്‍ധം യാത്ര - ഒരുക്കങ്ങള്‍ തുടങ്ങി

  • By Staff

ഡെറാഡൂണ്‍ : ബദരീനാഥ്, കേദാരനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പുണ്യസ്ഥലങ്ങളിലേയ്ക്കുളള പ്രസിദ്ധമായ ചാര്‍ധം യാത്ര ഏപ്രിലില്‍ ആരംഭിക്കും.

ആറു മാസം നീളുന്ന യാത്രയുടെ മുന്നോടിയായി ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങള്‍ അക്ഷയ ത്രിതീയ നാളായ ഏപ്രില്‍ 19ന് തുറക്കും.

കേദാരനാഥിലെ പ്രവേശനം ഏപ്രില്‍ 30നും ബദരീനാഥിലെ പ്രവേശനം മെയ് ഒന്നിനുമാണ് തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നത്.

ഹിമാലയ സാനുക്കളിലൂടെയുളള ഈ തീര്‍ത്ഥാടന യാത്രയില്‍ ദേശ വിദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. ഭക്തിയും സാഹസികതയും സമന്വയിക്കുന്ന അത്യപൂര്‍വമായ തീര്‍ത്ഥാടനാനുഭവമാണ് ചാര്‍ധം യാത്ര.

യമുനോത്രി

യമുനാ നദിയുടെ ഉത്ഭവ സ്ഥാനം. വടക്കു കിഴക്കന്‍ ഹിമാലയത്തിലുളള ബന്ദാര്‍പൂഞ്ച് പര്‍വത നിരകളില്‍ സ്ഥിതി ചെയ്യുന്നു.

ഭാരതീയ പുരാണമനുസരിച്ച് സൂര്യദേവന്റെ മകളാണ് യമുന. യമദേവന്റെ ഇരട്ട സഹോദരി. യമുനയില്‍ മുങ്ങി നിവര്‍ന്നാല്‍ അനായാസ മരണവും മോക്ഷവും നേടാമെന്ന് പുരാണങ്ങള്‍ പറയുന്നു.

യമുനോത്രി പര്‍വത നിരകളിലൂടെയുളള മലകയറ്റം സാഹസിക സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളാണ് നല്‍കുക.

ജയ്പൂര്‍ മഹാറാണി നിര്‍മ്മിച്ച അതിമനോഹരമായ യമുനാക്ഷേത്രം ഇവിടെയുണ്ട്. 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം, ഒരു ഭൂചലനത്തില്‍ നിശേഷം തകര്‍ന്നിരുന്നു. ഇപ്പോള്‍ ഇത് പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

റോഡു വഴി ക്ഷേത്രത്തിലെത്താമെങ്കിലും സഞ്ചാരികള്‍ക്ക് പ്രിയം മറ്റൊരു വഴിയാണ്. ദോദിത്താല്‍, റിന്‍സാര, യമുനോത്രി തടാകങ്ങള്‍ ചുറ്റിയാണ് സാഹസികരായ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തുന്നത്.

സ്വര്‍ഗാരോഹിണി മലനിരകളുടെ അപൂര്‍വ സുന്ദര ദൃശ്യവും ഈ യാത്ര നല്‍കുന്ന അവിസ്മരണീയമായ കാഴ്ചാനുഭവമാണ്. ചാര്‍ധം യാത്രയിലെ ആദ്യ സന്ദര്‍ശന സ്ഥാനമാണ് യമുനോത്രി.

ഗംഗോത്രി

യമുനോത്രിയില്‍ നിന്നും രണ്ടു ദിവസത്തെ യാത്രയാണ് അടുത്ത കേന്ദ്രമായ ഗംഗോത്രിയിലേയ്ക്ക്. ഗംഗാനദിയുടെ ഉത്ഭവ സ്ഥാനമാണ് ഗംഗോത്രി. ഗംഗോത്രിയിലെ മാനസസരോവര്‍ തടാകത്തില്‍ നിന്നും ഗംഗ ഒഴുകിത്തുടങ്ങുന്നത് ഭാഗീരഥി എന്ന പേരിലാണ്. ദേവപ്രയാഗിലെത്തി അളകനന്ദയുമായി ചേരുമ്പോഴാണ് ഭാഗീരഥി ഗംഗയായി മാറുന്നത്.

ഋഷികേശ്, ഹരിദ്വാര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു ദിവസം കൊണ്ട് ബസിലോ ട്രക്കിലോ ഗംഗോത്രിയിലെത്താം. അതിനാല്‍ യമുനോത്രിയില്‍ ഉളളതിനേക്കാള്‍ തീര്‍ത്ഥാടകര്‍ ഗംഗോത്രിയില്‍ ഉണ്ടാകും.

പുരാണങ്ങള്‍ പ്രകാരം സ്വര്‍ഗ പുത്രിയാണ് ഗംഗാദേവി. ഭാഗീരഥ മഹാരാജാവിന്റെ മുന്‍ഗാമികളുടെ പാപം കഴുകിക്കളയാന്‍ ദേവി നദീരൂപം സ്വീകരിച്ച് ഭൂമിയിലേയ്ക്ക് ഒഴുകിയെന്നാണ് കഥ.

സ്വര്‍ഗത്തു നിന്നും ഭൂമിയിലേയ്ക്ക് നേരിട്ടു പതിച്ചാലുണ്ടാകുന്ന ആഘാതം തടയാന്‍ പരമശിവന്‍ തന്റെ തലയിലേയ്ക്ക് ഏറ്റുവാങ്ങിയ ശേഷം ഗംഗാനദിയെ ഭൂമിയിലേക്ക് ഒഴുക്കി വിടുകയായിരുന്നു.

18-ാം നൂറ്റാണ്ടില്‍ ഗൂര്‍ഖാ ജനറലായിരുന്ന അമര്‍സിംഗ് തപ നിര്‍മ്മിച്ച ഗംഗാ ക്ഷേത്രം ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ദീപാവലി നാളില്‍ നടയടയ്ക്കുന്ന ഈ ക്ഷേത്രം പിന്നീട് തുറക്കുന്നത് മെയ് മാസത്തിലാണ്.

കേദാരനാഥ്

ഹിന്ദുക്കളുടെ ഏറ്റവും പുണ്യക്ഷേത്രങ്ങളിലൊന്ന് ഇവിടെ സ്ഥിതി ചെയ്യുന്നു. ഉത്തരഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് കേദാരനാഥ്. മഞ്ഞുമൂടി മനോഹരിയായ മന്ദാകിനി പര്‍വത നിരകള്‍ക്കടുത്ത് സമുദ്ര നിരപ്പില്‍ 3500 മീറ്റര്‍ ഉയരത്തിലാണ് ഈ മലമടക്ക് സ്ഥിതി ചെയ്യുന്നത്.

ഗൗരിഖണ്ഡില്‍ നിന്നും 13 കിലോമീറ്റര്‍ കുത്തനെ നടന്നാണ് ഇവിടെയെത്തുന്നത്. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് കേദാരനാഥ് ക്ഷേത്രം ആരാധനയ്ക്കായി തുറക്കുന്നത്.

ബദരീനാഥ്

അളകനന്ദയുടെ തീരത്ത് സമുദ്ര നിരപ്പില്‍ നിന്നും 3133 മീറ്റര്‍ ഉയരത്തിലാണ് ചാര്‍ധം യാത്രയുടെ അവസാന കേന്ദ്രമായ ബദരീനാഥ്. ഋഷികേശില്‍ നിന്നും 301 കിലോമീറ്റര്‍ അകലെയാണ് ബദരീനാഥ്.

പ്രസിദ്ധമായ നരനാരായണ പര്‍വതങ്ങള്‍ക്കിടയിലാണ് ബദരീനാഥിന്റെ സ്ഥാനം. ഒമ്പതാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ ബദരീനാഥിലെത്തിയതോടെയാണ് ഈ പ്രദേശം ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

ആദിശങ്കരന്‍ തന്നെയാണ് ബദരീനാഥ് ക്ഷേത്രം സ്ഥാപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more