6 ലക്ഷം സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് മൂത്രപുരകളില്ല
6 ലക്ഷം സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് മൂത്രപുരകളില്ല
ശനി, ഏപ്രില്‍ 21, 2007
ദില്ലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുളള പീഡനങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഇന്ത്യയിലെ 6.2 ലക്ഷം സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം മൂത്രപുരകളില്ലെന്ന് റിപ്പോര്‍ട്ട്.
ഇതിനുപുറമേ 88,000 സ്കൂളുകളില്‍ പ്രാഥമികാവശ്യങ്ങളായ ബ്ലാക്ക് ബോര്‍ഡ്, സ്കൂള്‍ കെട്ടിട്ടം എന്നിവയില്ല. സിക്കിമിലെ 36.65% സ്കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡില്ല.
ജാര്‍ഖണ്ഡില്‍ 26%, അരുണാചല്‍ പ്രദേശില്‍ 30%, ദില്ലിയില്‍ 10.8% സ്കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡില്ല. എന്നാല്‍ നാഗാലാന്‍ഡിലെ എല്ലാ സ്കൂളുകളിലും ബ്ലാക്ക് ബോര്‍ഡുണ്ട്.
ഇന്ത്യയിലെ 5%ത്തിനടുത്ത് സ്കൂളുകള്‍ക്ക് കെട്ടിടമില്ല. ഇവയില്‍ 97%വും സര്‍ക്കാര്‍ സ്കൂളുകളാണ്. മാനവിവിഭവശേഷി മന്ത്രാലയം (എച്ച്ആര്‍ഡി) നടത്തിയ പഠനത്തിലാണ് ഈ കണക്കുകളുളളത്.
എച്ച്ആര്‍ഡി, യുനിസെഫ്, നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് എഡ്യൂക്ഷേന്‍ ആന്റ് പ്ലാനിങ് (എന്‍ഇയുപിഎ) എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ 37.42 ശതമാനം സ്കൂളുകളില്‍ മാത്രമേ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക മൂത്രപുരകളുളളൂവെന്നുളളത്.
2003ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഭേദമാണെങ്കിലും ഇപ്പോഴും സ്ഥിതി വളരെ പിന്നോക്കമാണെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ അരുണ്‍ സി മാത്തൂറിന്റെ അഭിപ്രായം. 28.24 ശതമാനമായിരുന്നു 2003ലെ കണക്ക്.
13 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക കക്കൂസുകളുളള സ്കൂളുകള്‍ 25%ത്തിലും താഴെയാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മേഘാലയയാണ് ഏറ്റവും പിന്നില്‍. അവിടെ 7.71% സ്കൂളുകളിലേ പെണ്‍കുട്ടികള്‍ക്ക് മൂത്രപുരകളുളളൂ.
അസം(9.58%), ഛത്തീസ്ഗഡ്(9.81%),അരുണാചല്‍ പ്രദേശ്(11.69%), ബീഹാര്‍(11.78),ഒറീസാ(12.4%) എന്നിങ്ങനെയാണ് കണക്ക്. ഛണ്ഡീഗഡാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അവിടെ 89.19% സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക മൂത്രപുരകളുണ്ട്.
ദില്ലി(87.82%), പുതുച്ചേരി(69.41%), ഉത്തര്‍ പ്രദേശ്(69.41%) എന്നിവയാണ് തൊട്ടുപിറകിലുളളത്. 21-ാം നൂറ്റാണ്ടില്‍ ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍ഇയുപിഎ വൈസ് ചാന്‍സിലര്‍ വേദ് പ്രകാശ് പറഞ്ഞു.












Click it and Unblock the Notifications