കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുപതാം വയസില്‍ 42.2 കിലോമീറ്റര്‍ ഓടി!

  • By Staff
Google Oneindia Malayalam News

ദില്ലി: സന്ധിവേദനകളും ശാരീരികാസ്വസ്ഥതകളും ശല്യപ്പെടുത്തുന്ന കാലം, ജീവിതത്തില്‍ തീര്‍ത്തും വിശ്രമത്തിന്‍റെ കാലഘട്ടം എന്നൊക്കെയാണ് പൊതുവെ എഴുപതിനും അതിന് മുകളിലുമുള്ള പ്രായത്തെക്കുറിച്ചുള്ള ധാരണ.

എന്നാല്‍ ഈ പ്രായത്തില്‍ 42.2 കിലോമീറ്റര്‍ ദൂരം അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ഓടിയെത്തുകയെന്നത് ആദരിക്കപ്പെടേണ്ടുന്ന ഒരു നേട്ടം തന്നെയാണ്. തന്‍റെ എഴുപത്തിനാലാം വയസ്സില്‍ ആശിഷ് റോയിയെന്ന ഇന്ത്യക്കാരനാണ് ഈ ആശ്ചര്യം സൃഷ്ടിച്ചത്. അതൊരു റെക്കോ‍ഡുമാണ്. ഈ പ്രായത്തിനുള്ളില്‍ 75 മാരത്തോണുകളാണ് അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ഏപ്രില്‍ 28 ശനിയാഴ്ച യുഎസിലെ ടെന്നസ്സിയില്‍ നാഷ് കണ്‍ട്രി മ്യൂസിക് മാരത്തോണ്‍ പൂര്‍ത്തിയാക്കിയതോടെയാണ് റോയ്ക്ക് ഈ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമായത്. 42.2 കിലോമീറ്റര്‍ ദൂരം അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ടാണ് റോയ് ഓടിയെത്തിയത്. മാരത്തോണില്‍ പങ്കെടുത്ത 7000 ഓട്ടക്കാരില്‍ ഏക ഇന്ത്യക്കാരനായിരുന്നു റോയ്.

30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്ന, കുന്നുകള്‍ നിറഞ്ഞ തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തിലായിരുന്നു മത്സരം നടന്നത്. കാല്‍ മുട്ടിനും ഇടുപ്പിനും വേദനയനുഭവിയ്ക്കുകയും സന്ധിവാതം കാരണം അസ്വസ്ഥതയനുഭവിയ്ക്കുകയും ചെയ്തിട്ടും ഇതിനുമുന്പത്തെ മത്സരത്തെ അപേക്ഷിച്ച് റോയ്ക്ക് മികച്ച ദൂരം കണ്ടെത്താനായി എന്നതും ഈ നേട്ടത്തിന് തിളക്കമേറ്റുന്നു.

ഒരു മാസം മുന്പ് വെര്‍ജിനിയ കടല്‍ത്തീരത്ത് നടത്തിയ മാരത്തോണിനേക്കാളും ഒന്‍പത് മിനിറ്റ് മുന്പെയാണ് റോയ് കണ്‍ട്രി മ്യൂസിക് മാരത്തോണില്‍ ഓടിയെത്തിയത്. മാരത്തോണ്‍ നടന്ന പാതയുടെ ഇരുവശങ്ങളിലും റോയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്.

കഴിഞ്ഞ അഞ്ച് ആഴ്ചകളായി തീര്‍ത്തും തണുത്ത കാലാവസ്ഥയില്‍ ശക്തിയേറിയ കാറ്റിനോടും പലപ്പോഴും മഞ്ഞിനോടും മല്ലിട്ടാണ് റോയ് ഈ പ്രായത്തിലും അസൂയാവഹമായ നേട്ടം കൈവരിയ്ക്കാന്‍ കഠിന പരിശീലനം നടത്തിയത്.

75 മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ഏക ഇന്ത്യക്കാന്‍( ഏഷ്യക്കാരനും) ആണ് റോയ്. ഇതില്‍ 31 മത്സരങ്ങള്‍ ഇന്ത്യയിലാണ് നടന്നത്. ഇതില്‍ 20 എണ്ണം 45 വയസ്സിനുമുകളിലുള്ളവരുടെ വിഭാഗത്തിലാണ്. കൂടാതെ 55നുമുകളില്‍ പ്രായമായവരുടെ വിഭാഗത്തില്‍ മൂന്ന് മണിക്കൂറും പത്തു മിനിറ്റും എന്ന മാരത്തോണ്‍ സമയത്തിന്‍റെ ഭേദിയ്ക്കപ്പെടാത്ത റക്കോര്‍ഡ് തുടങ്ങി ഒട്ടേറെ സാമ്യങ്ങളില്ലാത്ത നേട്ടങ്ങള്‍ക്കുടമയാണ് റോയ്. 52ാം വയസ്സില്‍ പങ്കെടുത്ത ആദ്യ മാരത്തോണ്‍ മുതല്‍ തന്നെ റോയ് നേട്ടങ്ങളോരോന്നായി സ്വന്തമാക്കുകയായിരുന്നു.

1987 ലാണ് മൂന്ന് മണിക്കൂറും പത്തു മിനിറ്റും എന്ന മാരത്തോണ്‍ സമയത്തിന്‍റെ ഭേദിയ്ക്കപ്പെടാത്ത റെക്കോര്‍ഡ് അദ്ദേഹം സ്ഥാപിച്ചത്. വിദേശങ്ങളില്‍ നടന്ന ബാക്കി 44 മാരത്തോണുകളില്‍ സ്വന്തം പ്രായക്കാര്‍ പങ്കെടുക്കുന്ന മത്സരത്തില്‍ 15 എണ്ണത്തിലും റോയ് വിജയം നേടിയിട്ടുണ്ട്.

60- 70 വയസ്സിനിടയ്ക്ക് മാരത്തോണില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിനുള്ളത് മാത്രമാണ്. 67ാം വയസ്സില്‍ ഇടവേളകളില്ലാതെ മൂന്ന് ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി മാരത്തോണില്‍ പങ്കെടുത്ത ഏക ഏഷ്യക്കാരന്‍ കൂടിയാണ് ഇദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X