• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എസ്‌എടി ആശുപത്രിയില്‍ ഒരു ദിവസം

  • By Staff

തിരുവനന്തപുരം : ഇന്ന്‌ സംസ്ഥാനത്തെ ഏറ്റവും പ്രശ്‌നബാധിത പ്രദേശം ഏത്‌ എന്നു ചോദിച്ചാല്‍ എസ്‌എടി - മെഡിക്കല്‍ കോളജ്‌ കാന്പസുകളാണെന്ന്‌ നിസംശയം പറയാം.

എസ്‌എടിയുടെ പുറത്ത്‌ രാഷ്ട്രീയക്കാരുടെ ധര്‍ണയും മുദ്രാവാക്യം വിളിയും, പൊലീസ്‌ ലാത്തിച്ചാര്‍ജും. നിരന്നു നില്‍ക്കുന്ന ടെലിവിഷന്‍ കാമറകള്‍. ഓരോ സംഭവവും ലൈവായി സ്വീകരണമുറിയിലെത്തിക്കാന്‍ ഇമചിമ്മാതെ കാത്തിരിക്കുന്ന മാധ്യമപ്പട.

അകത്ത്‌ ഇതൊന്നുമറിയാതെ പിറന്നു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചില്‍. നേരിയ അന്പരപ്പു പോലുമില്ലാതെ സദാ പ്രവര്‍ത്തനനിരതരായ ജീവനക്കാര്‍. രണ്ട്‌ വ്യത്യസ്‌ത ലോകങ്ങളിലായി എല്ലാവരും ചെയ്യുന്നത്‌ തങ്ങളുടെ സ്ഥിരം ജോലികള്‍.

കഴിഞ്ഞ ദിവസം എത്തിയവരില്‍ പ്രധാനികള്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി, നിയമമന്ത്രി എം വിജയകുമാര്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി എന്നിവരാണ്‌. മാധ്യമശ്രദ്ധയുടെയും പത്രത്തലക്കെട്ടുകളുടെയും നല്ലൊരു ഭാഗം അവര്‍ കൊണ്ടു പോയി.

പ്രസവത്തിനെത്തിയവരെയും കൂട്ടിരിപ്പുകാര്‍ക്കും പക്ഷേ പുറത്തുളള ജനത്തിന്റെ ആകാംക്ഷയില്ല. ഏറ്റവും മികച്ച പരിചരണവും ശുശ്രൂഷയും തങ്ങള്‍ക്ക്‌ കിട്ടുന്നതായി സാക്ഷി പറയുന്നവരുണ്ട്‌.

അസുഖകരമായ പെരുമാറ്റം ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നവര്‍ പോലും ആവശ്യത്തിന്‌ ജീവനക്കാരില്ലാത്ത പരിമിതിയുടെ പേരില്‍ അത്‌ മറക്കാന്‍ തയ്യാറുമാണ്‌.

കല്ലറ സ്വദേശിനിയായ സാബിറാ റസൂല്‍ തന്റെ മൂന്നാം പ്രസവത്തിനാണ്‌ എസ്‌എടിയില്‍ എത്തിയത്‌. സാബിറയ്‌ക്ക്‌ ഒരു ബാക്ടീരിയയെയും പേടിയില്ലെന്നു മാത്രമല്ല, ആശുപത്രിയില്‍ കിട്ടുന്ന ശുശ്രൂഷയില്‍ തൃപ്‌തയുമാണ്‌.

കഴിഞ്ഞ രണ്ടു പ്രസവങ്ങളും എസ്‌എടിയില്‍ ആയിരുന്നുവെന്നും ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നും സാബിറ പറയുന്നു. പുറത്ത്‌ കഴിഞ്ഞ ദിവസം നടന്ന കൂട്ടപ്പൊരിച്ചിലിടയില്‍ അവര്‍ തന്റെ മൂന്നാം കുഞ്ഞിനെ പ്രസവിക്കുകയും ചെയ്‌തു.

ഒരാഴ്‌ച മുന്പ് പ്രസവത്തിന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷീബയ്‌ക്കും ആശുപത്രിയെക്കുറിച്ച്‌ പരാതിയില്ല. പാരിപ്പളളി സ്വദേശിനിയായ ഷീബ, എസ്‌എടിയിലെ ചികിത്സയുടെ മേന്മതന്നെയാണ്‌ തന്നെ ഇവിടെ എത്തിച്ചത്‌ എന്ന്‌ തുറന്നു പറയുന്നു.

എന്നാല്‍ ആശുപത്രിയിലെ പരിസരശുചിത്വം മെച്ചമല്ലെന്നും അവര്‍ പറയുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന്‌ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ്‌ അവരുടെ അഭിപ്രായം. ഈ ചുറ്റുപാടിലും ഇത്രയേറെ രോഗികള്‍ ഇവിടെ വരുന്നതിന്‌ കാരണം ചികിത്സയുടെ പ്രത്യേകതയാണ്‌.

ഒരു ജനതയ്‌ക്ക്‌ സര്‍ക്കാര്‍ ആശുപത്രിയിലുളള വിശ്വാസം നേരിട്ട്‌ ബോധ്യമാകണമെങ്കില്‍ എസ്‌എടി ആശുപത്രിയില്‍ തന്നെയാണ്‌ പോകേണ്ടത്‌.

സത്യമാണ്. അത്ര സുഖകരമല്ല ഇവിടം. വൃത്തിഹീനമായ ചുറ്റുപാട്‌. കവിഞ്ഞൊഴുകുന്ന ഡ്രെയിനേജുകള്‍, മുറുക്കിത്തുപ്പുന്ന കൂട്ടിരിപ്പുകാര്‍, പുറത്തു നിന്നെത്തിക്കുന്ന ഭക്ഷണവും പൊതിയും ലക്കും ലഗാനുമില്ലാതെ വലിച്ചെറിഞ്ഞത്‌ അവിടവിടെ ചിതറിക്കിടപ്പുണ്ട്‌.

മാന്യമായ പെരുമാറ്റമാവില്ല പലപ്പോഴും ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഭേദം സ്വകാര്യ ആശുപത്രിയാണെന്ന് തോന്നിപ്പോകുന്ന ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടാകാം.

ഒരിക്കല്‍ ഈ ആശുപത്രിയില്‍ കടന്നാല്‍ പിന്നീട്‌ ഒരിക്കലും വരില്ലെന്ന്‌ തീരുമാനിച്ചു പോകും. എന്നാലും അടുത്ത പ്രസവമാകുന്പോള്‍ വീണ്ടും എസ്‌എടിയെ അഭയം പ്രാപിക്കുന്നതിന്‌ കാരണമുണ്ട്‌.

സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന്‌ പ്രവേശിപ്പിച്ച്‌ ഗുരുതരാവസ്ഥയിലെങ്ങാനുമായാല്‍ എസ്‌എടിയാണ്‌ പിന്നെയുളള ശരണം. ചോരവാര്‍ന്നൊലിച്ച്‌ ആംബുലന്‍സില്‍ മണിക്കൂറുകളോളം കിടന്ന്‌ അത്യാസന്ന നിലയില്‍ ഇവിടെയെത്തുന്ന രോഗികളെ രാത്രിയും പകലും ഇവിടെ കാണാം.

കാരണം ഒന്നേയുളളൂ. ഏറ്റവും ആധുനിക സജ്ജീകരണങ്ങളും പ്രഗത്ഭരായ ഡോക്ടര്‍മാരുമാണ്‌ എസ്‌എടിയുടെ കരുത്ത്‌.

അത്‌ അറിയാവുന്നവരും പിന്നെ സാധാരണക്കാരുമാണ്‌ ഈ ആശുപത്രിയുടെ എല്ലാ പരിമിതിയും മറന്ന്‌ ഇവിടെയെത്തുന്നത്‌.

കണക്കുകള്‍ പരിശോധിച്ചാലറിയാം ഈ പറയുന്നത്‌ സത്യമാണെന്ന്‌. 765 കിടക്കകളുളള ആശുപത്രിയില്‍ ഇപ്പോള്‍ 1025 പേരാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. പ്രതിദിനം 50 പ്രസവം ശരാശരി നടക്കുന്നു.

നവജാത ശിശുക്കളെ ശുശ്രൂഷിക്കാനുളള നെഴ്‌സറിയില്‍ ഒരു തൊട്ടിലില്‍ രണ്ടു കുഞ്ഞുങ്ങളെയാണ്‌ ഇപ്പോള്‍ കിടത്തുന്നത്‌.

പരാധീനതകള്‍ മാത്രമാണ്‌ ഈ ആശുപത്രിയിലുളളത്‌. ഏഷ്യയില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്ന ആശുപത്രിയെന്ന്‌ പറയുന്പോഴും എസ്‌എടിയെ ഏറ്റവും മികച്ച ആശുപത്രിയാക്കണമെന്ന ചിന്ത ഭരണാധികാരികള്‍ക്കില്ല.

ഏറെ ശ്രദ്ധയോടെ പരിപാലിക്കേണ്ട സ്ഥാപനത്തെ തികഞ്ഞ അലംഭാവത്തോടെ കൈകാര്യം ചെയ്‌തതാണ്‌ കുഞ്ഞുങ്ങളുടെ കൂ‌ട്ടമരണത്തില്‍ കലാശിച്ചത്‌.

ഒരു സൂപ്രണ്ടിനെ ബലിയാടാക്കി സര്‍ക്കാരിന്‌ ഇതില്‍ നിന്നും ഒഴിയാനാവില്ല. ഈ പരിമിതികള്‍ക്കിടയിലും ജനവിശ്വാസം ആര്‍ജിച്ച്‌ പ്രവര്‍ത്തിക്കുന്ന എസ്‌എടി സംരക്ഷിക്കാന്‍ എത്രകോടിയും അധികമല്ല.

ദിവസം അന്പതു പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രിയെ കൊതിയോടെ നോക്കിനില്‍ക്കുന്നവരാണ്‌ തൊട്ടപ്പുറത്തുളള പല സ്വകാര്യ ആശുപത്രികളും.

പതിനയ്യായിരം രൂപയാണ്‌ ഒരു സാധാരണ പ്രസവത്തിന്‌ സ്വകാര്യ ആശുപത്രിയിലെ ശരാശരി നിരക്ക്‌. സങ്കീര്‍ണതയേറിയാല്‍ അത്‌ ഇരുപത്തഞ്ചും മുപ്പതും കടക്കും.

ആ നിരക്കാണ്‌ എസ്‌എടിയിലെത്തുന്പോള്‍ രണ്ടായിരം രൂപയില്‍ ഒതുങ്ങുന്നത്‌. എസ്‌എടിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ പാവപ്പെട്ട പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുന്നതു തന്നെ. അവരുടെ പ്രതീക്ഷ തകരാതെ നോക്കേണ്ടത്‌ ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more