കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിളിനെ ചവിട്ടിമെതച്ച്‌ ആനയുടെ എഴുന്നളളത്ത്

  • By Staff
Google Oneindia Malayalam News

ലഖ്‌നൗ: രാജ്യത്തിന്റെ രാഷ്ട്രീയ ശക്തി കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ആന ചിഹ്നത്തില്‍ മല്‍സരിച്ച മായാവതി ഇനി സംസ്ഥാനത്തെ നയിക്കാനുളള ഒരുക്കത്തിലാണ്‌. മായാവതിയുടെ ആന മുലായം സിങ്ങിനെ സൈക്കിളില്‍ പരക്കം പായിച്ച കാഴ്‌ചയാണ്‌ യുപി 2007ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്‌

മായാവതിയുടെ മായാജാലത്തില്‍ ജനങ്ങള്‍ മയങ്ങിയതിന്റെ തെളിവാണ്‌ ഈ തിരഞ്ഞെടുപ്പ്‌. എല്ലാ എക്‌സിറ്റ്‌ പോള്‍ ഫലങ്ങളെയും കാറ്റില്‍ പറത്തി കൊണ്ടാണ് ബിഎസ്‌പി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കുതിപ്പ് നടത്തിയത്. അഭിപ്രായ വോട്ടെടുപ്പ്‌ ഫലങ്ങള്‍ അനുസരിച്ച്‌ ബിഎസ്‌പിയ്‌ക്ക്‌ 152 മുതല്‍ 168 സീറ്റുകള്‍ വരെയും മുലായത്തിന്റെ സമാജ്‌ വാദി പാര്‍ട്ടിയ്‌ക്ക്‌ 99 മുതല്‍ 111 സീറ്റുകള്‍ വരെയും ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമായി 80 മുതല്‍ 90 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന്‌ 25-33 സീറ്റുകളും ലഭിക്കുമെന്നായിരുന്നു സൂചനകള്‍.

എന്നാല്‍, എതിരാളികളെയെല്ലാം ആശ്ചര്യപ്പെടുത്തി കൊണ്ട്‌ 204 സീറ്റുമായി ബി എസ് പി കേവല ഭൂരിപക്ഷത്തിലേയ്‌ക്ക്‌ അടുക്കുകയാണ്‌. ദളിതരുടെ പാര്‍ട്ടി മാത്രമല്ല ബി എസ് പിയെന്നു കൂടി തെളിയിച്ചിരിക്കുയാണ്‌ മായാവതി ഈ തിരഞ്ഞെടുപ്പിലൂടെ.

ബിജെപിയുടെ കുത്തകയായിരുന്ന ബ്രാഹ്മണ വോട്ടുകള്‍ കൂടി തന്റെ ബാലറ്റ്‌ നിക്ഷേപത്തിലെയ്‌ക്ക്‌ മുതല്‍കൂട്ടാക്കി മാറ്റുന്നതില്‍ മായാവതി വിജയിച്ചു. അങ്ങനെ മുന്‍കാലങ്ങളില്‍ നിന്ന്‌ വിരുദ്ധമായി ദളിത്‌-ബ്രാഹ്മണ രാഷ്ട്രീയ കൂട്ടുകെട്ട്‌ സൃഷ്ടിക്കാന്‍ ഈ ദളിത്‌ നേതാവിന്‌ സാധിച്ചുവെന്നതാണ്‌ അവരുടെ രാഷ്ട്രീയ വിജയം. അതിനു പുറമേ, മുസ്ലിം വോട്ടുകള്‍ കൂടി സ്വന്തമാക്കുന്നതിലും മായാവതി വിജയം കണ്ടു.

ഹിന്ദുത്വത്തിനായി നിലകൊളളുന്ന ബിജെപിയുടെ വായ്‌ മൂടികെട്ടുന്ന ഫലം കൂടിയാണിത്‌. രാഷ്ട്രീയം മടുത്ത്‌ വിരമിക്കാനിരുന്ന വാജ് പേയിയെ നിര്‍ബന്ധിച്ച്‌ പ്രചരണരംഗത്തിറക്കിയതൊന്നും ബിജെപിയുടെ രക്ഷയ്‌ക്കെത്തിയില്ല. രാമക്ഷേത്രവും അയോധ്യയുമെല്ലാം ബിജെപിയെ കൈവെടിഞ്ഞ കാഴ്‌ചയാണ്‌ ഈ തിരഞ്ഞെടുപ്പില്‍ ദൃശ്യമാക്കുന്നത്‌.

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കനത്ത തിരിച്ചടിയേറ്റത്‌ ബിജെപിയ്‌ക്കാണ്‌. വെറും 19% ജനപിന്തുണയിലെക്ക്‌ തളളപ്പെട്ടുവെന്ന സത്യം അംഗീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക്‌ ദിവസങ്ങള്‍ തന്നെയെടുത്തെന്നു വരും.

മുസ്ലീം വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ട്‌ അവരെ പ്രീണിപ്പിക്കാനായി മുലായം നടത്തിയ ശ്രമങ്ങളും വാദങ്ങളുമൊന്നും ലക്ഷ്യം കണ്ടില്ല. പഴുക്കാനായി കരുതി വച്ച മാമ്പഴം മായാവതിയുടെ ആന തുമ്പികൈയിലേറ്റി കൊണ്ടു പോകുന്നത്‌ നോക്കി വിധിയെ പഴിക്കാനെ ഇനി മുലായത്തിന്‌ കഴിയൂ.

ഇനി രാജ്യത്ത്‌ ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വാഴാന്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രപതിയെ തീരുമാനിക്കുന്നതിലും മായാവതി മുഖ്യമായൊരു പങ്ക്‌ വഹിക്കും. ബിജെപിയെയും സഖ്യത്തെയും രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌ വേളയില്‍ മായാവതി പിന്തുണച്ചാല്‍ അത്‌ യുപിഐ-ഇടതു സഖ്യത്തിന്റെ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയാക്കും.

അതു കൊണ്ടുതന്നെ കോണ്‍ഗ്രസ്‌ മായാവതിയെ വരുതിയിലാക്കാനുളള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. തൂക്കു മന്ത്രിസഭയാണെങ്കില്‍ മായാവതിയെ പിന്തുണയ്‌‌ക്കാമെന്ന്‌ ഉറപ്പുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തിയെങ്കിലും അവരെ തിരശ്ശീലയ്‌‌ക്ക്‌ പിന്നിലേയ്‌ക്ക്‌ തന്നെ തളളിയിരിക്കുകയാണ്‌ മായാവതി.

തന്റെ പാര്‍ട്ടിയ്‌ക്ക്‌ കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്ന്‌ അവര്‍ വ്യക്തമാക്കി കഴിഞ്ഞു. പകരം സ്വതന്ത്രരെയും മറ്റു ചെറു കക്ഷികളെയും കൂട്ടു പിടിക്കാനുളള ശ്രമത്തിലാണ്‌ മായാവതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X