കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിയ്ക്കണം: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തന്നെയും സഹപ്രവര്‍ത്തകരായ മന്ത്രിമാരെയും നിര്‍ദ്ദാക്ഷിണ്യം വിമര്‍ശിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

മന്ത്രിമാര്‍ക്ക്‌ പറ്റുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അടുത്ത ഒരു വര്‍ഷത്തിനകം രണ്ട്‌ ലക്ഷത്തോളം ഭൂരഹിതരായ പാവങ്ങള്‍ക്ക്‌ വീട്‌, കുടിവെള്ളം, വെളിച്ചം എന്നിവ നല്‍കുമെന്ന്‌ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൈയേറ്റത്തിന്റെ പിടിയിലായ പഴയ മൂന്നാറിന്റെ സ്ഥാനത്ത്‌ ഒരു ആധുനിക മൂന്നാര്‍ ഉയര്‍ന്നുവരും.സംസ്ഥാന സര്‍ക്കാരിന്‌ ചെയ്യാവുന്ന പരിമിതമായ കാര്യങ്ങളിലൂടെ കര്‍ഷകരുടെ ആത്മഹത്യാനിരക്ക്‌ കുറയ്ക്കാനായത്‌ അഭിമാനകരമാണ്.

സ്വാശ്രയ കോളേജ്‌ പ്രശ്നത്തില്‍ ആന്റണിയും മാനേജ്‌മെന്റുകളും കൂടി ജനങ്ങളെ കബളിപ്പിച്ചതിന്‌ പരിഹാരമുണ്ടാക്കാനാണ്‌ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്‌. കോടതികളുടെ ഇടപെടല്‍ നിമിത്തം അത്‌ നടപ്പാക്കാനായില്ല. അത്യാര്‍ത്തിക്കാരല്ലാത്ത വിദ്യാഭ്യാസ വിചക്ഷണന്മാര്‍ മാനേജ്‌മെന്റുകളുടെ കൂട്ടത്തിലുണ്ട്.അവരുമായി ചര്‍ച്ച ചെയ്ത്‌ പ്രശ്നം പരിഹരിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.

സ്മാര്‍ട്ട്‌ സിറ്റി കരാറിനെക്കുറിച്ച്‌ വ്യക്തമായി പഠിക്കാതെയാണ്‌ പ്രതിപക്ഷ നേതാവ്‌ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌-മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആരോഗ്യരംഗത്ത്‌ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ യുഡിഎഫ്‌ സ്വീകരിച്ച നടപടികളുടെ ദുഷ്‌ഫലമാണ്‌ എസ്‌എടി ആസ്‌പത്രി സംഭവത്തിലും മറ്റും സര്‍ക്കാരിന്‌ നേരിടേണ്ടി വന്നതെന്നും വി.എസ്‌. പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി പിരപ്പന്‍കോട്‌ മുരളി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ മാത്യു ടി. തോമസ്‌, എം. വിജയകുമാര്‍, ഇടതുമുന്നണി കണ്‍വീനര്‍ വക്കം വിശ്വന്‍, ആര്‍.എസ്‌.പി. സംസ്ഥാന സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍, എം.പി.മാരായ വര്‍ക്കല രാധാകൃഷ്ണന്‍, കെ.ഇ. ഇസ്മയില്‍, എം.എല്‍.എ.മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. ശിവന്‍കുട്ടി, ജെ. അരുന്ധതി, വി. സുരേന്ദ്രന്‍പിള്ള, മേയര്‍ സി. ജയന്‍ബാബു, ഡെപ്യൂട്ടി മേയര്‍ വി. ജയപ്രകാശ്‌, വിവിധ കക്ഷിനേതാക്കളായ പേരൂര്‍ക്കട സദാശിവന്‍, പി. രാമചന്ദ്രന്‍ നായര്‍, അമ്പലത്തറ ശ്രീധരന്‍ നായര്‍, വെഞ്ഞാറമൂട്‌ ശശി, വാമനപുരം പ്രകാശ്‌കുമാര്‍, വി.കെ. മോഹന്‍, മനോഹരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X