ആശുപത്രിയില്‍ കരിമീന്‍ സൂക്ഷിച്ച ഡോക്ടര്‍ അറസ്‌റ്റില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഫ്രിഡ്‌ജില്‍ കരിമീന്‍ സൂക്ഷിച്ച കേസില്‍ ആശുപത്രിയിലെ സര്‍ജറി വിഭാഗം മേധാവി ഡോ. മാത്തന്‍ പി ജോര്‍ജിനെ ഗാന്ധിയനഗര്‍ പോലീസ് അറസ്‌റ്റു ചെയ്‌തു. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കരിമീന്‍ ഫ്രിഡ്‌ജില്‍ വച്ചാല്‍ ഉണ്ടാകുന്ന അണുബാധ മനുഷ്യ ജീവന് അപകടകരമെന്നായിരുന്നു ഡോക്ടര്‍ക്കെതിരായ പരാതി. ഐപിസി 336 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയിലുളള പ്രവര്‍ത്തി ചെയ്‌തുവെന്നതാണ് പ്രസ്‌തുത വകുപ്പ്.
ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. ആരോപണം ഡോക്ടര്‍ നിഷേധിച്ചിരിക്കുകയാണ്. തന്നെ സ്ഥലം മാറ്റിയിട്ട് മറ്റൊരു ഡോക്ടറെ തല്‍സ്ഥാനത്ത് ഇരുത്തുന്നതിന് ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ ഗൂഢാലോചനയാണിതെന്ന് ഡോക്ടര്‍ മാത്തന്‍ പോലീസിന് മൊഴി നല്‍കി.
താന്‍ ഫ്രിഡ്‌ജില്‍ കരിമീന്‍ സൂക്ഷിച്ചിട്ടില്ലെന്നും, കരിമീന്‍ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. കുട്ടികളുടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലിരുന്ന ഫ്രിഡ്‌ജില്‍ ഡോക്ടര്‍ കരിമീന്‍ സൂക്ഷിച്ചുവെന്നാണ് കേസ്.
ഡോക്ടര്‍ക്ക് കൈക്കൂലിയായി കിട്ടിയതായിരുന്നു കരിമീന്‍. സംഭവത്തെ തുടര്‍ന്ന് ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്‌തിരിക്കുകയാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍ സൂക്ഷിക്കുന്ന ഫ്രിഡ്‌ജിലാണ് ഡോക്ടര്‍ കരിമീന്‍ സൂക്ഷിച്ചത്.












Click it and Unblock the Notifications