കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭാ പാട്ടീല്‍ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

  • By Staff
Google Oneindia Malayalam News

ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും കൂടിയാലോചനകള്‍ക്കും ശേഷം രാജസ്ഥാന്‍ ഗവര്‍ണറും മഹാരാഷ്ട്രയില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പ്രതിഭാപാട്ടീലിനെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയാക്കാന്‍ യുപിഎ യും ഇടതുപക്ഷവും തീരുമാനിച്ചു .

ബിഎസ്‌പിയും യുപിഎ സ്ഥാനാര്‍ഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജൂലായ്‌ 19ന്‌ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വനിതാ രാഷ്ട്രപതിയെന്ന ബഹുമതി എഴുപത്തിരണ്ടുകാരിയായ പ്രതിഭാ പാട്ടീലിന് സ്വന്തമാകും.

എന്‍ഡിഎയുടെ പിന്തുണയോടെ ഉപരാഷ്ട്രപതി ഭൈരോസിങ്ങ്ശെഖാവത്തും മത്സരരംഗത്തുണ്ടെങ്കിലും രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളേജില്‍ യുപിഎ-ഇടതുപക്ഷത്തിന്‌ വ്യക്തമായ മുന്‍തൂക്കമുണ്ട്‌.

പ്രതിഭാ പാട്ടീലിനെ പിന്താങ്ങണമെന്ന യുപിഎ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന ബിജെപി തള്ളി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും വ്യാഴാഴ്ച വൈകീട്ട്‌ ബിജെപി നേതാവ്‌ എബിവാജ്‌പേയിയോടാണ്‌ സ്ഥാനാര്‍ത്ഥിയെ പിന്താങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചത്.

വാജ്‌പേയി അഭ്യര്‍ത്ഥന നിരസിച്ചു. ഇക്കാര്യത്തില്‍ സമവായം അസാധ്യമാണെന്ന്‌ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്ങ് പിന്നീട്‌ പ്രസ്താവിക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകിട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ റേസ്‌കോഴ്‌സ്‌റോഡിലെ ഏഴാംനമ്പര്‍ വസതിയില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയാണ് പ്രതിഭാപാട്ടീലായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥിയെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

ചരിത്രപരമായ നിമിഷമെന്നാണ്‌ അവര്‍ ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്‌. യുപിഎ ഏകോപനസമിതിയുമായും ഇടതുനേതാക്കളുമായും നടത്തിയ അവസാനവട്ട ചര്‍ച്ചയിലാണ്‌ തീര്‍ത്തും അപ്രതീക്ഷിതമായി പ്രതിഭാപാട്ടീലിന്റെ പേര്‌ ഉയര്‍ന്നുവന്നത്‌.

രാഷ്ട്രപതി സ്ഥാനത്തേക്ക്‌ കോണ്‍ഗ്രസ്‌ ആഭ്യന്തരമന്ത്രി ശിവരാജ്‌പാട്ടീലിന്റെ പേര്‌ നിര്‍ദേശിച്ചതിനോട്‌ ഇടതുകക്ഷികള്‍ ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോഴാണ്‌ മറ്റൊരു സ്ഥാനാര്‍ഥിയെപ്പറ്റി ആലോചന നടന്നത്‌.

ഡിഎംകെ നേതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ എം. കരുണാനിധി ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും പലവട്ടം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌കാരാട്ട്‌, സി.പി.ഐ. നേതാക്കളായ എ.ബി. ബര്‍ദന്‍, ഡി. രാജ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി പൊതുസ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.

ശിവരാജ്‌ പാട്ടീലിനു പുറമെ ഡോ. കരണ്‍സിങ്‌, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നീ പേരുകളും കോണ്‍ഗ്രസ്‌ നേതൃത്വം മുന്നോട്ടുവെച്ചിരുന്നു. ഡിഎംകെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന്‌ പ്രഖ്യാപിച്ചശേഷവും ഇടതുപക്ഷം വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.

അതോടെയാണ്‌ നാടകീയമായി കോണ്‍ഗ്രസ്‌ നിലപാടു മാറ്റിയത്‌. തങ്ങള്‍ നേരത്തേ നിര്‍ദേശിച്ച മൂന്ന്‌ നേതാക്കള്‍ക്കു പകരം മൂന്ന്‌ വനിതാ നേതാക്കളുടെ പേരുകള്‍ പ്രധാനമന്ത്രി ഇടതുപക്ഷ നേതാക്കള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.

രാജസ്ഥാന്‍ ഗവര്‍ണര്‍ പ്രതിഭാ പാട്ടീല്‍, പ്രമുഖ ഗാന്ധിയന്‍ നിര്‍മല ദേശ്‌പാണ്ഡെ, യു.പി യില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മൊഹ്‌സീന കിദ്വായ്‌ എന്നീ പേരുകളാണ്‌ കോണ്‍ഗ്രസ്‌ നിര്‍ദേശിച്ചത്‌. ഇതിന്റെ തുടര്‍ച്ചയായി യു.പി.എ. ഏകോപനസമിതിയും ഇടതു നേതാക്കളും സമ്മേളിച്ചാണ്‌ പ്രതിഭാ പാട്ടീലിന്റെ പേര്‍ അംഗീകരിച്ചത്‌.

മഹാരാഷ്ട്രയിലെ മുന്‍ പിസിസി. പ്രസിഡന്റായ പ്രതിഭാ പാട്ടീല്‍ സംസ്ഥാന മന്ത്രി, ലോക്‌സഭാംഗം, രാജ്യസഭാംഗം, 1986-88 കാലഘട്ടത്തില്‍ രാജ്യസഭാ ഉപാധ്യക്ഷ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X