കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.ജെ ജോസഫ് സ്ത്രീയെ മാനഭംഗപ്പെടുത്തി: റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

കൊച്ചി: മന്ത്രിയായിരിക്കെ പി.ജെ. ജോസഫ്‌ വിമാനയാത്രക്കിടെ ലക്ഷ്മി ഗോപകുമാറിനെ മാനഭംഗപ്പെടുത്തിയതായി പോലീസ്‌ ഐജി സന്ധ്യയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.

ചില തല്‍പരകക്ഷികളുടെ ഇടപെടലോടെ സംഭവം വെളിച്ചത്തു വന്നെന്നതു ശരിയാകാമെങ്കിലും ലക്ഷ്മി ഗോപകുമാര്‍ ഗൂഢാലോചനയിലൊന്നും പങ്കാളിയല്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്മി ഗോപകുമാര്‍, പി.ജെ. ജോസഫ്‌, മറ്റു സാക്ഷികള്‍ എന്നിവരുടെ മൊഴികളും സംഭവ സ്ഥലവും പരിശോധിച്ച ശേഷമാണ്‌ അന്വേഷണ ഉദ്യോഗസ്ഥ ഇത്തരത്തിലുളള നിഗമനത്തില്‍ എത്തിയത്‌.

ഒമ്പതു മാസമായി പൂഴ്ത്തിവച്ചിരുന്ന റിപ്പോര്‍ട്ട്‌ തിങ്കളാഴ്ച ഹൈക്കോടതിയില്‍ സര്‍ക്കാരിന്‌ സര്‍ക്കാര്‍ ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രണ്ടുവര്‍ഷം വരെ തടവ്‌ കിട്ടാവുന്ന കുറ്റമാണിത്‌. സംഭവം വിവാദമായതിനെത്തുടര്‍ന്നാണ്‌ ജോസഫ്‌ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്‌.

കഴിഞ്ഞവര്‍ഷം ആഗസ്ത്‌ മൂന്നിനാണ്‌ ജോസഫ്‌ ചെന്നൈയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ വിമാനയാത്ര നടത്തിയത്‌. നല്ലൊരു കുടുംബ പശ്ചാത്തലമാണ്‌ ലക്ഷ്‌മി ഗോപകുമാറിന്റേത്‌. നാണക്കേട്‌ ഉണ്‌ടാക്കിയ ഈ സംഭവം പുറത്താരും അറിയേണ്‌ട എന്നതിനാലാണ്‌ കേസ്‌ കൊടുക്കാതിരുന്നതെന്നും ലക്ഷ്‌മി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്‌ട്‌.

2006 ഓഗസ്റ്റ്‌ 19-ന്‌ മാധ്യമങ്ങള്‍ ഇക്കാര്യം അറിഞ്ഞ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. തല്‍പ്പര കക്ഷികളുടെ ദുരുദ്ദേശപരമായ നീക്കങ്ങളാകാം കേസിനെ ഇത്രമാത്രം വഷളാക്കിയതെന്ന്‌ പറയാമെന്നും സന്ധ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

വിമാനത്തില്‍ മന്ത്രിയുടെ തൊട്ടുമുന്നിലെ സീറ്റിലാണ് ലക്ഷമി ഗോപകുമാര്‍ ഉണ്ടായിരുന്നത്. "വിമാനം ഉയര്‍ന്നപ്പോള്‍ കാബിനില്‍ വെളിച്ചം കുറവായിരുന്നു. അപ്പോള്‍ ലക്ഷ്മി ഗോപകുമാര്‍ ഇരുന്ന സീറ്റിന്‍റെ ഇടതുഭാഗത്തെ വിടവിലൂടെ കൈകടത്തി മന്ത്രി അവരുടെ ദേഹത്ത്‌ കടന്നുപിടിച്ച്‌ മാനഭംഗപ്പെടുത്തി" എന്നാണ്‌ റിപ്പോര്‍ട്ടിലെ അനുമാനം.

തൊട്ടുപിന്നിലെ സീറ്റില്‍ ഇരുന്ന ജോസഫ്‌ തന്‍റെ ഇടതുമാറിടത്തില്‍ കയറിപ്പിടിച്ചുവെന്നാണ്‌ ലക്ഷ്മിയുടെ മൊഴി. റിപ്പോര്‍ട്ടിനൊപ്പം ഈ മൊഴിയുമുണ്ട്‌. "തന്‍റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നതായി തോന്നി. തിരിഞ്ഞുനോക്കിയപ്പോഴാണ്‌ ഇഴജീവിയല്ലെന്നും മന്ത്രിയുടെ ഇടതുകൈയാണെന്നും കണ്ടത്‌" - മൊഴിയില്‍ തുടരുന്നു.

"നിങ്ങള്‍ക്ക്‌ നാണമില്ലേ ഇങ്ങനെ ചെയ്യാന്‍" എന്ന്‌ മന്ത്രിയോട്‌ ലക്ഷ്മി ചോദിച്ചിരുന്നു. തുടര്‍ന്ന്‌ അവര്‍ ഉറക്കെ ശബ്ദിച്ചു. മണിയടിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ്‌ വന്നു.

പിന്നില്‍ ഇരുന്നത്‌ മന്ത്രിതന്നെയാണെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞു. തനിക്കു സീറ്റു മാറിയിരിക്കണമെന്ന്‌ എയര്‍ഹോസ്റ്റസിനോട്‌ ലക്ഷ്മി ആവശ്യപ്പെട്ടു. മറ്റൊരു സീറ്റിലേക്ക്‌ നീങ്ങി. അപ്പോള്‍ ചെറിയ പുസ്തകംകൊണ്ട്‌ ജോസഫ്‌ മുഖം മറച്ചുപിടിക്കുന്നതു കാണാമായിരുന്നുവെന്നും മൊഴിയിലുണ്ട്‌.

"മന്ത്രി കടന്നുപിടിച്ചത്‌ മനഃപൂര്‍വമായിരുന്നു. അറിയാതെ തൊട്ടുപോയതാണെങ്കില്‍ മനസ്സിലാക്കാം. ഇത്‌ അങ്ങനെയല്ല, ദുരുദ്ദേശ്യത്തോടെ കയറിപ്പിടിച്ചതാണ്‌" - മൊഴിയില്‍ പറയുന്നു. എയര്‍ഹോസ്റ്റസിന്‌ പരാതിനല്‍കിയെന്നും ലക്ഷ്മി പറഞ്ഞു.

വിമാനത്തില്‍ കൊച്ചി സ്വദേശി ഡോ. സി.കെ. ദേവദാസ്‌ ഉണ്ടായിരുന്നു. മന്ത്രി അറിയാതെ തൊട്ടുപോയതാണോയെന്ന്‌ ഡോ. ദേവദാസ്‌ തിരക്കി. "അദ്ദേഹം മന്ത്രിയല്ലേ? ഇത്തരത്തില്‍ പെരുമാറുമോ" എന്നും ഡോക്ടര്‍ ചോദിച്ചു.

ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥയോടു പോലും ഒരു മന്ത്രി മോശമായി പെരുമാറിയ സംഭവം ഉണ്ടായിരിക്കേ ഒരു സാധാരണക്കാരിയായ തന്നോട്‌ ഒരു മന്ത്രി അതിക്രമം കാണിക്കാന്‍ മടിക്കുമോ എന്ന്‌ ലക്ഷ്മി തിരിച്ചുചോദിച്ചു.

എയര്‍ഹോസ്റ്റസിന്‍റെ ആവശ്യപ്രകാരമാണ്‌ ലക്ഷ്മി പരാതി നല്‍കിയത്‌. "പി.ജെ. ജോസഫ്‌ മന്ത്രിയാണ്‌. നാളെ സംഭവം അദ്ദേഹം വളച്ചൊടിച്ചേക്കും" എന്ന്‌ എയര്‍ഹോസ്റ്റസ്‌ പറഞ്ഞിരുന്നു. അതുകൊണ്ടാണ്‌ പരാതി രേഖാമൂലം നല്‍കിയത്‌.

സന്ധ്യയുടെ റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ അഡ്വ.ഡി.ബി. ബിനു കോടതിയെ സമീപിച്ചിട്ട്‌ നാളേറെയായി. വിവരാവകാശ നിയമപ്രകാരം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ അപേക്ഷ അയച്ചെങ്കിലും കിട്ടിയില്ല.

തുടര്‍ന്നാണ്‌ ബിനു ഹൈക്കോടതിയെ സമീപിച്ചത്‌. ഹൈക്കോടതി വിവരാവകാശ കമ്മീഷണര്‍ക്ക്‌ നിര്‍ദേശം കൊടുത്തെങ്കിലും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇത്‌ നിരാകരിക്കുകയായിരുന്നു.

കോടതിവിധി മാനിക്കാത്തതിനാല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന്‌ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ബിനു വീണ്‌ടും ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ്‌ റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്താമെന്ന്‌ ഹൈക്കോടതിയില്‍ വെള്ളിയാഴ്‌ച സര്‍ക്കാര്‍ ബോധിപ്പിച്ചത്‌.

തിങ്കളാഴ്ച ബിനുവിന്‌ റിപ്പോര്‍ട്ട്‌ ലഭിക്കുകയും ചെയ്‌തു. ഇതിനിടെ, സന്ധ്യയുടെ റിപ്പോര്‍ട്ടിലെ അഞ്ചു പേജുകള്‍ നഷ്‌ടപ്പെട്ടിട്ടുള്ളതായും ആരോപണമുണ്‌ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X