കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിനെതിരെ കൂടുതല്‍ തെളിവുകള്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: വിമാനയാത്രാ വിവാദത്തില്‍ മുന്‍മന്ത്രി പി.ജെ ജോസഫിന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഐജി ബി. സന്ധ്യയുടെ റിപ്പോര്‍ട്ടിലെ കാണാതായ അഞ്ചു പേജുകളും പുറത്തുവന്നപ്പോളാണ് മുന്‍ മന്ത്രി പങ്ക്‌ വ്യക്‌തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്.

വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ ദിവസം ലഭ്യമായ റിപ്പോര്‍ട്ടില്‍ അഞ്ചു പേജുകള്‍ ഇല്ലായിരുന്നു. ഇത് ദുരൂഹമാണെന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തലുകളടങ്ങിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭിച്ചത്‌.

ആഭ്യന്തര വകുപ്പിലെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മുഖേന ഹ്യൂമന്‍ റൈറ്റ്സ്‌ ഡിഫന്‍സ്‌ ഫോറം സെക്രട്ടറി ഡി. ബി ബിനുവിന്‌ ലഭിച്ച കോപ്പിയിലാണ്‌ അഞ്ചു പേജുകള്‍ ഇല്ലാതിരുന്നത്‌. തിങ്കളാഴ്ച രാവിലെ ഹൈക്കോടതിയില്‍ എത്തിച്ച റിപ്പോര്‍ട്ടില്‍ ഇല്ലാതിരുന്ന ഭാഗങ്ങള്‍ രാത്രി എട്ടരയോടെ ഗവ. പ്ലീഡര്‍ മുഖേന ബിനുവിന്റെ ഓഫിസില്‍ എത്തിക്കുകയായിരുന്നു.

കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ ഒന്‍പത്‌ എ എന്ന സീറ്റിലിരുന്ന തനിക്ക്‌ എട്ട്‌ എ സീറ്റിലിരുന്ന യാത്രക്കാരിയെ പരാതിയില്‍ പറയുന്നതുപോലെ സ്പര്‍ശിക്കാനാകില്ലെന്ന ജോസഫിന്റെ വാദം ശരിയല്ലെന്ന്‌ ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വ്യക്‌തി ബോധപൂര്‍വം ശ്രമിച്ചാല്‍ കടന്നുപിടിക്കാവുന്നതേയുള്ളൂ എന്നു സീറ്റുകളുടെ അകലവും അവയ്ക്കിടയിലെ വിടവും പരിശോധിച്ച ഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാര്‍ ഇരുന്ന സീറ്റ്‌ നമ്പര്‍ എട്ട്‌ എ യും വിമാനത്തിന്റെ ഭിത്തിയുമായി ഒന്‍പതു സെന്റിമീറ്റര്‍ അകലമുണ്ട്‌. പിന്നിലെ സീറ്റിലിരുന്ന മന്ത്രിക്ക്‌ ഇടതുകൈ നീട്ടിയാല്‍ ഈ‍ വിടവിലൂടെ അനായാസം മുന്നിലെ യാത്രക്കാരിയെ സ്പര്‍ശിക്കാനാവും. സിഐഎസ്‌എഫിന്റെ സഹായത്തോടെ വിമാനത്തില്‍ പരിശോധന നടത്തിയപ്പോഴും ഇക്കാര്യം വ്യക്തമായതാണ്.

പിന്നിലിരിക്കുന്ന ആള്‍ ബോധപൂര്‍വം സ്പര്‍ശിക്കണമെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാലേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്മി ഗോപകുമാര്‍ സംഭവത്തെക്കുറിച്ചു നല്‍കിയ പരാതിയുടെ കോപ്പി ലഭിക്കാന്‍ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ ചെയര്‍മാന്‍ വിജയ്‌ മല്യയുമായി ഐജി സന്ധ്യ ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ ദിവസംതോറും അയ്യായിരത്തിലേറെ നിര്‍ദേശങ്ങളാണ്‌ തങ്ങള്‍ക്കു ലഭിക്കുന്നതെന്നും ഇതു കൈകാര്യം ചെയ്യുന്നത്‌ സെന്‍ട്രല്‍ പ്രോസസിങ്‌ യൂണിറ്റിലാണെന്നും ഇതില്‍ നിന്ന്‌ ഇത്തരമൊരു പരാതി മാത്രം കണ്ടെത്തുക സമയമെടുക്കുന്ന പ്രക്രിയയാണെന്നുമുള്ള മറുപടിയാണു മല്യ എസ്‌എംഎസ്‌ വഴി ഐജിക്ക്‌ നല്‍കിയത്‌.

മുഖ്യമന്ത്രിയുടെ ഓ‍ഫിസില്‍ നിന്നു വിവരം തിരക്കിയെന്നു പറഞ്ഞ്‌ സംഭവത്തെക്കുറിച്ച്‌ അറിയാന്‍ തങ്ങളെ ആദ്യം ബന്ധപ്പെട്ടതു നെടുമ്പാശേരി വിമാനത്താവളത്തിലെ സിഐഎസ്‌എഫ്‌ കമന്‍ഡാന്റ്‌ സുരേഷ്‌ കുമാറായിരുന്നെന്നു പരാതിക്കാരിയുടെ ഭര്‍ത്താവ്‌ എം. ഗോപകുമാര്‍ നല്‍കിയ മൊഴിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ഞങ്ങള്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എങ്ങനെ വിവരമറിഞ്ഞു എന്നു ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ട്‌ പൊലീസ്‌ മുഖേനയോ സഹയാത്രികര്‍ വഴിയോ അറിഞ്ഞിരിക്കാമെന്നായിരുന്നു സുരേഷ്‌ കുമാറിന്റെ മറുപടി. ഇതേക്കുറിച്ച്‌ വ്യക്‌തിപരമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓ‍ഫിസില്‍ നിന്ന്‌ ഇക്കാര്യത്തിന്‌ ബന്ധപ്പെടുന്നതില്‍ വിരോധമുണ്ടോയെന്നു സുരേഷ്‌ കുമാര്‍ ചോദിച്ചതായും മൊഴിയിലുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X