കാരാട്ടിനും ദേശാഭിമാനിയില്‍ എഡിറ്റിംഗ്
ദില്ലി : പ്രകാശ് കാരാട്ട് സിപിഎം അഖിലേന്ത്യാ സെക്രട്ടറിയാണെന്നത് ശരി. എന്നുവെച്ച് ദേശാഭിമാനിയില്‍ അദ്ദേഹം എഴുതിയ ലേഖനം അതുപോലെ കൊടുക്കണമെന്ന് നിയമമില്ല.
ലോട്ടറി സാമ്രാജ്യം വാഴുന്ന സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി രണ്ടു കോടി വാങ്ങിയതിനെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി എഴുതിയ ലേഖനമാണ് എഡിറ്റിംഗിന്റെ മിടുക്കു കൊണ്ട് വിവാദമാകുന്നത്.
ലേഖനത്തിന്റെ പൂര്‍ണരൂപം സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിച്ചതോടെയാണ് ദേശാഭിമാനിയില്‍ വന്നതും പ്രകാശ് കാരാട്ട് എഴുതിയതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പുറംലോകമറിഞ്ഞത്.
ലേഖനത്തിന്റെ തലക്കെട്ടു മുതല്‍ അഖിലേന്ത്യാ സെക്രട്ടറിയെ ദേശാഭിമാനി തിരുത്തി. "ഒരു തെറ്റും വെച്ചുപൊറുപ്പിക്കില്ല" എന്നാണ് പീപ്പിള്‍സ് ഡെമോക്രസി ലേഖനത്തിന്റെ തലക്കെട്ട്. "പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുളള നീക്കങ്ങള്‍ പരാജയപ്പെടും" എന്നത് ഉപശീര്‍ഷകവും.
"കുപ്രചരണങ്ങള്‍ പരാജയപ്പെടും" എന്നാണ് ദേശാഭിമാനി ലേഖനത്തിലെ തലക്കെട്ട്.
"ഈ പശ്ചാത്തലത്തിലാണ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെടുകയും ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുകയും ചെയ്തിട്ടുളള ഒരു ലോട്ടറി നടത്തിപ്പുകാരനില്‍ നിന്നു് രണ്ടുകോടിയുടെ നിക്ഷേപം സ്വീകരിച്ചതില്‍ സിപിഎം അംഗങ്ങളും അനുഭാവികളും അസംതൃപ്തി അറിയിച്ചത് " എന്ന ലേഖനത്തിലെ ഭാഗം പൂര്‍ണമായും ദേശാഭിമാനി ഒഴിവാക്കി.
പത്രത്തിന്റെ നടത്തിപ്പിന് പരസ്യവരുമാനം ആവശ്യമാണെന്ന് കാരാട്ട് എഴുതിയത്‍ അത്യന്താപേക്ഷിതം എന്നു തിരുത്തിയാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. പത്രം നടത്തിപ്പില്‍ പരസ്യവരുമാനം പോലെ പ്രധാനമാണ് എഡിറ്റിംഗും. എഴുതുന്നത് അതേ പടി കൊടുക്കാനാണെങ്കില്‍ പിന്നെ എഡിറ്റര്‍മാരെന്തിന്?












Click it and Unblock the Notifications