കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: ഗീതയെയും ചിത്രയെയും ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: അഭയക്കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ചീഫ്‌ കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീത, അനലിസ്റ്റ്‌ എം. ചിത്ര എന്നിവരെ ഓ‍ള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓ‍ഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക്‌ സയന്‍സ്‌ വിഭാഗം ഡോക്ടര്‍മാര്‍ ചോദ്യം ചെയ്‌തു. സിബിഐയുടെ ആവശ്യപ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍.

രാസ പരിശോധനാ റിപ്പോര്‍ട്ടിലെ രേഖകളില്‍ തിരുത്തലുകള്‍ നടന്നതായി ഹൈദരാബാദിലെ ഫോറന്‍സിക്‌ ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്‌തമായിരുന്നു.

തിരുത്തലുകള്‍ നടത്തിയതിന്റെ വിശദാംശങ്ങള്‍ മനസിലാക്കാനാണ്‌ ഫോറന്‍സിക്‌ വിഭാഗം തലവന്‍ ഡോ. ടി.ഡി. ദോഗ്രയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്‌തത്‌.

രാസപരിശോധന എത്രമാത്രം ശാസ്‌ത്രീയമായിരുന്നു, നിഗമനങ്ങളിലെത്താനുള്ള കാരണങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ ഗീതയോടും ചിത്രയോടും സംഘം ചോദിച്ചു.

അഞ്ചു ഘട്ടങ്ങളിലായി നടത്തിയ പരിശോധനയില്‍ നാലാം ഘട്ടത്തില്‍ പുരുഷബീജത്തിന്റെ സൂചനകള്‍ കണ്ടിരുന്നു. എന്നാല്‍ അടുത്ത ഘട്ടത്തില്‍ അതു സ്ഥിരീകരിക്കാന്‍ സാധിക്കാത്തതിനാലാണ്‌ തിരുത്തല്‍ വരുത്തി റിപ്പോര്‍ട്ടില്‍ നെഗറ്റീവ് എന്ന് രേഖപ്പെടുത്തിയതെന്നാണ് ഇരുവരും മറുപടി നല്‍കിയതെന്നാണ്‌ സൂചന.

എന്നാല്‍, ഇത്തരം ഘട്ടങ്ങളില്‍ കൈക്കൊള്ളേണ്ട പരിശോധനയുടെ ആധികാരികത, തിരുവനന്തപുരം ലബോറട്ടറിയില്‍ ഉണ്ടായിട്ടില്ലെന്നാണ്‌ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്‌. ആന്തരികാവയവ പരിശോധനയില്‍ മേല്‍പ്പറഞ്ഞ പരിശോധനാരീതിയെക്കുറിച്ച്‌ വ്യത്യസ്ത വീക്ഷണങ്ങള്‍ നിലവിലുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി അറിയുന്നു.

ഹൈദരാബാദിലെ ഫോറന്‍സിക്‌ ലബോറട്ടറിയില്‍ നടത്തിയ വിശദപരിശോധനയിലാണ്‌ രാസപരിശോധനാ വര്‍ക്ക്‌ രജിസ്റ്ററില്‍ എട്ട്‌ തിരുത്തലുകള്‍ കണ്ടെത്തിയത്‌. ഇക്കാര്യം സിബിഐയുടെ പ്രത്യേക അന്വേഷണസംഘം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

അനലിസ്റ്റ്‌ എം. ചിത്രയുടെ കൈപ്പടയിലുള്ള ആറ്‌ തിരുത്തുകളും ഗീതയുടെ കൈപ്പടയില്‍ രണ്ട്‌ തിരുത്തുകളുമാണ്‌ വിദഗ്‌ധ ഡോക്ടര്‍മാരുടെ മുന്നിലെത്തിയത്‌. അഭയയുടെ ആന്തരികാവയവങ്ങള്‍ പരിശോധന നടത്തിയതില്‍ പുരുഷബീജം കണ്ടെത്തിയിട്ടില്ലെന്ന തരത്തിലുള്ള രണ്ട്‌ തിരുത്തലുകള്‍ ഗീതയുടെ കൈപ്പടയിലാണ്‌.

ഗീതയുടെയും ചിത്രയുടെയും മറുപടിയും വിദഗ് ധരുടെ വിശകലനവുമടങ്ങുന്ന റിപ്പോര്‍ട്ട്‌ ഉടനെ സിബിഐക്കു കൈമാറും. അന്വേഷണം ശരിയായ ദിശയിലാണു പുരോഗമിക്കുന്നതെന്ന്‌ സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷകര്‍ അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും. ചോദ്യം ചെയ്യലിനായി കൂടുതല്‍ പേരെ ദില്ലിയിലേക്കു കൊണ്ടുവരുമെന്നും സൂചനയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X