കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയില്‍ കുരുങ്ങുന്ന ബിനോയ് വിശ്വം..........

  • By Staff
Google Oneindia Malayalam News

ഭൂമി വിവാദത്തില്‍ കുരുങ്ങി മന്ത്രി ടി യു കുരുവിള രാജിവെച്ചതിന് പിന്നാലെ അടുത്ത മന്ത്രിയുടെ കഴുത്തിലും വിവാദക്കുരുക്ക് മുറുകുന്നു. ഇത്തവണ ആദര്‍ശധീരനായ ബിനോയ് വിശ്വമാണ് വിവാദത്തിന്റെ ചതുപ്പില്‍ വീണ് കൈയും കാലുമിട്ടടിക്കുന്നത്. പതിവുപോലെ ഇക്കുറിയും മന്ത്രിക്കെതിരായ കുത്തുവാക്കുകളോടെ മുഖ്യമന്ത്രി മാറിനിന്ന് ഊറിച്ചിരിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ അലറിയാര്‍ത്ത പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി പറഞ്ഞ വാചകം ബിനോയ് വിശ്വത്തിന്റെ ചങ്കു തകര്‍ക്കുന്നതായിരുന്നു. മന്ത്രി പറയുന്നതാണോ പ്രതിപക്ഷ നേതാവ് പറയുന്നതാണോ ശരിയെന്ന് പരിശോധിക്കട്ടെയെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എരിയുന്ന തീക്കട്ട പോലെയാണ് ഈ വാക്കുകള്‍ വനംമന്ത്രിയുടെ കാതിലും നെഞ്ചിലും പതിച്ചത്. മന്ത്രിയുടെ വിശദീകരണം ശരിയാണോ എന്ന് താന്‍ പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അതിനര്‍ത്ഥം അദ്ദേഹത്തില്‍ വിശ്വാസമില്ലെന്നു തന്നെയാണ്.

അധികം പഴയതല്ലാത്ത ഒരു കണക്കു തീര്‍ക്കാനുണ്ട് മുഖ്യമന്ത്രിക്ക് സിപിഐയുമായി. മൂന്നാറില്‍ ടാറ്റയുടെ ബോര്‍ഡ് പിഴുതുമാറ്റിയ വി എസിനെ സി പി ഐയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയില്‍ നാണം കെടുത്തിയിരുന്നു. തുടര്‍ന്ന് വനംമന്ത്രിയും രാജേന്ദ്രന്റെ പാത പത്രസമ്മേളനത്തില്‍ പിന്തുടര്‍ന്നു. വനംവകുപ്പിന്റെ ഭൂമിയാണ് വി എസ് പിടിച്ചെടുത്തത് എന്നു വാദിച്ച സിപിഐയുടെ മന്ത്രിമാര്‍ ഇപ്പോള്‍ അതേ വനംവകുപ്പിന്റെ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് പതിച്ചു കൊടുത്ത് സ്വയം വിവാദക്കുഴിയില്‍ ചാടുമ്പോള്‍ വിഎസ് ചിരിക്കാതെന്തു ചെയ്യും?

പൊന്മുടിയില്‍ നടന്നത് ഇങ്ങനെ...

ഐഎസ്ആര്‍ഓയ്ക്ക് ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തിരുവനന്തപുരത്ത് ഒഴിഞ്ഞ പ്രദേശത്ത് നൂറേക്കര്‍ സ്ഥലം വേണമെന്ന് 2006 ഡിസംബര്‍ 16ന് വിഎസ്എസ് സി ഡയറക്ടര്‍ ഡോ. ബി എന്‍ സുരേഷ് റവന്യൂ മന്ത്രി കെ പി രാജേന്ദ്രനോട് രേഖാമൂലം ആവശ്യപ്പെടുന്നു.

നിയമക്കുരുക്കുകളില്ലാത്തതും ശാന്തസുന്ദരവുമായ പ്രദേശമാണ് ഐഎസ്ആര്‍ഒ ആഗ്രഹിക്കുന്നതെന്നും ഡോ ബി എന്‍ സുരേഷ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. പൊന്മുടി പ്രദേശത്തിനാണ് കൂടുതല്‍ പരിഗണനയെന്നും അവര്‍ വ്യക്തമാക്കി.

വി എസ് എസ് സി ഡയറക്ടറുടെ കത്ത് റവന്യൂ വകുപ്പ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടിനു വേണ്ടി കൈമാറി. ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി വെറുതേ കിടക്കുമ്പോഴും ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഭൂമിയില്ലെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്ന് ഭൂമിക്കു വേണ്ടി വിഎസ്എസ് സി പത്ര പരസ്യം നല്‍കി. വാഗ്ദാനവുമായി സമീപിച്ചത് 17 പേര്‍. ഇവരില്‍ നിന്നും സേവി മനോ മാത്യു എന്നയാളിന്റെ കൈവശമുളള മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിലയ്ക്കു വാങ്ങാന്‍ വി എസ് എസ് സി കരാറുണ്ടാക്കി. സെന്റിന് നാലായിരം രൂപ നിരക്കില്‍ 81.5 ഏക്കര്‍ ഭൂമിയാണ് സേവി വിഎസ്എസ് സിയ്ക്ക് വിറ്റത്. ആകെ തുക 3.26 കോടി രൂപ.

2005ല്‍ ജയശ്രീ ടീ ആന്റ് ഇന്‍ഡസ്ട്രി എസ്റ്റേറ്റില്‍ നിന്നാണ് സേവി മനോ മാത്യു ഈ എസ്റ്റേറ്റ് വാങ്ങിയത്. തൊഴിലാളികളെ സംരക്ഷിക്കുന്നതിനു വേണ്ടി തിരുവിതാംകൂര്‍ രാജാവ് ബ്രിട്ടീഷ് സര്‍ക്കാരിനെ ഏല്‍പ്പിച്ച എസ്റ്റേറ്റ് സ്വാതന്ത്ര്യാനന്തരം അവര്‍ ബിര്‍ളയെ ഏല്‍പ്പിച്ചു. ബിര്‍ളയുടെ കൈയില്‍ നിന്നും 1954ലാണ് എസ്റ്റേറ്റ് ജയശ്രീ ടീ ആന്റ് ഇന്‍ഡസ്ട്രി ഉടമകളുടെ കൈവശം എത്തുന്നത്.

എസ്റ്റേറ്റ് 2001ല്‍ വനംവകുപ്പ് ഏറ്റെടുത്തത്....

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഉള്‍പ്പെട്ട 707 ഏക്കര്‍ വനഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന് () 2001ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പ് ഭൂമി ഉള്‍പ്പെട്ട തെന്നൂര്‍ വില്ലേജ് ഓഫീസില്‍ ലഭിക്കുന്നത് 2007 ജൂണ്‍ 19നാണ്. 2007 ഏപ്രിലില്‍ തന്നെ തെന്നൂര്‍ വില്ലേജ് ഓഫീസര്‍ സേവി മനോ മാത്യുവിന് ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഏറ്റെടുത്ത വനഭൂമി എസ്റ്റേറ്റ് ഉടമയ്ക്ക് തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി ഗോപിനാഥന്‍ 2007 ജൂണ്‍ 12ന് ഉത്തരവ് പുറപ്പെടുവിച്ചു. വനഭൂമി പതിച്ചു നല്‍കണമെന്ന് സേവി മനോ മാത്യു ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന അവസരത്തില്‍ തന്നെയാണ് തെന്നൂര്‍ വില്ലേജ് ഓഫീസര്‍ ഇയാള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റും നല്‍കിയത്. കരം തീര്‍ത്ത രസീതും ഒപ്പം കൊടുത്തു.

വില്ലേജ് ഓഫീസിലെ രേഖകള്‍ അനുസരിച്ച് ജയശ്രീ എസ്റ്റേറ്റ് ഉടമകളില്‍ നിന്നും 2005 മാര്‍ച്ച് 31നാണ് 700 ഏക്കര്‍ എസ്റ്റേറ്റ് സേവി വാങ്ങിയത്. യഥാസമയം പോക്കുവരവ് ചെയ്ത ഭൂമിക്ക് 2005ലും 2006ലും കരം അടച്ചിരുന്നു. 2001ല്‍ വനംവകുപ്പ് ഭൂമി ഏറ്റെടുത്ത വിവരം റവന്യൂ വകുപ്പിനെ അറിയിക്കാത്തതിനാല്‍ ഈ വിവരം വില്ലേജ് റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. വനംവകുപ്പിന്റെ വീഴ്ചയാണിതെന്ന് കാണിച്ച് തെന്നൂര്‍ വില്ലേജ് ഓഫീസറും നെടുമങ്ങാട് തഹസീല്‍ദാരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

വിവാദഭൂമിയില്‍ നിന്നും 69 മരങ്ങള്‍ മുറിച്ചതിന്റെ പേരില്‍ വനംവകുപ്പ് സേവിയ്ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുളള ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്ന് സേവി വാദിക്കുന്നു. ഇതു സംബന്ധിച്ച് വനംമന്ത്രി ബിനോയ് വിശ്വത്തിന് സേവി പരാതി നല്‍കി.

പിന്നീട് നടന്നത് അസാധാരണ നടപടികള്‍

ക്രിമിനല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സേവി നല്‍കിയ പരാതി ചര്‍ച്ച ചെയ്യാന്‍ 2007 ഏപ്രില്‍ 16ന് ബിനോയ് വിശ്വത്തിന്റെ കാബിനില്‍ ഉന്നതതല യോഗം ചേരുന്നു. തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍, സതേണ്‍ ഫോറസ്റ്റ് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ കെ ജെ വര്‍ഗീസ്, സിഐടിയുവിനെ പ്രതിനിധീകരിച്ച് കെ അബ്ബാസ്, ഉയര്‍ന്ന വനംവകുപ്പുദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പരാതിക്കാരനായ സേവിയും യോഗത്തില്‍ പങ്കെടുത്തു.

എസ്റ്റേറ്റിനെ പ്രവര്‍ത്തനം വനംവകുപ്പ് തടസപ്പെടുത്തില്ലെന്ന് യോഗത്തില്‍ മന്ത്രി ബിനോയ് വിശ്വം ഉറപ്പു നല്‍കി. യോഗം കൈക്കൊണ്ട നാലു തീരുമാനങ്ങള്‍ ഇവയാണ്.
വനംവകുപ്പിന്റെ അധീനതയിലുളള ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിക്കരുത്. എസ്റ്റേറ്റ് ഉടമ കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്നും വിറകിനായി മരം മുറിക്കാം. 23 ഹെക്ടര്‍ ഒഴികെയുളള ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കിട്ടാന്‍ സേവി വനംവകുപ്പിന് അപേക്ഷ നല്‍കണം. ലായങ്ങളുടെ ആവശ്യത്തിനായി ചീഫ് കണ്‍സര്‍വേറ്ററുടെ മുന്‍കൂര്‍ അനുമതിയോടെ മരം മുറിക്കാം.

വിചിത്രമാണ് ബിനോയ് വിശ്വത്തിന്റെ ഈ നടപടി. 2001ല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചതാണ് മെര്‍ക്കസ്റ്റണ്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുളള സ്ഥലം. സേവിയുടെ ഉടമസ്ഥതയിലുളള സ്ഥലം ഒഴിവാക്കാന്‍ വനംവകുപ്പിന് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചത് വകുപ്പു മന്ത്രി തന്നെയാണ്. ഈ യോഗത്തിനു ശേഷമാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഏറ്റെടുത്ത ഭൂമി ഉടമസ്ഥന് തിരികെ നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

മന്ത്രിയുടെ ഞഞ്ഞാമിഞ്ഞ

കഥയില്ലാക്കഥ എന്നാണ് ഇതുസംബന്ധിച്ച ആരോപണത്തിന് ബിനോയ് വിശ്വം നിയമസഭയില്‍ നല്‍കിയ മറുപടി. ഉദ്യോഗസ്ഥരുടെ പിടലിക്ക് ഉത്തരവാദിത്വം കെട്ടിയേല്‍പ്പിച്ച് കൈകഴുകാന്‍ അര്‍ദ്ധരാത്രി സിപിഐ നിയമസഭാ കക്ഷിയും യോഗം ചേര്‍ന്നു.

യുഡിഎഫിന്റെ കാലത്താണ് എസ്റ്റേറ്റ് സേവി സ്വന്തമാക്കിയതെന്ന ദുര്‍ബലമായ ന്യായം മാത്രമേ ബിനോയ് വിശ്വം ആവര്‍ത്തിച്ചു പറയുന്നുളളൂ. രണ്ടു മന്ത്രിമാര്‍ പങ്കെടുത്ത് ഉന്നതരായ വനംവകുപ്പുദ്യോഗസ്ഥരെ കൂടെയിരുത്തി ഏപ്രില്‍ 16ന് ഒന്നര മണിക്കൂറോളം സേവിയുടെ പരാതി ചര്‍ച്ച ചെയ്തതെന്തിന് എന്ന ചോദ്യത്തിന് ബിനോയ് വിശ്വത്തിന് ഉത്തരമില്ല.

സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്കാണ് 2006 ഡിസംബറില്‍ സ്ഥലം ആവശ്യപ്പെട്ട വി എസ് എസ് സി ഡയറക്ടര്‍ കത്തെഴുതിയത്. ആ കത്തും തുടര്‍ന്നുളള നടപടിക്രമങ്ങളും പരസ്യമാക്കപ്പെട്ടതിനു ശേഷവും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ഐഎസ്ആര്‍ഒ സ്ഥലമെടുത്തു എന്ന പച്ചക്കളളം തട്ടിവിടുന്നതിന് എന്ത് ന്യായമാണുളളത്?

ബിനോയ് വിശ്വത്തിനെതിരെ ഇതാദ്യമായല്ല ആരോപണമുയരുന്നത്. തൂത്തമ്പാറ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കാനും പോബ്സ് ഗ്രൂപ്പിന് കൈമാറാനും വഴിവിട്ട കളികള്‍ വനംമന്ത്രി കളിച്ചതായി ആക്ഷേപമുണ്ടായിരുന്നു. വിഎസിന്റെ കടുംപിടിത്തമില്ലായിരുന്നെങ്കില്‍ തൂത്തമ്പാറ എസ്റ്റേറ്റ് ഇപ്പോഴും പോബ്സ് തന്നെ കൈവശം വയ്ക്കുമായിരുന്നു. കേന്ദ്രമന്ത്രി ജയറാം രമേശിനെ വരെ ഇക്കാര്യത്തില്‍ ഇടപെടുത്തിയതും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തു ചോര്‍ത്തിയതും വനംവകുപ്പാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ജനയുഗം ഫണ്ടു പിരിവ് നടക്കുന്ന കാലത്താണ് ഈ നടപടികളെല്ലാം നടന്നത് എന്നത് ശ്രദ്ധേയമാണ്. സിപിഐ നേതാക്കളുടെ കണ്ണുതളളിച്ച പത്തുകോടി നടവരവില്‍ സിംഹഭാഗവും റവന്യൂ വനം വകുപ്പ് വഴി പിരിച്ചെടുത്തതാണെന്നാണ് ആരോപണം. ഒന്നുകില്‍ പാര്‍ട്ടിക്കു വേണ്ടി ബിനോയ് വിശ്വം ചിലതെല്ലാം കണ്ടില്ലെന്നു നടിക്കുന്നു. അല്ലെങ്കില്‍ വകുപ്പു ഭരണത്തിന്റെ ഏബിസിഡി അദ്ദേഹത്തിനറിയില്ല. പ്രസംഗവും ലേഖനമെഴുത്തും പോലെയല്ല സംസ്ഥാന ഭരണമെന്ന് അദ്ദേഹം പഠിച്ചു വരുന്നതേയുളളൂ.

ആരോപണത്തിന്റെ രത്നച്ചുരുക്കം

ചുളു വിലയ്ക്ക് സേവി സ്വന്തമാക്കിയതാണ് എസ്റ്റേറ്റ്. ഇത് ഉയര്‍ന്ന വിലയ്ക്ക് വി എസ് എസ് സിയ്ക്ക് മറിച്ചു വില്‍ക്കാന്‍ വനം മന്ത്രി അല്ലെങ്കില്‍ മന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നു. ഈ ഭൂമി തന്നെ വി എസ് എസ് സി ഏറ്റെടുക്കാന്‍ അവസരമുണ്ടാകും വിധം, സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

2001ല്‍ വനംവകുപ്പ് ഏറ്റെടുത്ത ഭൂമി സേവിയ്ക്ക് നിയമം മറികടന്ന് തിരികെ നല്‍കി. ഇതിന് വനംവകുപ്പും മന്ത്രിയും സര്‍വ ഒത്താശയും ചെയ്തു കൊടുത്തു. സര്‍ക്കാര്‍ നിയമം ലംഘിച്ച് എസ്റ്റേറ്റ് സ്വന്തമാക്കുകയും വനത്തിലെ മരം മുറിച്ചു കടത്തിയതിന് ക്രിമിനല്‍കേസില്‍ പെടുകയും ചെയ്ത വ്യക്തിയെ മന്ത്രിയുടെ കാബിനില്‍ ബിനോയ് വിശ്വം ക്ഷണിച്ചു വരുത്തി. മറ്റൊരു മന്ത്രിയെ കൂടെയിരുത്തി അയാളുടെ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ തടയില്ലെന്ന് വാക്കു കൊടുത്തു.

നിയമത്തിന്റെ പരിധിയില്‍ നിന്നും മറികടക്കാനുളള ഉപാധികള്‍ നിര്‍ദ്ദേശിക്കുകയും അയാളുടെ അപേക്ഷ സ്വീകരിച്ച് ഏറ്റെടുത്ത വനഭൂമി വിട്ടുകൊടുക്കുകയും ചെയ്തു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയതു പോലെ അറേബ്യയിലെ സുഗന്ധം മുഴുവന്‍ കൊണ്ടു വന്ന് കൈകഴുകിയാലും ബിനോയ് വിശ്വത്തിന്റെ കൈകളില്‍ പറ്റിയ അഴിമതിഗന്ധം മായില്ല. ദുരൂഹമാണ് വനംവകുപ്പിന്റെ പല നടപടികളും. കെടുകാര്യസ്ഥതയാണ് വനംമന്ത്രിയുടെ കൈമുതല്‍. മൂന്നാറില്‍ ചുവടു പിഴച്ച സിപിഐ പൊന്മുടിയിലെത്തി നില്‍ക്കുമ്പോള്‍ ചുറ്റും പരക്കുന്ന് അഴിമതിയുടെ ദുര്‍ഗന്ധമാണ്. കുരുവിളയുടെ വഴി ബിനോയ് വിശ്വത്തിനു നേരെ ചൂണ്ടാന്‍ അച്യുതാനന്ദന്റെ കൈവിരലുകള്‍ പൊങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X