കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിയെത്ര ? പയറഞ്ഞാഴി!

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : പ്രശസ്തമായ ഈ പഴഞ്ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന രംഗങ്ങളാണ് പൊന്മുടി ഭൂമി ഇടപാടിനെക്കുറിച്ച് ചേര്‍ന്ന ഉന്നതതലയോഗത്തെ തുടര്‍ന്നുളള വാര്‍ത്താ സമ്മേളനത്തില്‍ നടന്നത്. വിവാദ ഇടപാടിനെക്കുറിച്ചുളള ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല. പഴി മുഴുവന്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും നല്‍കി വി എസ് അച്യുതാനന്ദന്‍ സ്ഥലം വിട്ടു.

കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തില്‍ യുഡിഎഫ് വെളളം ചേര്‍ത്തുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഇതു പരിഹരിക്കാന്‍ നിയമഭേദഗതി കൊണ്ടു വരുമോ എന്ന ചോദ്യത്തിന് വി എസ് നേരിട്ട് മറുപടി പറഞ്ഞില്ല. പകരം അദ്ദേഹം പറഞ്ഞതിങ്ങനെ.

"മൂന്നാറില്‍ തുടങ്ങിയതും പിന്നെ കേരളത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതുമായ നടപടികള്‍ മാഫിയകളെ തോല്‍പിക്കാനാണ്. താമസിയാതെ നിങ്ങളുടെ സംശയം ദുരീകരിക്കപ്പെടും".

"പൊന്മുടി ഇടപാടിനെക്കുറിച്ചുളള പ്രതിപക്ഷത്തിന്റെ ആരോപണം ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് നഷ്ടപ്പെടാനേ ഉപകരിക്കൂ. അതിനാല്‍ അവര്‍ ആരോപണങ്ങളില്‍ നിന്നും പിന്മാറണം".

വനം മന്ത്രി തന്നെ പ്രസ്തുത ഇടപാടിനെ വിശേഷിപ്പിച്ചത് കരിനിഴല്‍ വീണ ഇടപാട് എന്നാണല്ലോ എന്ന ചോദ്യത്തിന് വി എസിന്റെ മറുപടി ഇപ്രകാരമായിരുന്നു.

"ഞാനും ബിനോയിയും പറഞ്ഞത് ഒന്നു തന്നെ. നിയമവിരുദ്ധ കാര്യങ്ങള്‍ നടന്നെന്നല്ലേ പറഞ്ഞത്. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനും ഇടതുപക്ഷം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ അട്ടിമറിക്കാനുമാണ് യുഡിഎഫ് ശ്രമിക്കുന്നത്".

പൊന്മുടിയിലെ ഹെലിപ്പാഡ് നിര്‍മ്മാണത്തിന് ചീഫ് സെക്രട്ടറി പണം അനുവദിച്ചത് ചട്ടപ്രകാരമാണോ എന്ന ചോദ്യത്തിന്റെ മറുപടി ചീഫ് സെക്രട്ടറിയല്ലേ കൊടുത്തത്. അല്ലാതെ കര്‍ണാടകത്തിന്റെ പൈസയല്ലല്ലോ?

അതെന്തിന് എന്ന് തുടര്‍ന്നു ചോദ്യം. മറുപടി "നമ്മുടെ പ്രധാനമന്ത്രി വരുമ്പോള്‍ സ്വച്ഛന്ദമായി അവിടെ ഇറങ്ങട്ടെ".

പ്രധാനമന്ത്രി വരുന്നില്ലെന്നാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല.

ഭൂമിയിടപാടിനെക്കുറിച്ചുളള എല്ലാ ചോദ്യങ്ങള്‍ക്കും "ചോദ്യങ്ങളെല്ലാം യുഡിഎഫിനു വേണ്ടിയാണ് ചോദിക്കുന്നതെ"ന്ന മറുപടിയുണ്ടായി.

സര്‍ക്കാര്‍ഭൂമി എങ്ങനെ വ്യക്തിയുടെ കൈയിലായെന്നും ആരുടെ ഭാഗത്താണു വീഴ്ചയെന്നുമുള്ള ചോദ്യത്തിനു മറുപടിയായി 2003-ലെ നിയമത്തെ കുറ്റപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി.

വ്യക്തി കൈയേറിയ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുമോ എന്ന ചോദ്യത്തിനു മറുപടി 2000ലെ ഓര്‍ഡിനന്‍സും 2003 ലെ നിയമവും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചായിരുന്നു.

മലപ്പുറത്ത് ഹവാലാ പണം റെയ്ഡ് ചെയ്ത് പിടിച്ച കാര്യം അറിഞ്ഞോയെന്നായിരുന്നു വേറൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X