കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനോയിയ്ക്ക് വിഎസിന്റെ മുന്നറിയിപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളും പ്രസ്താവനകളും അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വനം മന്ത്രി ബിനോയ് വിശ്വത്തെ താക്കീത് ചെയ്തു. ദില്ലിയിലുളള വിഎസ് ടെലിഫോണിലൂടെയാണ് ശനിയാഴ്ച വനംമന്ത്രിയെ ശാസിച്ചത്.

മുഖ്യമന്ത്രിയുടെ ശാസനയ്ക്കും താക്കീതിനും വഴങ്ങേണ്ടെന്ന് സിപിഐ നേതൃത്വം മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ മുഖ്യമന്ത്രിയും സിപിഐയും തമ്മിലുളള അഭിപ്രായ വ്യത്യാസം രൂക്ഷമായി. വനംമന്ത്രിയെ പരസ്യമായി വിമര്‍ശിച്ച് നിയമമന്ത്രി എം വിജയകുമാറും അതിനു മറുപടിയുമായി ബിനോയ് വിശ്വവും രംഗത്തെത്തിയതോടെ ഏറ്റുമുട്ടല്‍ സിപിഎമ്മും സിപിഐയും തമ്മിലായിട്ടുണ്ട്.

പൊന്മുടി ഭൂമിയിടപാട് സംബന്ധിച്ച് ഉന്നതതല യോഗത്തിലെടുത്ത തീരുമാനത്തിനു വിരുദ്ധമായി നീങ്ങിയതിനാണ് മുഖ്യമന്ത്രി വനംമന്ത്രിയെ താക്കീത് ചെയ്തത്. യുഡിഎഫിന്റെ കാലത്ത് ഭേദഗതി ചെയ്ത നിയമം വീണ്ടും ഭേദഗതി ചെയ്തതിനു ശേഷം ഭൂമി തിരിച്ചു പിടിക്കാനാണ് ഈ യോഗത്തില്‍ തീരുമാനമായത്. ഐഎസ്ആര്‍ഒയ്ക്ക് അവര്‍ ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്ന സ്ഥലം സൗജന്യമായി നല്‍കാനും യോഗത്തില്‍ ധാരണയായി.

യോഗത്തിനു ശേഷം മുഖ്യമന്ത്രിയെ വ്യക്തിപരമായി കണ്ട് ബിനോയ് വിശ്വം സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇത് വിഎസ് കൈയോടെ തളളി. നയപരമായ കാര്യമായതിനാല്‍ മന്ത്രിസഭയിലും സിപിഎമ്മിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിക്ക് സിബിഐ അന്വേഷണം ആവശ്യപ്പെടാനാവില്ല. അതുകൊണ്ടു തന്നെ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനും വിഎസ് തയ്യാറായില്ല.

എന്നാല്‍ തൊട്ടടുത്ത ദിവസമായപ്പോഴേയ്ക്കും ബിനോയ് വിശ്വത്തിന്റെ താന്തോന്നിത്തരമാണ് കേരളം കണ്ടത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തതും ഐഎസ്ആര്‍ഒയിലെ ഉന്നതരടക്കം പങ്കെടുത്തതുമായ യോഗതീരുമാനങ്ങള്‍ മന്ത്രി അട്ടിമറിച്ചു. പൊന്മുടിയിലെ 707 ഏക്കര്‍ വനവും ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിനു പുറമെ തോട്ടം ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ഹെലിപ്പാഡ് നിര്‍മ്മാണം നിര്‍ത്താന്‍ ഐഎസ്ആര്‍ഒയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിലൊന്നും യാതൊരു കൂടിയാലോചനയും നടത്താന്‍ ബിനോയ് വിശ്വം തയ്യാറായില്ല.

തുടര്‍ന്നാണ് രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി ബിനോയ് വിശ്വത്തിന് താക്കീത് നല്‍കിയത്. തക്കസമയത്ത് കാര്യങ്ങള്‍ വേണ്ടവണ്ണം ചെയ്യാതെ സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ് റവന്യൂ വനം വകുപ്പുകള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. നിങ്ങള്‍ മാത്രം കേമനും ബാക്കിയുളളവര്‍ മോശക്കാരുമാണോ എന്ന് ബിനോയ് വിശ്വത്തോട് വിഎസ് ചോദിച്ചെന്നാണ് അറിയുന്നത്.

സര്‍ക്കാരിന്റെ പ്രതിച്ഛായ ഇപ്പോള്‍ തന്നെ നിങ്ങള്‍ തകര്‍ത്തുവെന്നും ഇനിയും ഇത് അനുവദിക്കാനാവില്ലെന്നും വിഎസ് തീര്‍ത്തു പറഞ്ഞു.

പൊന്മുടി ഭൂമിയിടപാട് വിഎസ് റദ്ദാക്കും മുമ്പ് തങ്ങള്‍ക്ക് അതു ചെയ്ത് മേനി നടിക്കാനുളള സിപിഐയുടെ തീരുമാനമാണ് ബിനോയ് വിശ്വം നടപ്പാക്കിയത്. വനം റവന്യൂ മന്ത്രിമാരുടെ ജാഗ്രതയില്ലായ്മയും പരിചയക്കുറവുമാണ് കാര്യങ്ങള്‍ ഇത്രകണ്ട് വഷളാക്കിയത്. ഭൂമിയിടപാട് തങ്ങളുടെ മന്ത്രിതന്നെ റദ്ദാക്കിയാല്‍ കുറേ പേരുദോഷം മാറിക്കിട്ടുമെന്ന് സിപിഐ നേതൃത്വം കരുതുന്നുണ്ടാവും.

മൂന്നാറില്‍ തുടങ്ങിയ മുഖ്യമന്ത്രിയുമായുളള സിപിഐയുടെ ഭിന്നത ഓരോ പ്രശ്നത്തിലും രൂക്ഷമാവുകയാണ്. സിപിഎമ്മിലെ ഗ്രൂപ്പു പോരില്‍ നിന്നും പരമാവധി ലാഭം കിട്ടുമോ എന്ന ചിന്ത തന്നെയാണ് സിപിഐയെ ഭരിക്കുന്നത്. തങ്ങളുടെ ഏത് ചെയ്തിക്കും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X