കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ചീറി, നേതാവ് അമേരിക്കയ്ക്ക്,

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വനം മന്ത്രി ബിനോയ് വിശ്വത്തെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച പ്രതിപക്ഷ നീക്കം ചീറി. വനംമന്ത്രി രാജിവയ്ക്കുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യാതെ സമരം പിന്‍വലിച്ചപ്പോള്‍ മൂന്നുദിവസമായി പട്ടിണി കിടന്നവര്‍ രക്ഷപെട്ടു.

വിഎസിന്റെ ഭാഷയില്‍, ഉണ്ണാവ്രതമിരുന്ന എംഎല്‍എമാര്‍ നിയമസഭ പിരിച്ചു വിട്ട തക്കം നോക്കി സമരം പിന്‍‍വലിച്ചു. നിയമസഭയില്‍ നിന്നും സെക്രട്ടേറിയേറ്റിന്റെ മുന്നിലേയ്ക്ക് സമരപ്പന്തല്‍ മാറ്റുമെന്ന പ്രഖ്യാപനം വിഴുങ്ങി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അമേരിക്കയ്ക്കു പറന്നു.

ചുരുക്കത്തില്‍ നിയമസഭയിലെ പ്രതിപക്ഷം തെരുവിലേയ്ക്ക് വ്യാപിപ്പിക്കാനുളള സംഘടനാ ശക്തിയോ സാമര്‍ത്ഥ്യമോ യുഡിഎഫിനോ കോണ്‍ഗ്രസിനോ ഇല്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമായി, ഈ സമരനാടകം.

ഉപവാസ സമരത്തിന്റെ ഉപജ്ഞാതാവായ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുന്നില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ യു സി രാമന്‍ വരെയുളള എംഎല്‍എമാര്‍ നാരങ്ങാ നീരു കുടിക്കുമ്പോള്‍ സമരം പരാജയമായിരുന്നുവെന്ന സത്യം മറ്റ് യുഡിഎഫ് നേതാക്കള്‍ അടക്കം പറയുകയായിരുന്നു.

കഴിഞ്ഞ ദിവസം നിരാഹാരികളെ സന്ദര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍ പറഞ്ഞ ഒരു വാചകത്തിന്റെ അര്‍ത്ഥം യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ക്ക് മാത്രമാണ് മനസിലായത്. "ഒരു ദിവസം കൂടിയല്ലേ ഉളളൂ അത് വേഗമങ്ങ് പോകു"മെന്ന് മുനവെച്ചൊരു വാചകം പറഞ്ഞിട്ടാണ് സന്ദര്‍ശനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങിയത്.

ഇരുപതാം തീയതി നിയമസഭ പിരിയുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നിട്ടും നിയമസഭയില്‍ അനിശ്ചിതകാല നിരാഹാരം എന്ന ആയുധത്തിന്റെ വില എത്രത്തോളം ഉണ്ടാകുമെന്ന് ഒട്ടേറെ സമരങ്ങള്‍ കണ്ടിട്ടുളള വിഎസിന് ആരും പറഞ്ഞുകൊടുക്കേണ്ടതുമില്ല. നിയമസഭ പിരിഞ്ഞാലുടന്‍ സമരം തീര്‍ക്കാന്‍ യുഡിഎഫിലെ ഉന്നതനേതാക്കള്‍ തന്നെ തീരുമാനിച്ചിരുന്നു. ഇത് മണത്തറിഞ്ഞാണ് വിഎസ് നിരാഹാരം കിടന്നവര്‍ക്ക് ആശ്വാസം പകരുന്ന വാചകം പറഞ്ഞിട്ട് സ്ഥലം വിട്ടത്.

സമരം മൂലം ജനങ്ങളില്‍ സര്‍ക്കാരിനെതിരായ വികാരം ഉണ്ടാക്കാനായി എന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ആശ്വസിക്കുന്നത്. ഈ പന്തം ജനങ്ങളിലേയ്ക്ക് കൈമാറുമെന്നൊക്കെ പ്രതിപക്ഷ നേതാവ് പറയുമ്പോള്‍ അതിനുളള കെല്‍പ്പ് കേരളത്തിലെ കോണ്‍ഗ്രസിനുണ്ടോ എന്ന സംശയം കേട്ടിരുന്നവര്‍ക്കുണ്ടായത് സ്വാഭാവികം.

സമരം സംഘടിപ്പിക്കുന്നതിലും ആവേശം കത്തിച്ചു നിര്‍ത്തുന്നതിലും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസും പ്രതിപക്ഷവും ഏറെ പഠിക്കാനുണ്ടെന്ന പാഠമാണ് വനംമന്ത്രിക്കെതിരായ സമരം തെളിയിക്കുന്നത്. കാമ്പും കഴമ്പുമുളള ഒരു വിഷയം കിട്ടിയിട്ടും, നിയമസഭയിലും വാര്‍ത്താ സമ്മേളനങ്ങളിലും ബന്ധപ്പെട്ട മന്ത്രി ഏറെ വിയര്‍ത്തിട്ടും അതിന്റെ രാഷ്ട്രീയനേട്ടം കൊയ്യാന്‍ യുഡിഎഫിന് കഴിയുന്നില്ല.

അന്വേഷണം വേണമെന്ന ആവശ്യം എല്‍ഡിഎഫിലെ ഏതാണ്ടെല്ലാ ഘടകകക്ഷികളും സ്വീകരിച്ചിട്ടും മുട്ടാപ്പോക്കും കടുംപിടിത്തവുമായി ജനത്തെ വെല്ലുവിളിക്കാന്‍ സിപിഐയ്ക്ക് ധൈര്യം നല്‍കുന്നതും പ്രതിപക്ഷത്തിന്റെ കഴിവുകേട് നന്നായി മനസിലാക്കിയിട്ടു തന്നെ.

യുഡിഎഫിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും വിശ്വാസ്യതയില്‍ അവരുടെ അണികള്‍ക്കു പോലും സംശയമുണ്ടെന്ന് ഈ സമര പരാജയം വ്യക്തമാക്കുന്നു. പ്രമുഖരായ യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാരം കിടന്നിട്ടും, ക്രമക്കേട് വ്യക്തമാക്കുന്ന ഒട്ടേറെ രേഖകള്‍ പുറത്തുവന്നിട്ടും അതിനെ പ്രക്ഷോഭമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

ഭരണമുന്നണി തീര്‍ത്തും പ്രതിരോധത്തില്‍ നില്‍ക്കുന്ന ഈ വേളയില്‍ത്തന്നെയാണ് പ്രതിപക്ഷ നേതാവ് അമേരിക്കയ്ക്കു പറക്കുന്നതും. ചികിത്സയ്ക്കെന്നാണ് ന്യായം പറയുന്നതെങ്കിലും കോണ്‍ഗ്രസ് ചാനലിന് പണം പിരിക്കാനാണെന്നാണ് അടുത്ത അനുയായികള്‍ തന്നെ അടക്കം പറയുന്നത്. സര്‍വസൈന്യാധിപന്‍ ഇല്ലാതെയാണ് അടുത്തഘട്ടത്തിലേയ്ക്ക് യുഡിഎഫ് പട നീങ്ങുന്നത്. രമേശ് ചെന്നിത്തലയുടെ സംഘാടകശേഷിയെന്തെന്നും വരുംദിനങ്ങളില്‍ കേരളം കാണും.


ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X