എയ്‌ഡ്‌സ്: അമ്മയ്‌ക്ക് മകളെ വളര്‍ത്താനുള്ള അവകാശം നിഷേധിച്ചു
ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ എയ്‌ഡ്‌സ് രോഗിയായ അമ്മയ്‌ക്ക് മകളെ വളര്‍ത്താനുള്ള അവകാശം ബന്ധുക്കളും കോടതിയും നിഷേധിച്ചു.
രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവില്‍ നിന്നാണ് ഈ സ്‌ത്രീയ്‌ക്ക് എയ്‌ഡ്‌സ് പകര്‍ന്നത്. പിന്നീട് ഭര്‍ത്താവ് മരിയ്‌ക്കുകയും ചെയ്‌തു. ഇതിന്‌ശേഷം സ്വന്തം വീട്ടിലെത്തിയ ഇവരെ ബന്ധുക്കള്‍ പുറത്താക്കി.
കുട്ടിയെ ചോദിച്ചു ചെന്ന ഇവരെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു പറഞ്ഞുവിടുകയായിരുന്നു. പിന്നീടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതിയും കുട്ടിയെ ഇവര്‍ക്ക് വിട്ടുകൊടുക്കേണ്ടെന്ന നിലപാട് സ്വീകരിയ്‌ക്കുകയായിരുന്നു. മകള്‍ക്ക് ഇപ്പോള്‍ ഒന്‍പത് വയസ്സ് പ്രായമുണ്ട്.
എഴുപത് വയസ്സായ മുത്തച്ഛനും മുത്തശ്ശിയുമാണ് അവളെ നോക്കുന്നത് എന്തുകൊണ്ട് എനിയ്‌ക്കെന്റെ മകളെ സംരക്ഷിച്ചുകൂടാ- ഇവര്‍ ചോദിയ്‌ക്കുന്നു. ബന്ധുക്കളുടെ നടപടിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇവര്‍ക്ക് നീതി ലഭിച്ചില്ല.
കോടതിയില്‍ കുട്ടിയെ ഹാജരാക്കണമെന്ന ഉത്തരവുപോലും ബന്ധുക്കള്‍ അവഗണിച്ചു. ഇനി മേല്‍ക്കോടതിയെ സമീപിയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സ്‌ത്രീ.
സ്‌പര്‍ശനത്തിലൂടെ എയ്‌ഡ്‌സ് പകരാത്തതിനാല്‍ കുട്ടിയെ ഇവര്‍ക്ക് വിട്ടുകൊടുക്കണമെന്നും പെണ്‍കുട്ടിയ്‌ക്ക് 18 വയസ്സുവരെ അമ്മയോടൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇവരുടെ അഭിഭാഷന്‍ എ.കെ ജയിന്‍ പറഞ്ഞു.
ഇവരുടെ ഭര്‍ത്താവ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഇവര്‍ക്ക് എയ്‌ഡ്‌സ് ആണെന്ന് ബന്ധുക്കള്‍ക്ക് നേരത്തേ അറിവുണ്ടായിരുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ പേരിലുള്ള പി.എഫ് തുടങ്ങിയ നിക്ഷേപങ്ങളും കുട്ടിയുടെ പേരിലുള്ള പണവും തട്ടിയെടുക്കാന്‍ വേണ്ടി ഇവരെ വീട്ടില്‍ സംരക്ഷിച്ചു. പിന്നീട് ഈ പണം കൈക്കലായ്‌ക്കിയ ശേഷമാണ് സ്‌ത്രീയെ വീട്ടില്‍ നിന്നും പുറത്താക്കിയതെന്ന് സ്‌ത്രീസംഘടനകള്‍ ആരോപിയ്‌ക്കുന്നുണ്ട്.
ഇതിനിടെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിചാരണക്കോടതിയുടെ ഉത്തരവ് സ്‌റ്റേചെയ്യുകയും വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 11ലേയ്‌ക്ക് മാറ്റിവെയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications