കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടി വേണ്ടെന്ന് ഗുരു, വേണമെന്ന് ശിഷ്യര്‍ ‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : അച്ചടക്ക നടപടി അടിമുടി വിഭാഗീയമാണെന്ന് പരാതി കേട്ടു മടുത്താണ് സിപിഎം കേന്ദ്ര നേതൃത്വം അന്വേഷണത്തിന് സമിതിയെ വെച്ചത്. എന്നാലിപ്പോള്‍ സമിതി അംഗങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നതയും വ്യത്യസ്ത നിലപാടും സ്വീകരിച്ചത് കേന്ദ്രക്കമ്മിറ്റിയെ വെട്ടിലാക്കി.

സി പി എം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ചെയര്‍മാനായ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ എം വി ഗോവിന്ദനും വൈക്കം വിശ്വനുമാണ്. ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പിണറായി ഗ്രൂപ്പുകാരും. എന്നാല്‍ ചെയര്‍മാന്‍ പി കെ ഗുരുദാസനാകട്ടെ കടുത്ത വിഎസ് ഗ്രൂപ്പും.

വിഎസ് ഗ്രൂപ്പുകാര്‍ക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടി തിരുത്തണമെന്നാണ് ചെയര്‍മാന്റെ ആവശ്യം. പറ്റില്ലെന്ന നിലപാടാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ക്ക്. ഇവര്‍ പരസ്പര വിരുദ്ധമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ പൊളിറ്റ് ബ്യൂറോ പഠിക്കുകയാണത്രേ!

യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ പ്രതിപക്ഷ നിരയിലെ തിളക്കമുളള താരമായിരുന്നു ഹരിപ്പാട് എംഎല്‍എ ടി കെ ദേവകുമാര്‍. സംസ്ഥാനമാകെ വീശിയടിച്ച ഇടതു തരംഗത്തിലും ദേവകുമാര്‍ ഹരിപ്പാട് തോറ്റതിനു കാരണം പ്രാദേശിക നേതൃത്വത്തിന്റെ കാലുവാരലാണെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ദേവകുമാര്‍ പിണറായി പക്ഷത്തു നിന്നപ്പോള്‍ അദ്ദേഹത്തിന്റെ നാട്ടിലെ പാര്‍ട്ടി വിഎസിനൊപ്പമായിരുന്നു.

ദേവകുമാറിന്റെ പരാജയത്തിനു പിന്നില്‍ ചരടുവലിച്ചവരായി പാര്‍ട്ടി കണ്ടെത്തിയതും പഴയൊരു പ്രമുഖനായ നേതാവിനെയാണ്. മുന്‍ സിപിഎം എംഎല്‍എയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ സിബിസി വാര്യരായിരുന്നത്രേ ദേവകുമാറിന്റെ തോല്‍വിയ്ക്ക് പിന്നില്‍.

ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന എന്‍ സജീവന്‍, സിപിഎം ഹരിപ്പാട് ഏരിയാ സെക്രട്ടറി സത്യപാലന്‍ എന്നിവരും ദേവകുമാറിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തുകയും പാര്‍ട്ടി നടപടി കൈക്കൊളളുകയും ചെയ്തു.

ആലപ്പുഴ ജില്ലയിലെ വിഎസ് ഗ്രൂപ്പിന്റെ സര്‍വസൈന്യാധിപര്‍ക്കെതിരെ കൈക്കൊണ്ട നടപടി പിന്‍വലിക്കണമെന്നാണ് അന്വേഷണക്കമ്മിഷന്‍ ചെയര്‍മാനും വിഎസിന്റെ വലംകൈയുമായ പി കെ ഗുരുദാസന്റെ ആവശ്യം. ഇത്രയും കടുത്ത കുറ്റം ചെയ്തവര്‍ക്കെതിരെ എടുത്ത നടപടി സമ്മേളന കാലത്ത് പിന്‍വലിക്കുന്നത് അച്ചടക്ക ലംഘനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് വൈക്കം വിശ്വനും എം വി ഗോവിന്ദനും.

ഇവര്‍ക്കെതിരെ മാത്രമല്ല, തൃശൂര്‍ ജില്ലയിലെ വിഎസ് ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായ ടി ശശിധരനെതിരെ കൈക്കൊണ്ട നടപടിയും പിന്‍വലിക്കണമെന്ന് ഗുരുദാസന് ആഗ്രഹമുണ്ട്. എന്നാല്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ ഇതിനെയും എതിര്‍ക്കുന്നു.

വിഭാഗീയതെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷനില്‍ തന്നെ കടുത്ത അഭിപ്രായം വ്യത്യാസം നിലനില്‍ക്കുന്നതു കണ്ട് അന്തം വിടുകയാണ് കേന്ദ്രകമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X