• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുടിപ്പകയില്‍ അറ്റുവീഴുന്ന ഗുണ്ടാത്തലകള്‍

  • By Staff

തിരുവനന്തപുരം : അധോലോകത്തിന്റെ കുടിപ്പക കുപ്രസിദ്ധമാണ്. എണ്ണമറ്റ സിനിമകള്‍ക്ക് അത് വിഷയവുമായിട്ടുണ്ട്. മുംബെയിലും മറ്റും അധോലോകസംഘങ്ങള്‍ നടത്തുന്ന ഏറ്റുമുട്ടലുകള്‍ ‍ ദേശീയ പത്രങ്ങള്‍ക്കു പോലും ഹരം പകരുന്ന പരമ്പരയ്ക്ക് വിഷയമാണ് പലപ്പോഴും.

കേരളത്തിന്റെ തലസ്ഥാനവും ഒട്ടും വ്യത്യസ്തമല്ലെന്നാണ് സൂചനകള്‍. ഗുണ്ടകള്‍ക്ക് പരസ്പരം കൊന്ന് പകതീര്‍ക്കാന്‍ പൊലീസ് തന്നെ ഇടനില്‍ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

മൊട്ടമൂട് ഷാജിയെയും സഹായി വിനോദിനെയും ആസൂത്രിതമായി വകവരുത്തിയതിനു തൊട്ടു പിന്നാലെ മറ്റൊരു ഗുണ്ടാനേതാവ് ഗുണ്ടുകാട് സാബു പൊലീസ് വലയിലായതും ചേര്‍ത്തു വായിക്കേണ്ട വാര്‍ത്തയാണ്. എതിര്‍സംഘത്തിന്റെ ആക്രമണഭീഷണിയില്‍ ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെട്ടേയ്ക്കാവുന്ന അവസ്ഥയിലാണത്രേ സാബു. പൊലീസിന് പിടികൊടുത്ത് ജയിലില്‍ കിടക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് തിരിച്ചറിഞ്ഞ നേതാവ് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് പൊലീസിന് പിടികൊടുത്തതാണത്രേ!

തലസ്ഥാനത്ത്, ഗുണ്ടാ നേതാക്കള്‍ 24 പേരാണ് പരസ്പരം പകതീര്‍ക്കുന്നതിനിടയില്‍ കാലപുരിയിലേയ്ക്ക് പോയത്. ഗുണ്ടുകാട് ഷാജി, എല്‍ടിടിഇ കബീര്‍, വയറന്‍ ശെല്‍വന്‍, കുന്നുകുഴി ഫ്രാന്‍സിസ്, പേട്ട കുട്ടന്‍, മൊട്ട അനി, ജെറ്റ് സന്തോഷ്, മാണിക്യം വിനു, വെട്ടുകാട് ജോണി, പല്ലന്‍ ഗോപി എന്നിങ്ങനെ പോകുന്നു അവരുടെ പേരുകള്‍.

എല്‍ടിടിഇ കബീറിനെ അട്ടക്കുളങ്ങര സബ് ജയിലിനു മുന്നില്‍ വെച്ച് തലയില്‍ ബോംബെറിഞ്ഞാണ് കൊന്നത്. ആ കേസിലെ പ്രതി കരാട്ടെ ഫാറൂഖ് ജയിലിലാണ്.

ഈ പട്ടികയില്‍ ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്ടപ്പെട്ട മൊട്ടമൂട് ഷാജിയുമായി ഗുണ്ടുകാട് സാബുവിന് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നതായി പൊലീസിന് തെളിവു കിട്ടിയിട്ടുണ്ട്. ഏതാണ്ട് മൂന്നു കോടി രൂപയുടെ കച്ചവടമായിരുന്നത്രേ ഷാജിയും സാബുവും ചേര്‍ന്ന് നിയന്ത്രിച്ചിരുന്നത്. ഷാജിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് കിട്ടിയ വിവരങ്ങള്‍ പലതും സിനിമാ ത്രില്ലറുകളെക്കാള്‍ അവിശ്വസനീയമാണ്.

ഷാജിയിലൂടെ പണം പലിശയ്ക്ക് കൊടുത്തിരുന്ന പ്രധാനികളില്‍ ഒരുവന്‍ തിരുവനന്തപുരം നഗരത്തില്‍ ക്രമസമാധാനപാലനത്തിന്റെ ചുമതലയുളള ഡിവൈഎസ് പിയാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുണ്ടകളെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും ഉയര്‍ന്ന പൊലസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമാണെന്ന ആരോപണം ശരിവെയ്ക്കുന്ന തെളിവുകളാണ് അന്വേഷണസംഘത്തിന് കിട്ടിയിരിക്കുന്നത്.

ഏതാണ്ട് 50 ലക്ഷം രൂപ ഈ ഡിവൈഎസ് പി മൊട്ടമൂട് ഷാജിയ്ക്ക് നല്‍കിയിരുന്നത്രേ!. ഷാജിയുമായി തലസ്ഥാന നഗരത്തില്‍ മാത്രം ഇരുപതിലേറെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇടപാടുകളുണ്ടായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണര്‍ രവതാ ചന്ദ്രശേഖറിന്റെ മേല്‍നോട്ടത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എം വഹാബ് നേതൃത്വം നല്‍കുന്ന പ്രത്യേക ടീം നഗരത്തില്‍ ഗുണ്ടാ വേട്ട ആരംഭിച്ചിട്ടുണ്ട്. മൊട്ടമൂട് ഷാജിയുടെയും വിനോദിന്റെയും കൊലപാതകം അന്വേഷിക്കുന്നതും ഈ സംഘമാണ്. പ്രത്യേക പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി രൂപം നല്‍കിയിരിക്കുന്ന സ്ക്വാഡ്, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലില്ലെങ്കില്‍ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാനുളള ദൃഢനിശ്ചയത്തിലാണ്. ഇവരില്‍ പലര്‍ക്കും ഗുണ്ടകളുടെ ഭീഷണിയുമുണ്ട്.

നഗരത്തിലെ ഗുണ്ടാസംഘത്തില്‍ ഒരു വിഭാഗത്തെ നിയന്ത്രിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നത് പരസ്യമാണ്. ഒരു ഡിവൈഎഫ്ഐ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കുന്നുകുഴി രവി എന്ന ഗുണ്ടാനേതാവ് വാഹനാപകടത്തിലാണ് മരിച്ചത്. ഇയാളെ ഇടിച്ചിട്ട തമിഴ്നാട് ലോറി ഇനിയും പിടികിട്ടിയിട്ടില്ല. സിപിഎം ആസൂത്രണം ചെയ്ത് അതിവിദഗ്ധമായി നടപ്പാക്കിയ കൊലപാതകമാണിതെന്ന് പൊലീസ് വിശ്വസിക്കുന്നു.

ഇപ്പോള്‍ ജയിലിലുളള ഓംപ്രകാശിനെപ്പോലുളള ഗുണ്ടകള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരുമായിരുന്നു. മൊട്ടമൂട് ഷാജിയെ വെട്ടിക്കൊന്ന ദിവസം തന്നെ മറ്റൊരാക്രമണത്തില്‍ ദീപുലാല്‍ എന്നയാളും കൊല്ലപ്പെട്ടിരുന്നു. ഇയാളെ കൊന്നത് അറിയപ്പെടുന്ന ഒരു സിപിഎം നേതാവിന്റെ ഒത്താശയോടെയാണെന്ന് ദീപുലാലിന്റെ പിതാവ് ആരോപിച്ചിരുന്നു.

എന്നാല്‍ അന്വേഷണ സംഘം ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല. കൊലയാളികളും ദീപുലാലും തമ്മിലുളള പൂര്‍വവൈരാഗ്യം മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന വിശദീകരണത്തില്‍ പൊലീസ് എല്ലാം ഒതുക്കുന്നു.

രാഷ്ട്രീയ നേതൃത്വത്തിന്റെ പൂര്‍ണ സഹായം ഉണ്ടെങ്കില്‍ മാത്രമേ തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് അന്വേഷണ സംഘത്തിനും അറിയാം. കഴക്കൂട്ടം മുതല്‍ കളിയിക്കാവിള വരെ പടര്‍ന്നു കിടക്കുന്ന വലിയൊരു മാഫിയാ സാമ്രാജ്യത്തില്‍ ചെറുതും വലുതുമായി അനേകം ഗുണ്ടാസംഘങ്ങളുണ്ട്. നഗരജീവിതത്തിന്റെ സ്വൈരത നശിപ്പിക്കുന്ന ഈ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഒരു ഭരണത്തിനും കഴിയാറുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more