കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാളില്‍ മര്‍ദ്ദനമേറ്റ നാടോടി സ്ത്രീ ഗര്‍ഭിണിയല്ല

  • By Staff
Google Oneindia Malayalam News

തിരൂര്‍: എടപ്പാളില്‍ മോഷണക്കുറ്റമാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച രണ്ടു നാടോടിസ്‌ത്രീകളെ പൊലീസ്‌ ബസില്‍നിന്നു കണ്ടെത്തി. പൊലീസ്‌ ചോദ്യംചെയ്‌തതിനു ശേഷം നടത്തിയ വൈദ്യപരിശോധനയില്‍ മര്‍ദനമേറ്റ സ്‌ത്രീ ഗര്‍ഭിണിയല്ലെന്നു വ്യക്‌തമായി.

ഒക്ടോബര്‍ ഏഴിനാണ്‌ മോഷണക്കുറ്റം ആരോപിച്ച്‌ എടപ്പാളില്‍ നാടോടികളായ ജ്യോതി, സഹോദരി കവിത, ജ്യോതിയുടെ മകള്‍ നിത്യ എന്നിവര്‍ക്കു മര്‍ദനമേറ്റത്‌. ജ്യോതി ഗര്‍ഭിണിയാണെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന സൂചന.

നാടോടി സ്‌ത്രീകള്‍ക്കു മര്‍ദനമേറ്റത്‌ സംസ്ഥാനത്ത്‌ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കോഴിക്കോട്ടേക്കു പോകുന്ന ബസില്‍നിന്നു കോട്ടയ്ക്കലിനടുത്ത്‌ എടരിക്കോടുവച്ചാണ് ഇവരെ പൊലീസ്‌ കണ്ടെത്തിയത്‌. കോട്ടയ്ക്കല്‍ ബസ്‌ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരാണ്‌ പൊലീസിനു വിവരം നല്‍കിയത്‌.

ഗര്‍ഭിണി എന്നു സംശയം തോന്നിയ ജ്യോതിയെ തിരൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ്‌ ഡോ. സന്തോഷകുമാരി വൈദ്യ പരിശോധന നടത്തി. വയറിന്റെ വലുപ്പം കണ്ട്‌ ആദ്യം ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ സ്കാനിങ്ങിനു വിധേയയാക്കുകയായിരുന്നു. പിന്നീടു മൂത്രപരിശോധനയും നടത്തിയാണ്‌ ഗര്‍ഭിണി അല്ലെന്നു സ്ഥിരീകരിച്ചത്‌.

വയറിനകത്തുള്ള കൊഴുപ്പുനിറഞ്ഞ മുഴയുള്ളതുമൂലമാണ്‌ സ്‌ത്രീയുടെ വയര്‍ വീര്‍ത്തിരിക്കുന്നതെന്നു ഡോക്ടര്‍ പറഞ്ഞു. തിരൂര്‍ ഡിവൈഎസ്പി എം.കെ പുഷ്കരന്‍, പൊന്നാനി സിഐ പി.വിക്രമന്‍, തിരൂര്‍ എസ്‌ഐ കെ.എം. ബിജു, കോട്ടയ്ക്കല്‍ എസ്‌ഐ സിദ്ദീഖ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നാടോടിസ്‌ത്രീകളെ ചോദ്യംചെയ്‌തത്‌.

വനിതാ കമ്മിഷന്‍, വനിതാ സംഘടനകള്‍ എന്നിവരെ വിവരമറിയിച്ചശേഷം പൊലീസ്‌ സ്‌ത്രീകളെയും കുട്ടിയെയും തവനൂര്‍ റസ്ക്യൂ ഹോമിലേക്കു മാറ്റി.

ഫാന്‍സികടയില്‍നിന്നു സാധനം വാങ്ങാനെത്തിയവര്‍ കൂടെയുണ്ടായിരുന്ന കുട്ടിയുടെ സ്വര്‍ണ പാദസരം കാണാതായപ്പോള്‍, പരിസരത്തുണ്ടായ നാടോടിസ്‌ത്രീകളെ മോഷണക്കുറ്റം ആരോപിച്ചു മര്‍ദിക്കുകയായിരുന്നു.

ഈ കേസില്‍ അഞ്ചുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. പൊലീസിന്റെ വീഴ്ചയുടെ പേരില്‍ ഒരു എസ്‌ഐയെയും ഒരു എഎസ്‌ഐയെയും സസ്പെന്‍ഡ്‌ ചെയ്‌തു. മര്‍ദനമേറ്റ ശേഷം നാടോടിസ്‌ത്രീകള്‍ അപ്രത്യക്ഷരായത്‌ പൊലീസിനെ കുഴക്കിയിരുന്നു. ഹൈക്കോടതിയും വനിതാ കമ്മിഷനും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X