കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍: കടവൂര്‍ ശിവദാസനില്‍ നിന്നും മൊഴിയെടുത്തു

  • By Staff
Google Oneindia Malayalam News

കൊല്ലം: പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതപദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട എസ്‌.എന്‍.സി ലാവലിന്‍ ഇടപാടില്‍ ക്രമക്കേട്‌ നടന്നെന്ന്‌ മുന്‍ വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ സിബിഐ യ്ക്ക്‌ മൊഴിനല്‍കി.

മലബാര്‍ കാന്‍സര്‍ സെന്ററിന്‌ പണം സമാഹരിച്ചു നല്‍കാന്‍ എസ്‌.എന്‍.സി ലാവലിന്റെ പ്രതിനിധി സഹായം തേടിയിരുന്നതായും പിണറായി വിജയന്‍ മന്ത്രിയായിരുന്ന സമയത്താണ്‌ കരാറില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ ഇടപാട്‌ അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്‌പി അശോക്‌കുമാര്‍, ഇന്‍സ്പെക്ടര്‍ വര്‍ഗീസ്‌ എന്നിവരടങ്ങിയ സംഘമാണ്‌ കടവൂര്‍ ശിവദാസനില്‍ നിന്ന്‌ ബുധനാഴ്ച തെളിവെടുത്തത്‌.

സിബിഐയുടെ കൈവശമുള്ള ഫയലുകളുടെ അടിസ്ഥാനത്തിലാണ്‌ തന്നില്‍നിന്ന്‌ വിവരങ്ങള്‍ തേടിയതെന്ന്‌ അദ്ദേഹം പിന്നീട്‌ പത്രലേഖകരോട്‌ പറഞ്ഞു. വൈകീട്ട്‌ മൂന്നരമണിയോടെ കൊല്ലത്ത്‌ ആനന്ദവല്ലീശ്വരത്തുള്ള വസതിയിലെത്തിയ സംഘം നാലു മണിക്കൂറെടുത്താണ്‌ കടവൂര്‍ ശിവദാസനില്‍നിന്ന്‌ തെളിവെടുത്തത്‌.

ജി.കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്ന സമയത്ത്‌ ലാവലിനുമായി ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായി വിജയന്‍ മന്ത്രിയായിരുന്ന സമയത്ത്‌ ഫിക്സഡ്‌ പ്രൈസ്‌ കോണ്‍ട്രാക്ടാക്കി മാറ്റിയത്‌ ശരിയായ നടപടിയായിരുന്നില്ലെന്ന്‌ അദ്ദേഹം സിബിഐയെ അറിയിച്ചു.

ആദ്യത്തെ കരാറിന്റെ അനുബന്ധത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ പണം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലാവലിന്റെ ഏജന്റായിരുന്ന വ്യക്തി സര്‍ക്കാരിന്‌ അയച്ച കത്ത്‌ സിബിഐസംഘം കടവൂരിനെ കാണിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായം ലഭിക്കണമെങ്കില്‍ തുടര്‍ന്നും സഹായിക്കണമെന്നാണ്‌ കത്തില്‍ ലാവലിന്റെ ഏജന്റ്‌ വ്യക്തമാക്കിയിരുന്നത്‌.

തുടര്‍ന്നുള്ള സഹായംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വൈദ്യുതി ബോര്‍ഡിന്റെ ശബരിഗിരി പോലുള്ള മറ്റ്‌ പദ്ധതികളും എസ്‌.എന്‍.സി ലാവലിനെ ഏല്‍പ്പിക്കുക എന്നതുതന്നെയാണെന്ന്‌ ശിവദാസന്‍ സിബിഐയോട്‌ വ്യക്തമാക്കി.

മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതി 'റീഹാബിലിറ്റേഷന്‍' എന്നാണ്‌ കരാറില്‍ വിശേഷിപ്പിച്ചിരുന്നത്‌. ഇതിന്‌ സഹായം തേടി പിണറായി വിജയന്‍ തന്നെ കത്തയച്ചിട്ടുണ്ട്‌. ആ കത്തുകളും സിബിഐ സംഘം കാണിച്ചു. ആദ്യത്തെ കരാറിന്റെ അനുബന്ധത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ 100 കോടി രൂപ വേണമെന്ന്‌ എഴുതിച്ചേര്‍ത്തിരുന്നുവെങ്കില്‍ പണം കിട്ടുമായിരുന്നു. അങ്ങനെ ചേര്‍ത്തിരുന്നില്ല.

പിന്നീട്‌ വൈദ്യുതിമന്ത്രിയായിരുന്ന എസ്‌.ശര്‍മ്മയുടെ സമയത്ത്‌ കരടുകരാര്‍ ലാവലിന്‍ അയച്ചുകൊടുത്തു. എന്നാല്‍, ധാരണാപത്രത്തില്‍നിന്ന്‌ വ്യത്യസ്തമായിരുന്നു കരട്‌. ഇത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ശര്‍മ്മ സ്വീകരിച്ചത്‌.

തുടര്‍ന്ന്‌ രണ്ടുമാസത്തിനുശേഷം മന്ത്രിയായ താന്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ 98.3 കോടി രൂപ എങ്ങനെ, എവിടെ, എപ്പോള്‍ ലഭ്യമാക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി കരാര്‍ തരണമെന്ന്‌ ആവശ്യപ്പെട്ടിരുന്നുവെന്ന്‌ സിബിഐ യെ അറിയിച്ചു.

എന്നാല്‍, അതിന്‌ ലാവലിന്‍ കമ്പനിയില്‍നിന്ന്‌ മറുപടിയുണ്ടായില്ല. നിയമസഭയുടെ സബ്ജക്ട്‌ കമ്മിറ്റിയും ഫയലുകള്‍ വിശദമായി പഠിച്ചശേഷം അന്വേഷണം വേണമെന്ന നിലപാടിലാണ്‌ എത്തിച്ചേര്‍ന്നത്‌. ഇക്കാര്യം ചെയര്‍മാനായിരുന്ന ടി.എം ജേക്കബ്‌ മന്ത്രിയായ തന്നെ അറിയിച്ചു. ഇത്‌ അന്നത്തെ മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു.

ലാവലിനുമായുള്ള കരാറിനെതിരെ ഫയലിലെഴുതിയ അന്നത്തെ ധന സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണമെന്ന്‌ മന്ത്രിയായിരുന്ന പിണറായി വിജയന്‍ കുറിപ്പെഴുതിയ ഫയല്‍ സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണെന്ന്‌ സിബിഐ സംഘം കടവൂര്‍ ശിവദാസനെ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍














വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X