കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചാര്‍ റിപ്പോര്‍ട്ട് ആയുധമാക്കി സിപിഎം

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : പര്‍ദയണിഞ്ഞ സ്ത്രീകളെയും തലപ്പാവണിഞ്ഞ പുരുഷന്മാരെയും സംഘടിപ്പിച്ച് മുസ്ലിം സാമുദായിക നേതാക്കളെ വേദിയില്‍ ക്ഷണിച്ചിരുത്തി കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച പ്രത്യേക കണ്‍വെന്‍ഷന്‍ വന്‍വിജയമായത് മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയാകുന്നു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സിപിഎം കോഴിക്കോട്ട് പ്രത്യേക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. തൃശൂര്‍ മുതല്‍ കാസര്‍കോട് ജില്ല വരെയുളള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നാണ് കണ്‍വെന്‍ഷന് ആളെത്തിയത്. നമസ്കരിക്കാനും അംഗശുദ്ധി വരുത്താനും സമ്മേളനനഗരിയില്‍ പ്രത്യേകം സംവിധാനമൊരുക്കാനും സിപിഎം ശ്രദ്ധിച്ചിരുന്നു.

ന്യൂനപക്ഷത്തിനും മതവിശ്വാസികള്‍ക്കും സിപിഎം എതിരാണെന്ന പ്രചരണത്തെ തകര്‍ക്കാനാണ് പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഭരണ സ്വാധീനവും ഉപയോഗിച്ച് മുസ്ലിംലീഗിന്റെ കോട്ടകളില്‍ കടന്നു കയറാനുളള കര്‍മ്മപരിപാടി പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തം.

പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന പ്രമുഖ മുസ്ലിം സംഘടനകളെയെല്ലാം കണ്‍വെന്‍ഷനിലേയ്ക്ക് പാര്‍ട്ടി ക്ഷണിച്ചിരുന്നു. നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, എം.എസ്.എസ് പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, കഥാകൃത്ത് യു.എ. ഖാദര്‍, സമസ്ത കാന്തപുരം വിഭാഗം പ്രതിനിധി അഡ്വ എ കെ ഇസ്മായില്‍ വഫ, മുളളൂര്‍ക്കര മുഹമ്മദലി സഖാഫിക്ക് എന്നിങ്ങനെയുളള പ്രമുഖരെല്ലാം കണ്‍വെന്‍ഷന്റെ ഉദ്ഘാടനത്തിന് സംബന്ധിച്ചിരുന്നു.

പാര്‍ട്ടി പി ബി അംഗം സീതാറാം യെച്ചൂരിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. മുസ്ലീം സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവരില്‍ രണ്ടു പേര്‍ക്കു മാത്രമാണ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്. കാന്തപുരം വക്താവ് ഇസ്മായില്‍ വഫയ്ക്കും മുളളൂര്‍ക്കര മുഹമ്മദലി സഖാഫിക്കിനും.

മറ്റുളളവരെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച സിപിഎം നിലപാട് ബോധ്യപ്പെടുത്താനാണ് ക്ഷണിച്ചതെന്ന് വ്യക്തം. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നിന്ന എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കണ്‍വെഷന്റെ ഉദ്ഘാടന ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്തതും ശ്രദ്ധേയമായി.

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിടിമുറുക്കാനുളള പാര്‍ട്ടിയുടെ കര്‍മ്മപരിപാടിക്ക് മുഖ്യമന്ത്രിയുടെയും പിന്തുണയുണ്ടെന്ന് കണ്‍വെന്‍ഷന്‍ വ്യക്തമാക്കുന്നു. സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത വിഎസ് അച്യുതാനന്ദന്‍, സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തി.

സെക്രട്ടറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സ്പെഷ്യല്‍ സെല്‍, ഒന്നര ലക്ഷത്തോളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് വഖഫ് ബോര്‍ഡുമായി ആലോചിച്ച് ക്ഷേമനിധി എന്നീ പദ്ധതികളും വി എസ് പ്രഖ്യാപിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച പാലൊളി കമ്മിറ്റി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്നും അച്യുതാനന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയൊന്നും ഇതുവരെ സ്വീകരിക്കാതിരുന്ന കോണ്‍ഗ്രസിനെതിരെ കണ്‍വെന്‍ഷന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷം ഏറ്റവും പിന്നോക്കാവസ്ഥ അനുഭവിക്കുന്ന സംസ്ഥാനം പശ്ചിമബംഗാളാണെന്ന സച്ചാര്‍ കമ്മിറ്റി കണ്ടെത്തലിനെക്കുറിച്ച് മൗനം പാലിക്കുന്ന സിപിഎം റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കി മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവാനുളള തത്രപ്പാടിലാണ്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വഴി മുസ്ലിം ന്യൂനപക്ഷത്തിന്റെ മനസ് കീഴടക്കാനും മുസ്ലിം ലീഗിന്റെ സ്വാധീനം തകര്‍ക്കാനും സിപിഎം നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ നീക്കം വെളിപ്പെടുത്തുന്നു. സിപിഎമ്മിന്റെ നീക്കങ്ങള്‍ ന്യൂനപക്ഷത്തിന്റെ കണ്ണില്‍ പൊടിയിടാനുളള ശ്രമമാണെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുളള ആര്‍ജവമാണ് സിപിഎം കാണിക്കേണ്ടത് എന്ന് മുസ്ലിംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ വെല്ലു വിളിക്കുന്നു.

സിപിഎമ്മിന്റെ നീക്കങ്ങളെ ലാഘവത്തോടെയല്ല മുസ്ലിംലീഗ് കാണുന്നതെന്ന് വ്യക്തമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ക്കാണ് മുസ്ലിം ലീഗ് ഒരുങ്ങുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യമല്ല പ്രക്ഷോഭത്തിന്റെ കാരണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടന്നുകയറാനുളള സിപിഎം നീക്കത്തിനെതിരെയാണ് ലീഗിന്റെ പ്രക്ഷോഭവും പ്രചരണവും. സച്ചാര്‍ കമ്മിറ്റിയെ ആയുധമാക്കാനുളള സിപിഎം നീക്കം മര്‍മ്മത്തു കൊണ്ടെന്ന് മുസ്ലിംലീഗിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X