കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"എന്ത് പറയണമെന്ന് കല്‍പിക്കാന്‍ നീയാരെടാ?"

  • By Staff
Google Oneindia Malayalam News

Kairali Channel Logoതിരുവനന്തപുരം : പിണറായി വിജയന്റെ ആജ്ഞാശക്തിയെന്തെന്ന് കൈരളി ചാനലിന്റെ ഓഹരിയുടമകള്‍ കഴിഞ്ഞ ദിവസം നേരിട്ടറിഞ്ഞു.

ഫാരിസ് അബൂബേക്കറിന്റെ കൈരളി അഭിമുഖത്തെച്ചൊല്ലി ചാനലിന്റെ ഓഹരിയുടമകള്‍ ഗ്രൂപ്പു തിരിഞ്ഞ് പോര്‍ വിളിച്ചപ്പോഴാണ് പിണറായി വിജയന്‍ ഉച്ചത്തില്‍ അട്ടഹസിച്ച് ചാടിയെഴുന്നേറ്റത്. പിണറായി എഴുന്നേറ്റതോടെ ബഹളത്തിന്റെ കാറ്റു പോയി. ഹാളില്‍ സമ്പൂര്‍ണ നിശബ്ദതയായിരുന്നു പിന്നീട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യോഗം പെട്ടെന്ന് പിരിയുകയും ചെയ്തു.

ഫാരിസുമായി അഭിമുഖം നടത്തിയ കൈരളി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെതിരെയായിരുന്നു ഓഹരിയുടമകളുടെ രോഷപ്രകടനം. വി എസ് അച്യുതാനന്ദനെ അപകീര്‍ത്തിപ്പെടുത്താനാണ് ബ്രിട്ടാസ് അഭിമുഖം തല്ലിക്കൂട്ടിയതെന്ന് ഒരു വിഭാഗം ആരോപിച്ചു.

വാടാ പോടാ വിളികള്‍ നിര്‍ബാധം ഉയര്‍ന്നതോടെ വാര്‍ഷിക സമ്മേളനം ചന്തപ്പരുവമായി. പലപ്പോഴും അടിയുടെ വക്കിലെത്തിയെങ്കിലും പിണറായി വിഭാഗം അത്ഭുതകരമായ സംയമനമാണ് പാലിച്ചത്. ഒടുവിലാണ് വിമര്‍ശകരെ നേരിടാന്‍ പാര്‍ട്ടി സെക്രട്ടറി നേരിട്ട് ഇറങ്ങിയത്.

ബ്രിട്ടാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ചെറുക്കാന്‍ സിപിഎം കൈരളി ബ്രാഞ്ച് സെക്രട്ടറി ബി സുനില്‍ എത്തിയെങ്കിലും ഫലിച്ചില്ല. ഓരോരുത്തരായി ചര്‍ച്ച ചെയ്യണമെന്നും ബഹളമുണ്ടാക്കരുതെന്നും മൈക്കിലൂടെ അഭ്യര്‍ത്ഥിച്ച സുനിലിനെ വിഎസ് ഗ്രൂപ്പുകാര്‍ പിടിച്ചു തളളി.

ജോണ്‍ ബ്രിട്ടാസ് പ്രസംഗിക്കാനെത്തിയപ്പോഴാണ് ബഹളം നിയന്ത്രണാതീതമായത്. ഇതിനിടെ ഒരാള്‍ എഴുന്നേറ്റ് "മാന്യമായ വാക്കുകള്‍ ഉപയോഗിച്ചു വേണം പ്രസംഗിക്കാന്‍" എന്ന് ബ്രിട്ടാസിന് മുന്നറിയിപ്പ് നല്‍കി.

ഇതോടെയാണ് പിണറായി വിജയന്‍ സര്‍വ നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചത്. "ആര് എന്ത് സംസാരിക്കണമെന്ന് കല്‍പിക്കാന്‍ നീയാരാടാ"യെന്ന് ആക്രോശിച്ച് പിണറായി ചാടിയെഴുന്നേറ്റപ്പോള്‍ സദസും വേദിയും സ്തബ്ധമായി.

തുടര്‍ന്നുളള നടപടികള്‍ റോക്കറ്റ് വേഗതയില്‍ പൂര്‍ത്തിയായി. ചാനല്‍ ചെയര്‍മാനായി മമ്മൂട്ടിയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസും തുടരാന്‍ യോഗം തീരുമാനിച്ചു. വിരമിക്കുന്ന ഡയറക്ടര്‍ ബോര്‍ഡിലെ സി കെ കരുണാകരന്‍, എം എം മോനായി, വി കെ മുഹമ്മദ് അഷ്റഫ് എന്നവര്‍ വരുംവര്‍ഷത്തില്‍ വീണ്ടും ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും.

എ വിജയരാഘവന്‍ എം പിയെ റഗുലര്‍ ഡയറക്ടറായി തിരഞ്ഞെടുത്തിട്ടുണ്ട്. ഓഹരിയുടമകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ലാഭവിഹിതം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി വെളിപ്പെടുത്തി.

തിരുവനന്തപുരം കോ ബാങ്ക് ടവേഴ്സ് ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ആയിരത്തിലേറെ ഓഹരിയുടമകള്‍ പങ്കെടുത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, കടകംപളളി സുരേന്ദ്രന്‍ എന്നിവരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X