കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാകുമാരി ക്ഷിതിയാദിയായി..........

  • By Staff
Google Oneindia Malayalam News

Map of Keralaനവംബര്‍ ഒന്ന് കേരളത്തിന്റെ പിറന്നാളാണ്. ഈ നവംബര്‍ ഒന്നിന് കൈരളി ആഘോഷിക്കുന്നത് അതിന്റെ അമ്പത്തൊന്നാം പിറന്നാള്‍.

1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ഒരു വറ്റല്‍ മുളകിന്റെ ആകൃതിയില്‍ കിടക്കുന്ന ഈ സംസ്ഥാനത്തിനും പറയാനും അഭിമാനിക്കാനും ഒരു ചരിത്രവും പാരമ്പര്യവും തനത് സംസ്ക്കാരവുമുണ്ട്, മറ്റേതൊരു നാടിനെയും പോലെ.

ഐതിഹ്യം
കേരളത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പഴയൊരു വിപ്ലവഗാനത്തിന്റെ വരികളാണ് മനസില്‍ മുഴങ്ങുന്നത്. പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതല്ല, തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല എന്നു തുടങ്ങുന്ന ഈ വരികള്‍ എഴുതിയത് വയലാറാണ്. കെ എസ് സേതുമാധവന്റെ കൂട്ടുകുടുംബം എന്ന ചിത്രത്തിനു വേണ്ടി.

വയലാര്‍ അങ്ങനെയെഴുതിയെങ്കിലും ഐതിഹ്യം ഐതിഹ്യമല്ലാതാകുന്നില്ല. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ കന്യാകുമാരിയില്‍ നിന്നും സമുദ്രത്തിനു മീതെ എറിഞ്ഞ മഴു ചെന്നു വീണത് ഗോകര്‍ണത്താണ്. രാമന്‍ നിന്ന സ്ഥലത്തു നിന്നും 160 കടം അപ്പുറം ഗോകര്‍ണം വരെ ജലദേവനായ വരുണന്‍ കടലിനെ വഴിമാറ്റി കേരളം എന്ന ഭൂഭാഗം സൃഷ്ടിച്ചുവെന്ന് പുരാണം പറയുന്നു. പരശുരാമ ക്ഷേത്രമെന്നും കേരളത്തിന് പേരുണ്ട്. കന്യാകുമാരി ക്ഷിതിയാദിയായ് ഗോകര്‍ണാന്തമായി തെക്കുവടക്കു നീളെ അന്യോന്യമംബാശിവര്‍ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം എന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വരികളും ഇവിടെ ഓര്‍ക്കാം.

പരശു രാമന്‍ മഴുവെറിയാനും കാരണമുണ്ട്. ബ്രാഹ്മണരെ അടക്കി ഭരിച്ചിരുന്ന ക്ഷത്രിയന്മാരില്‍ നിന്നും ആ വിഭാഗത്തെ മോചിപ്പിക്കാന്‍ മഹാവിഷ്ണു പരശുരാമനായി അവതരിക്കുകയായിരുന്നു. ക്ഷത്രിയരായി പിറന്ന പുരുഷന്മാരെല്ലാം പരശുരാമന്റെ മഴുവേട്ടയ്ക്കിരയായി. അവരുടെ രക്തം കൊണ്ട് ഏഴു തടാകങ്ങളും രൂപം കൊണ്ടു.

ക്ഷത്രിയ രാജാക്കന്മാരെ കൊന്നൊടുക്കിയ പരശുരാമന്‍ പാപം തീര്‍ക്കാന്‍ പോംവഴി തേടി. പിടിച്ചടക്കിയ ഭൂമി മുഴുവന്‍ അദ്ദേഹം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. ഭൂപരിപാലനത്തിനായി 64 ബ്രാഹ്മണ കുടുംബങ്ങളും അദ്ദേഹം സ്ഥാപിച്ചെന്ന് കഥ.

വൈദികരുടെ ഉപദേശപ്രകാരം പരശുരാമന്‍ ഗോകര്‍ണത്തു പോയി വരുണഭഗവാനെയും ഭൂമീ ദേവിയെയും പ്രീതിപ്പെടുത്താന്‍ തപസനുഷ്ഠിച്ചു. കൊടും തപസില്‍ ഇരുദൈവങ്ങളും പ്രസാദിക്കുകയും പരശുരാമനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. തന്റെ മഴു ചെന്നു വീഴുന്ന ഭൂഭാഗം കരയായി മാറണമെന്നായിരുന്നു പരശു രാമന്റെ ആവശ്യം. ആ വരം ദേവീദേവന്മാര്‍ നല്‍കുയും പരശുരാമന്‍ ഗോകര്‍ണത്തേയ്ക്ക് മഴുവെറിയുകയും ചെയ്തെന്ന് ഐതീഹ്യം പറയുന്നു.

ചരിത്രം
Kerala Backwaters ഐതിഹ്യത്തില്‍ ചരിത്രത്തിലേയ്ക്ക് കടന്നാല്‍ പത്താം നൂറ്റാണ്ടു മുതലുളള കേരളത്തിന്റെ ചിത്രം ലഭ്യമാകും. ചരിത്രാതീത കാലത്തെ മണ്‍കലങ്ങളും മറ്റ് സ്മാരകങ്ങളും ലഭ്യമായിട്ടുണ്ട്. പശ്ചിമ യൂറോപ്പിലും ഏഷ്യയിലെ തന്നെ ഇതര ഭാഗങ്ങളിലും ഉണ്ടായിരുന്ന നിര്‍മ്മാണ വിദ്യയുമായി ഇവയ്ക്ക് സാമ്യമുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

അക്കാലത്ത് കേരളവും തമിഴ്നാടും ഒന്നായിരുന്നു. ഒരേ ഭാഷയും സംസ്ക്കാരവും ആചാരരീതികളും പിന്തുടര്‍ന്ന ജനവിഭാഗം. തമിഴകം എന്നറിയപ്പെട്ടിരുന്ന ഈ ഭൂഭാഗത്തെ സംസാരഭാഷ ആദിമരൂപത്തിലുളള തമിഴായിരുന്നു.

ഏതാണ്ട് പതിനാലാം നൂറ്റാണ്ടോടു കൂടിയാണ് കേരളം ഭാഷാടിസ്ഥാനത്തില്‍ തമിഴ്നാടില്‍ നിന്നും വേര്‍പെടുന്നത്. മാതൃഭാഷയും വ്യവഹാരഭാഷയും തമിഴായിരുന്ന ചേരന്മാരായിരുന്നു അക്കാലത്ത് കേരളം ഭരിച്ചിരുന്നത്. ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വാഞ്ചിനാടായിരുന്നു. കേരളം ഭരിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടവരില്‍ ആദ്യ രാജവംശം ചേരന്മാരുടേതാണ്.

പല്ലവ രാജാക്കന്മാരുമായി ചേര്‍ന്ന് ചോള പാണ്ഡ്യ രാജാക്കന്മാരുമായി ചേരന്മാര്‍ നിരന്തരം കലഹിച്ചിരുന്നതായും ചരിത്രം പറയുന്നു. വ്യത്യസ്ത ഭാഷയായി മലയാളം രൂപപ്പെട്ടതും ഈ കാലത്താണ്. അതായത് എട്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയ്ക്കുളള കാലത്താണ് മലയാളം എന്ന ഭാഷയും തമിഴില്‍ നിന്നും വ്യത്യസ്തമായ ഒരു കേരള സംസ്ക്കാരവും ഉടലെടുത്തതെന്ന് കരുതപ്പെടുന്നു.

ഐത്തിരീയ ആരണ്യകത്തിലും കാത്തിയാനന്‍, പതഞ്ജലി, പ്ലിനി ഒന്നാമന്‍ എന്നിവരുടെ കൃതികളിലും കേരളത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. അജ്ഞാതനായ യാത്രികന്‍ എഴുതിയ എറിത്രിനീയന്‍ സമുദ്രസഞ്ചാരം (Periplus of the Erythraean Sea) എന്ന ഗ്രീക്കു കൃതിയിലും കേരളം പരാമര്‍ശിക്കപ്പെടുന്നുണ്ട്.

സംസ്കൃത കൃതിയായ ഐത്തിരീയ ആരണ്യകമാണ് ഇതില്‍ കാലപ്പഴക്കം കൊണ്ട് ആദ്യം വരുന്നത്.

പശ്ചിമേഷ്യയിലെ വ്യാപാരികള്‍ കേരളത്തില്‍ തമ്പടിച്ച് ചേരന്മാരുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നു. ജൂതന്മാരും ക്രിസ്ത്യാനികളുമായിരുന്നു ഈ വ്യാപാരികള്‍. നസ്രാണി മാപ്പിള, മുസ്ലിം മാപ്പിള എന്നീ സമുദായങ്ങള്‍ ഉണ്ടായത് ഇവരുടെ വംശീയ സങ്കരം മുഖേനെയാണ്.

ജൂതന്മാരാണ് കേരളത്തില്‍ ആദ്യമെത്തിയതെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ബിസി 573ല്‍ തന്നെ ജൂതന്മാര്‍ കേരളത്തിലെത്തിയെന്നാണ് അവര്‍ വാദിക്കുന്നത്. ക്രിസ്തുവര്‍ഷം 52ല്‍ തോമാശ്ലീഹ കേരളത്തിലെത്തിയെന്നതിനും തെളിവുകളുണ്ട്.

വാസ്കോഡിഗാമ 1498ല്‍ കോഴിക്കോട്ടെത്തിയതും 1741ലെ കുളച്ചല്‍ യുദ്ധവും 1766ല്‍ മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലി കോഴിക്കോട് ആക്രമിച്ച് കീഴടക്കിയതും കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സാമ്രാജ്യ വിപുലീകരണത്തിനെതിരെ ശക്തമായി ചെറുത്തു നിന്ന ടിപ്പു സുല്‍ത്താന്‍ 1790 ആയപ്പോഴേയ്ക്കും മലബാര്‍ സംസ്ഥാനവും ദക്ഷിണ കന്നഡയും ഈസ്റ്റിന്ത്യാ കമ്പനിക്ക് കൈമാറി.

കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ നാട്ടുരാജ്യങ്ങളുമായി സഖ്യം സ്ഥാപിച്ച ഈസ്റ്റിന്ത്യാ കമ്പനി പതിയെ ഈ നാട്ടുരാജ്യങ്ങളെ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലാക്കി.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ തീവ്രവും രണോത്സുകവുമായ വന്‍ജനപങ്കാളിത്തമുളളതുമായ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ കുറവാണെന്നു കാണാം. വേലുത്തമ്പി ദളവയും പഴശിരാജയും കുഞ്ഞാലി മരയ്ക്കാറുമൊക്കെയാണ് സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ കേരളത്തിന്റെ കൊടി പിടിച്ച വീരഭടന്മാര്‍.

സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും മുന്‍നിരയിലുണ്ട്. ക്ഷേത്രപ്രവേശന വിളംബരവും (1936) വൈക്കം സത്യഗ്രഹവും (1924) ഉയര്‍ത്തിയ അലയൊലികള്‍ ഇന്നും കേരളത്തില്‍ മുഴങ്ങുന്നു. 1921 ലെ മാപ്പിള ലഹളയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കേരളം ചോര കൊണ്ട് എഴുതിച്ചേര്‍ത്ത ഒരേടു തന്നെ.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1949 ജൂലായ് ഒന്നിന് തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനങ്ങള്‍ ലയിച്ച് തിരു കൊച്ചി സംസ്ഥാനം നിലവില്‍ വന്നു. 1950 ജനുവരി ഒന്നിന് തിരു കൊച്ചി സംസ്ഥാനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ഒടുവില്‍ 1956 നവംബര്‍ ഒന്നിന് ഇന്ത്യാ ഗവണ്മെന്റിന്റെ സംസ്ഥാന പുനര്‍നിര്‍ണയ നിയമത്തിന്റെ കീഴില്‍ ഇന്നത്തെ കേരള സംസ്ഥാനം ഔദ്യോഗികമായി നിലവില്‍ വന്നു.

(അവലംബം. കേരളത്തെക്കുറിച്ചുളള വിക്കി പീഡിയ ലേഖനം)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X