കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ തപാല്‍ പെട്ടി ഉടന്‍ പഴങ്കഥയാകും

  • By Staff
Google Oneindia Malayalam News

Old Post Boxചുവന്ന ചായം തേച്ച് വികൃതമായ അക്ഷരങ്ങള്‍ പേറി പോസ്റ്റോഫീസിന്റെ ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന തപാല്‍ പെട്ടികളില്‍ ഒരു തലമുറയുടെ ഗൃഹാതുരത്വത്തിന്റെ ഹൃദയമിടിപ്പുണ്ട്. കാലഘട്ടങ്ങളുടെ നെഞ്ചിടിപ്പ് പേറുന്ന, സ്റ്റീലില്‍ തീര്‍ത്ത ഈ പെട്ടികള്‍ ഉടന്‍ പ്ലാസ്റ്റിക് സ്റ്റെയിന്‍ലസ് സ്റ്റീല്‍ പെട്ടികള്‍ക്ക് വഴിമാറും.

ഫോണും ഇന്റര്‍നെറ്റും കത്തെഴുത്തിനെ അപ്രസക്തമാക്കിയ കാലത്താണ് പുതിയ തപാല്‍പെട്ടികള്‍ രംഗപ്രവേശം ചെയ്യുന്നത്. പഴയ പെട്ടികളുടെ ഉളളറയിലെ ഇരുട്ടില്‍ എത്രയോ തലമുറകളുടെ പ്രണയവും വിരഹവും നൊമ്പരവും കിടന്നു പിടച്ചിട്ടുണ്ട്. തൊഴിലന്വേഷകന്റെ പ്രതീക്ഷാപ്പെട്ടിയുമാണ് ഈ ചുവപ്പന്‍.

ഏതാണ്ട് 5,90,000 തപാല്‍ പെട്ടികള്‍ മാറ്റിസ്ഥാപിക്കാനാണ് പോസ്റ്റല്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുതിയൊരു വരുമാനമാര്‍ഗമെന്ന നിലയില്‍ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ തപാല്‍ പെട്ടികള്‍ പരസ്യപ്പലകയുമാവും. ആകര്‍ഷകമായ പരസ്യങ്ങളണിഞ്ഞ് മനോഹരിയായിട്ടാവും അവ നഗരചത്വരങ്ങളില്‍ നിലയുറപ്പിക്കുക.

തപാല്‍ പെട്ടികളുടെ പ്ലാസ്റ്റിക് വിപ്ലവത്തിന് വരവൊരുക്കിയത് ഐഐടി ബോംബെയാണ്. മൂന്നു വര്‍ഷം ഒരു ചെറിയ പദ്ധതിയായി തുടങ്ങിയതാണ് ഇതെന്ന് ഇന്ത്യാ പോസ്റ്റിന്റെ ചീഫ് ജനറല്‍ മാനേജര്‍ മന്‍ജിത് സിംഗ് ബാലി പറയുന്നു. ഐഐടി ബോംബെയാണ് ആവശ്യമായ പഠനം നടത്തിയത്. പുതിയ പെട്ടിയുടെ രൂപകല്‍പനയും അവരുടെ വക തന്നെ. ഘട്ടംഘട്ടമായി തപാല്‍ പെട്ടികളെ ഒരു വരുമാനോപാധിയാക്കാനാണ് തങ്ങളുടെ ഉദ്ദേശിക്കുന്നതെന്നും മന്‍ജിത് സിംഗ് പറയുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ നാലാഴ്ച മുമ്പ് 300 പുതിയ തപാല്‍പെട്ടികള്‍ വകുപ്പ് ദില്ലിയിലും മുംബെയിലും സ്ഥാപിച്ചിട്ടുണ്ട്. പുതിയ പെട്ടികള്‍ ആകര്‍ഷകവും വിജയവുമാണെന്ന് ബോധ്യമായതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ തപാല്‍വകുപ്പ് തയ്യാറെടുക്കുകയാണ്.

New Post Boxഏതാണ്ട് 10,000 രൂപയാണ് പുതിയ തപാല്‍ പെട്ടിക്ക് ചെലവ് വരുന്നത്. പഴയവയെക്കാള്‍ ഏതാണ്ട് ഇരട്ടിയോളം തുക കൂടുതല്‍. എന്നാല്‍ വകുപ്പ് ഇതിനു വേണ്ടി ഒരു ചില്ലിക്കാശുപോലും മുടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്‍ജിത് സിംഗ് വെളിപ്പെടുത്തി.

തപാല്‍ വകുപ്പിന്റെ ഉദ്ദേശ്യം ഇതാണ്. മറ്റുളള ഏജന്‍സികള്‍ തപാല്‍പെട്ടി വാങ്ങുക. അതില്‍ പരസ്യം പതിച്ച് മൂന്നോ നാലോ വര്‍ഷത്തെ കരാറില്‍ വകുപ്പിന് കൈമാറുക. നിര്‍മ്മിക്കുക, പ്രവര്‍ത്തിപ്പിക്കുക കൈമാറുക (ബിഒടി) എന്ന അടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിന് സമാനമായ പ്രവര്‍ത്തന രീതിയാണിത്.

ഏജന്‍സികള്‍ തപാല്‍ പെട്ടി വാങ്ങുകയും അവ പരസ്യ സ്ഥലം വില്‍ക്കുകയും ചെയ്യുന്നു. പെട്ടിക്ക് ചെലവായ തുകയും ലാഭവും കണക്കാക്കിയാണ് പരസ്യത്തിന്റെ തുക നിശ്ചയിക്കുക. ജനസാന്ദ്രതയനുസരിച്ച് പരസ്യത്തുകയില്‍ വ്യത്യാസം വരാം. പരസ്യം പതിച്ച പെട്ടികള്‍ കരാര്‍ അനുസരിച്ച് തപാല്‍വകുപ്പിന് കൈമാറുന്നു.

പഴയ പെട്ടികളെക്കാള്‍ കൂടുതല്‍ ഈടു നില്‍ക്കുന്നതും കുറഞ്ഞ പരിപാലനച്ചെലവുമാണ് പ്ലാസ്റ്റിക് - സ്റ്റെയിന്‍ലസ് സ്റ്റില്‍ പെട്ടികളുടെ മേന്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഐഐടി ബോംബെയിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെല്ലിലെ ബി കെ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുളള ടീമാണ് ഈ പെട്ടി രൂപകല്‍പന ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടമെന്ന നിലയില്‍ അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുളളില്‍ 20,000 പെട്ടികള്‍ കൂടി ഉടന്‍ നിര്‍മ്മിക്കുമെന്ന് ചക്രവര്‍ത്തി അറിയിച്ചു.

മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷത്തോളം പെട്ടികള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ആശയം എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിനെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ വിജയവും പരാജയവുമെന്ന് ചക്രവര്‍ത്തി ചൂണ്ടിക്കാട്ടി.

ലോഹനാശനത്തെ ചെറുക്കാന്‍ വേണ്ടി നിലവിലുളള പെട്ടികള്‍ ഓരോ വര്‍ഷവും പെയിന്റടിക്കേണ്ടി വരുന്നു. എന്നാലും അവ ഓരോ ആറുവര്‍ഷം കൂടുമ്പോഴും നശിക്കുകയും മാറ്റി സ്ഥാപിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.

1900 കാലത്തോ അതിനു മുമ്പോ ഉളള രൂപകല്‍പനയാണ് പഴയ പെട്ടികളുടേത്. പെട്ടികളിലെ പൂട്ടും പോസ്റ്റ്മാനെ കുഴയ്ക്കുന്നതാണ്. ഓരോ പെട്ടിക്കും ഓരോ താക്കോല്‍ അയാള്‍ കരുതേണ്ടി വരും.

എന്നാല്‍ പുതിയ പെട്ടികള്‍ കുറെക്കൂടി ഈടു നില്‍ക്കുന്നതാണ്. തുരുമ്പിനെ പ്രതിരോധിക്കുന്ന ലോഹസങ്കരമായതിനാല്‍ പഴയ പെട്ടികളെക്കാള്‍ ലോഹനാശനത്തെ ഇവ ചെറുക്കുന്നു.

ഗോദ്റേജ് നിര്‍മ്മിച്ച പുതിയ പൂട്ടുകളാണ് ഈ പെട്ടികളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ താക്കോലുപയോഗിച്ച് ഒന്നിലധികം പെട്ടികള്‍ തുറക്കാമെന്ന സവിശേഷതയാണ് ഈ പൂട്ടിനുളളത്.

ജോലി എളുപ്പമാക്കുന്ന പ്രത്യേകതകള്‍ പുതിയ പെട്ടിക്കുണ്ടെന്ന് മന്‍ജിത് സിംഗും സാക്ഷ്യപ്പെടുത്തുന്നു. പുതിയ ബ്രാന്റ് ഇമേജോടെ കളത്തിലിറങ്ങുന്ന ഈ പെട്ടികളെ ജനം സ്വീകരിക്കുമെന്നു തന്നെയാണ് അദ്ദേഹം കരുതുന്നത്.

(കടപ്പാട് മിന്റ് ദിനപത്രം)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X