കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പള വര്‍ദ്ധനയില്‍ ഇന്ത്യ രണ്ടാമത്

  • By Staff
Google Oneindia Malayalam News

കോര്‍പറേറ്റ് മേഖലയിലെ ശമ്പള വര്‍ദ്ധനയില്‍ ഏഷ്യാ പെസഫിക് മേഖലയില്‍ ഇന്ത്യ രണ്ടാമതാണെന്ന് സര്‍വെ ഫലം. മാനേജര്‍മാരുടെ ശമ്പളത്തില്‍ 14.8 ശതമാനം വര്‍ദ്ധനയാണ് 2007 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടായത്. ഒന്നാം സ്ഥാനത്തുളള ശ്രീലങ്ക ഇക്കാലയളവില്‍ 15.3 ശതമാനം വളര്‍ച്ച നേടി.

ലോകരാജ്യങ്ങളില്‍ വെനിസ്വേലയാണ് ഒന്നാം സ്ഥാനത്ത് 18.8 ശതമാനം വര്‍ദ്ധനയാണ് ഈ കൊച്ചു രാജ്യം 2007ല്‍ നേടിയത്.

ഏഷ്യാ പെസഫിക് മേഖലയില്‍ മൂന്നാം സ്ഥാനം വിയറ്റ്നാമിനാണ്. (10.3 ശതമാനം). 8.6 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയ ചൈന നാലാം സ്ഥാനത്തുണ്ട്.

ശ്രീലങ്കയിലെ ഹെവിറ്റ് അസോസിയേറ്റ്സ് എന്ന സ്ഥാപനം നടത്തിയ
എട്ടാമത് ഏഷ്യാ പസഫിക് സാലറി ഇന്‍ക്രീസ് സര്‍വെയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഇന്ത്യ, ആസ്ട്രേലിയ, ചൈന, ഹോങ്കോംഗ്, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളുള്‍പ്പെട്ട14 വിപണികളിലെ ആറു ലെവല്‍ മാനേജര്‍മാരുടെ ശമ്പളം വിലയിരുത്തിയാണ് ഹെവിറ്റ് ഈ നിഗമനങ്ങളിലെത്തിയത്. ജീവനക്കാരുടെ യഥാര്‍ത്ഥ ശമ്പള വര്‍ദ്ധനയും ഭാവിയിലുണ്ടാവാനിടയുളള ശമ്പളവര്‍ദ്ധനയും ഹെവിറ്റ് പരിഗണിച്ചിട്ടുണ്ട്.

വിദേശിയും സ്വദേശിയും സംയുക്ത സംരംഭങ്ങളുമടക്കം1800 കമ്പനികള്‍ സര്‍വെയില്‍ പങ്കെടുത്തു. ഇന്ത്യയിലെ 262 കമ്പനികളും സര്‍വെയില്‍ പങ്കെടുത്തിട്ടുണ്ട്.

സര്‍വെ ഫലമനുസരിച്ച് ആഗോളതലത്തില്‍ ഏഷ്യാ പെസഫിക് മേഖലയാണ് ശമ്പള വര്‍ദ്ധനയില്‍ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ ലാറ്റിനമേരിക്കയാണ്. മൂന്നാം സ്ഥാനമേയുളളൂ യൂറോപ്പിന്.

പുതിയ അവസരങ്ങളും സ്ഥാപനങ്ങളും രൂപം കൊളളുന്നതോടെ പ്രഗത്ഭരായ തൊഴിലന്വേഷകരുടെ സമയം തെളിയുകയാണ്. വ്യത്യസ്തമായ ആശയങ്ങളും പദ്ധതികളുമായി രൂപം കൊളളുന്ന സ്ഥാപനങ്ങള്‍ പരമ്പരാഗത സമ്പ്രദായങ്ങളെ പൊളിച്ചെഴുതിയാണ് മുന്നോട്ട് കുതിക്കുന്നത്. കമ്പനികള്‍ മുന്നോട്ടു വെയ്ക്കുന്ന ലക്ഷ്യം കൈവരിക്കാനാവശ്യമായ പ്രതിഭയുളളവര്‍ തൊഴില്‍ വിപണിയില്‍ അത്ര സുലഭമല്ലാത്തതിനാല്‍ നിലവിലുളളവര്‍ക്ക് കൂടുതല്‍ വേതനവും ആനുകൂല്യവും നല്‍കി ഉല്‍പാദനം മെച്ചപ്പെടുത്തുകയേ വഴിയുളളൂ.

എന്നാല്‍ ശമ്പള വര്‍ദ്ധനയുണ്ടായിട്ടും ഏഷ്യയിലെ തൊഴില്‍ മേഖലയില്‍ സന്തോഷം നിലനില്‍ക്കുന്നില്ല എന്ന് സര്‍വെ വെളിപ്പെടുത്തുന്നു. ലഭിക്കുന്ന ശമ്പളത്തില്‍ സന്തുഷ്ടരായ ജീവനക്കാരുടെ എണ്ണം ഏഷ്യയിലെ കമ്പനികളില്‍ 46 ശതമാനമാണ്.

"ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ ഏറ്റവും എളുപ്പവഴി ശമ്പള വര്‍ദ്ധനയാണ്.എന്നാല്‍ ശമ്പളം വര്‍ദ്ധിപ്പിച്ചതു കൊണ്ടു മാത്രം എല്ലാമാകുന്നുമില്ല", ഹെവിറ്റ്സിന്റെ ഏഷ്യയിലെ മേധാവി നിഷ്ചെ സൂരി പറയുന്നു.

കമ്പനികളും ഈ നിരീക്ഷണത്തെ ശരിവെയ്ക്കുന്നു. ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ കെ കെ സ്വാമി പറയുന്നത് കേള്‍ക്കുക. നല്ല ശമ്പള പാക്കേജ് നല്‍കി എന്നതു കൊണ്ട് എല്ലാമാകുന്നില്ല. അതിനു പുറമെയുളള ചില ഘടകങ്ങളെക്കൂടി ആശ്രയിച്ചാണ് ജീവനക്കാരുടെ ഉത്സാഹവും ആത്മവീര്യവും മെച്ചപ്പെടുന്നത്. അംഗീകാരം, സമ്മാനങ്ങള്‍, സ്ഥാപനത്തിന്റെ ബ്രാന്റ് വാല്യൂ, തൊഴില്‍ അന്തരീക്ഷം, തൊഴില്‍ സംസ്ക്കാരം, പഠിക്കാനും വളരാനുമുളള അവസരങ്ങള്‍ എന്നിവയും ജീവനക്കാരുടെ ആത്മവീര്യത്തെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങളാണ്.

ഇന്‍സെന്റീവും ബോണസും നല്‍കാനും കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ട്. മെച്ചപ്പെട്ട സേവനത്തിന് കരാര്‍ പ്രകാരമുളള പ്രതിഫലത്തിനു പുറമെയുളള ആനുകൂല്യങ്ങളും പല കമ്പനികളും നല്‍കുന്നുണ്ട്. സര്‍വെയില്‍ പങ്കെടുത്ത 92 ശതമാനം കമ്പനികളിലും ഈ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്.

കമ്പനിയുടെ പൊതുചെലവിനെ പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍ ശമ്പളവും ഈ ആനുകൂല്യങ്ങളും നല്‍കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ബിസിനസിന്റെയും കമ്പനിയുടെയും വളര്‍ച്ചയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്യുന്ന ജീവനക്കാരെ മിക്കവാറും കമ്പനികള്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

സ്ഥിരം ശമ്പളത്തെക്കാള്‍ ഗുണം ചെയ്യുന്നത് മാറ്റം വരുന്ന ശമ്പള ഘടനയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ജാനെറ്റ് ഗാസ്പെര്‍ ചൗധരി അഭിപ്രായപ്പെടുന്നു. മെച്ചപ്പെട്ട സേവനം ഉറപ്പുനല്‍കുന്നത് ഇത്തരം ശമ്പളഘടനയാണെന്നാണഅ അദ്ദേഹത്തിന്റെ അഭിപ്രായം.

പ്രാഗത്ഭ്യവും നൈപുണ്യവും സ്വയം നവീകരിക്കാനുളള മനസുമുളളവര്‍ക്ക് മെച്ചപ്പെട്ട സാധ്യതകളാണ് ഇന്ത്യയിലെ തൊഴില്‍ വിപണി മുന്നോട്ട് വെയ്ക്കുന്നതെന്ന് ഈ സര്‍വെ ഫലം തെളിയിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X