കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പക്ഷത്തിന് തിരിച്ചടി , നാല് വി.എസ് പക്ഷക്കാരെ തിരിച്ചെടുക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം:സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ അച്ചടക്ക നടപടിയ്ക്കു വിധേയമായി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ വി.എസ്‌ പക്ഷത്തെ നാല്‌ പ്രമുഖരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു.

സിപിഎം മുന്‍ സംസ്ഥാന സമിതിയംഗവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ടി.ശശിധരന്‍, മുന്‍ ഹരിപ്പാട്‌ എംഎല്‍എ സി.ബി.സി. വാര്യര്‍, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന എന്‍.സജീവന്‍, മുന്‍ ഹരിപ്പാട്‌ ഏരിയ സെക്രട്ടറി സത്യപാലന്‍ എന്നിവരെയാണ് പൊളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ റദ്ദാക്കി തിരിച്ചെടുത്തത്.

അച്ചടക്കത്തെക്കുറിച്ച്‌ അന്വേഷിച്ച മന്ത്രി പി.കെ.ഗുരുദാസന്‍, വൈക്കം വിശ്വന്‍, എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ എകകണ്ഠമല്ലാതിരുന്നതിനാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി രണ്ടുവട്ടം സിപിഎം സെക്രട്ടറിയേറ്റ്‌ ചര്‍ച്ചചെയ്തിരുന്നു. അതില്‍ അഭിപ്രായ ഐക്യം ഉണ്ടാകാതിരുന്നതിനാല്‍ തീരുമാനം പോളിറ്റ്‌ ബ്യുറോയ്ക്ക്‌ വിടുകയായിരുന്നു.

കഴിഞ്ഞ തവണ ദില്ലിയില്‍ കൂടിയ പോളിറ്റ്‌ ബ്യൂറോ ഇവരുടെ അച്ചടക്ക നടപടി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പോളിറ്റ്‌ ബ്യൂറോ നിര്‍ദ്ദേശമുണ്ടായിട്ടും കടുത്ത ചര്‍ച്ചകള്‍ക്കും ചേരിതിരിവുകള്‍ക്കും ശേഷമാണ്‌ നടപടി റദ്ദാക്കാന്‍ ഔദ്യോഗിക പക്ഷം തീരുമാനമെടുത്തത്‌.

അച്ചടക്ക നടപടികള്‍ റദ്ദാക്കിയാല്‍ പാര്‍ട്ടിയില്‍ അച്ചടക്കം നഷ്ടപ്പെടും എന്ന നിലപാടായിരുന്നു പിണറായി പക്ഷം സ്വീകരിച്ചത്‌. എന്നാല്‍ പോളിറ്റ്‌ ബ്യൂറോയുടെ തീരുമാനം അനുസരിക്കാതിരിക്കാന്‍ വയ്യാത്തതിനാല്‍ മനസില്ലാമനസോടെ പോളിറ്റ്‌ ബ്യൂറോ മെമ്പര്‍ എസ്‌. രാമചന്ദ്രന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ അച്ചടക്ക നടപടി റദ്ദാക്കുകയായിരുന്നു.

ഇതോടൊപ്പം നിലവിലുള്ള മൂന്ന്‌ ഏരിയ കമ്മിറ്റി അംഗങ്ങളെ പുറത്താക്കിയ പാലക്കാട്‌ പുതുശ്ശേരി ഏരിയ കമ്മിറ്റി തെരെഞ്ഞെടുപ്പും റദ്ദാക്കണമെന്ന്‌ പിണറായി പക്ഷം സെക്രട്ടറിയേറ്റില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന്‌ അംഗീകാരം ലഭിച്ചില്ല. പുതുശ്ശേരി ഏരിയക്കമ്മിറ്റിയിലെ വിഭാഗീതയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പിണറായി പക്ഷക്കാരനും കേന്ദ്രകമ്മിറ്റി അംഗവുമായ എ. വിജയരാഘവന്‍ എം.പിയെ നിയമിച്ചിട്ടുണ്ട്‌.

വി.എസ് പക്ഷത്തിന് നേട്ടം

സിപിഎമ്മിലെ വിഭാഗീയത അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന അവസ്ഥയില്‍, പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ജില്ലാ സമ്മേളനങ്ങളിലെത്തിനില്‍ക്കെ വി.എസ്‌ പക്ഷത്തിനു ലഭിച്ച നേട്ടമായി പോളിറ്റ് ബ്യൂറോ നടപടി നിരീക്ഷിക്കപ്പെടുന്നുണ്ട്.

ഔദ്യോഗിക പക്ഷത്തിന്റെ എല്ലാ ചെയ്തികള്‍ക്കും പോളിറ്റ്‌ ബ്യൂറോയുടെ പിന്തുണ ലഭിക്കില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവര്‍ക്കു നീതി ലഭിക്കുമെന്നും വി.എസിനു പറയാന്‍ ഇതു കാരണമാകും. പാര്‍ട്ടിയുടെ നിയന്ത്രണം കയ്യാളുന്ന പിണറായി പക്ഷത്തിന് ഇത് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതുവരെ നടന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനം നടത്തിയ സെക്രട്ടേറിയറ്റ്‌ യോഗം വിഭാഗീയതയും തര്‍ക്കങ്ങളും മൂലം നിര്‍ത്തിവെച്ച പാര്‍ട്ടി സമ്മേളനങ്ങള്‍ വൈകാതെ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

നിര്‍ത്തിവെച്ച സമ്മേളനങ്ങളിലെ പ്രശ്നങ്ങള്‍ പരിശോധിച്ച്‌ സമ്മേളനങ്ങള്‍ സുഗമമായി നടത്താന്‍ അതത്‌ ജില്ലാ സെക്രട്ടേറിയറ്റുകളോടാണ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഇതിനായി വിവിധ ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗങ്ങള്‍ ഉടന്‍തന്നെ വിളിച്ചുചേര്‍ക്കും. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X