ഉമ്മന്‍ചാണ്ടിയുടെ അനിഷ്ടം തീരുന്നില്ല
ദില്ലി : കോണ്‍ഗ്രസിലേയ്ക്കുളള കരുണാകരന്റെ തിരിച്ചുവരവില്‍ ഉമ്മന്‍ചാണ്ടിയുടെ അസംതൃപ്തി തീര്‍ന്നില്ലെന്ന് സൂചന. ഇക്കാര്യത്തില്‍ സോണിയ സ്വീകരിക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് പറയുമ്പോഴും ലീഡറുടെ വരവില്‍ തന്റെ അതൃപ്തി വെളിപ്പെടുത്താനും ഉമ്മന്‍ചാണ്ടി മടിക്കുന്നില്ല.
കരുണാകരന്റെ വരവ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനായിരിക്കണം എന്ന മുന്നറിയിപ്പ് സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷവും ഉമ്മന്‍ചാണ്ടി പരസ്യമായി നല്‍കി.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളുമായി വേണം കോണ്‍ഗ്രസിലേയ്ക്ക് മടങ്ങി വരാനെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മുന്നറിയിപ്പ്. ഇക്കാര്യം കരുണാകരന്‍ തെളിയിക്കണമെന്നു കൂടി പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
കരുണാകരന്റെ തിരികെ വരവ് താനിപ്പോഴും സംശയത്തോടെയാണ് കാണുന്നതെന്ന കാര്യം ഉമ്മന്‍ചാണ്ടി മറച്ചുവെയ്ക്കുന്നില്ല. കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്നു പോയ ശേഷം പാര്‍ട്ടിക്കുളളില്‍ തമ്മിലടിയും ഗ്രൂപ്പിസവും ഒടുങ്ങിയെന്നും സംസ്ഥാനത്ത് സ്ഥിതി സര്‍വശാന്തവുമാണെന്നുമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചത്.
എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നിര്‍ജീവമാണെന്നും കരുണാകരനെപ്പോലെ പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മര്‍മ്മമറിയുന്ന ഒരാള്‍ കേരളത്തില്‍ വേണമെന്നും കോണ്‍ഗ്രസിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും ആഗ്രഹിക്കുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
കേരളത്തില്‍ നിന്നുളള മുതിര്‍ന്ന ദേശീയനേതാക്കളായ വയലാര്‍ രവിയും എ കെ ആന്റണിയും കരുണാകരന്റെ തിരികെ വരവിനെ സ്വാഗതം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും തിരിച്ചടിയായിരുന്നു.
ഇനി കേരള മുഖ്യമന്ത്രി സ്ഥാനം കണ്ണുവെയ്ക്കുന്ന വയലാര്‍ രവിയ്ക്ക് ആ സ്ഥാനത്തെത്തണമെങ്കില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സൃഷ്ടിച്ച അധികാരസമവാക്യം അട്ടിമറിക്കേണ്ടതുണ്ട്. കരുണാകരന്റെ സാന്നിദ്ധ്യം അതിന് സഹായകരമാകുമെന്നാണ് വയലാര്‍ രവി കരുതുന്നത്.
ഏതായാലും ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല കൂട്ടുകെട്ടിന്റെ എതിര്‍പ്പ് മറികടന്ന് കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന കാര്യം ഉറപ്പായി. തങ്ങള്‍ കൂടി സമ്മതിച്ചിട്ടാണ് അത് സാധ്യമായതെന്ന് വരുത്തിത്തീര്‍ക്കാനും ഒപ്പം കരുണാകരന് ഒരു മുന്നറിയിപ്പ് നല്‍കാനുമാണ് ഉമ്മന്‍ചാണ്ടി ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ ശ്രമിച്ചത്.












Click it and Unblock the Notifications