കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമന്‍ ടെലസ്ക്കോപ്പിന് സംഭാവന 780 കോടി

  • By Staff
Google Oneindia Malayalam News

Intel founder Gordon Mooreലോസ് ഏഞ്ചല്‍സ് : ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ് നിര്‍മ്മിക്കാന്‍ ഇന്റല്‍ സ്ഥാപകന്‍ ഗോര്‍ഡണ്‍ മൂറും ഭാര്യ ബെറ്റിയും ചേര്‍ന്ന് നല്‍കിയ സംഭാവന എത്രയെന്നറിയേണ്ടേ, 200 മില്യണ്‍ ഡോളര്‍. ഏതാണ്ട് 780 കോടി രൂപ.

കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്കും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി(കാല്‍ടെക്)ക്കുമാണ് സംഭാവന ലഭിച്ചതെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നൂറടി വലിപ്പമുളള ദര്‍പ്പണങ്ങളാണത്രേ പുതിയ ടെലസ്കോപ്പിന് ഉപയോഗിക്കുന്നത്. നിലവില്‍ ഏറ്റവും വലിപ്പമുളള ദൂരദര്‍ശനിയുടെ മൂന്നിരട്ടി വലിപ്പമുളളതായിരിക്കും പുതിയത്. ഹാവായിലെ മൗന കീയിലുളള 10 മീറ്റര്‍ ടെലിസ്കോപ്പാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിപ്പമുളള ഓപ്റ്റിക്കല്‍ ടെലിസ്കോപ്പ്.

മറ്റ് രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് നൂറു മില്യണ്‍ ഡോളര്‍കൂടി തങ്ങള്‍ സംഭാവന പ്രതീക്ഷിക്കുന്നതായി കാല്‍ടെക് വക്താക്കള്‍ അറിയിച്ചു. ആ സ്ഥാപനങ്ങള്‍ ഏതെന്ന് അവര്‍ വെളിപ്പെടുത്തുന്നില്ല. 300 മില്യണ്‍ ഡോളറാണ് പുതിയ ടെലസ്കോപ്പിന് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇന്റല്‍ ദമ്പതികളില്‍ നിന്നും വന്‍തുക സംഭാവന ലഭിച്ചതിന്റെ സന്തോഷം കാല്‍ടെക് മറച്ചു വെയ്ക്കുന്നില്ല. പ്രതീക്ഷയ്ക്കപ്പുറമുളള സഹായമാണ് അവര്‍ക്ക് ഗോര്‍ഡണ്‍ മൂര്‍ ദമ്പതികളില്‍ നിന്നും കിട്ടിയത്. ചരിത്രം കുറിക്കുന്ന ഒരു വന്‍ ഉപകരണം ഉണ്ടാക്കാനുളള ഉത്സാഹം ഇതോടെ പതിന്മടങ്ങ് വര്‍ദ്ധിച്ചുവെന്ന് കാല്‍ടെക് പ്രസിഡന്റ് ജീന്‍ ലൂ താമ്യു പറയുന്നു.

കേള്‍ക്കുമ്പോലെ അത്ര എളുപ്പമുളളതല്ല പദ്ധതി. 30 മീറ്റര്‍ ടെലിസ്കോപ്പിന്റെ രൂപകല്‍പന തന്നെ 2009ലേ പൂര്‍ത്തിയാവൂ. ടെലസ്കോപ്പ് യാഥാര്‍ത്ഥ്യമാകുന്നതോ 2017ലും.

ടെലസ്കോപ്പ് സ്ഥാപിക്കാന്‍ അഞ്ച് നഗരങ്ങള്‍ പരിഗണിക്കുന്നുണ്ട്. മൂന്ന് ചിലി നഗരങ്ങള്‍ പരിഗണിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ ബാജ, ഹാവായിലെ മൗന കീയയുമാണ് മറ്റ് രണ്ടെണ്ണം.

മൗന കീയിലെ 10 മീറ്റര്‍ കെക് ടെലിസ്കോപ്പിന്റെ സാങ്കേതിക വിദ്യ തന്നെയായിരിക്കും പുതിയ ടെലസ്കോപ്പിലും ഉപയോഗിക്കുന്നത്. ആറ് വശങ്ങളുളള 492 ദര്‍പ്പണങ്ങള്‍ ചേര്‍ന്ന കേന്ദ്രകാചമാണ് പുതിയ ടെലസ്കോപ്പില്‍ ഉണ്ടാവുക. ഓരോന്നും 4.8 വിസ്താരവും 1.8 മീറ്റര്‍ കനവും ഉണ്ടായിരിക്കും.

അന്തരീക്ഷ വ്യതിയാനങ്ങള്‍ക്കനുസരിച്ചുളള പ്രതിബിംബ വക്രത പുതിയ ടെലസ്കോപ്പില്‍ താരതമ്യേനെ കുറവായിരിക്കും. അഡാപ്റ്റീവ് ഓപ്റ്റിക്സ് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്.

മഹാവിസ്ഫോടനത്തിനു ശേഷം ആദ്യമുണ്ടായ നക്ഷത്ര സമൂഹങ്ങളില്‍ നിന്നുളള പ്രകാശത്തെപ്പോലും കൃത്യമായി വിശകലനം ചെയ്യുന്നതിന് പുതിയ ടെലിസ്കോപ്പ് പ്രാപ്തമായിരിക്കുമെന്നാണ് അവകാശവാദം. ഹബ്ബിള്‍ ടെലസ്കോപ്പിനെക്കാള്‍ കൃത്യത പുലര്‍ത്താന്‍ കഴിയുന്ന പുതിയ ടെലസ്ക്കോപ്പ് ഭീമന് ആകാശഗംഗ പോലുളള നക്ഷത്രരാശികളുടെ ഉത്ഭവവും പരിണാമവും കൂടുതല്‍ വ്യക്തമായി കണക്കാക്കാന്‍ മനുഷ്യനെ സഹായിക്കാന്‍ കഴിയും.

ഗോര്‍ഡന്‍ മൂര്‍ - ബെറ്റി ദമ്പതികളുടെ 200 മില്യണ്‍ ഡോള‍ര്‍ സംഭാവന അറിയപ്പെടാത്ത പ്രപഞ്ച രഹസ്യങ്ങള്‍ തുറക്കാന്‍ പോന്ന താക്കോലായി മാറുന്നത് അങ്ങനെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X