കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തിക്കാരെ ബോര്‍ഡ് വരിഞ്ഞുമുറുക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി : തങ്ങളുടെ കീഴിലുളള അമ്പലങ്ങളില്‍ ശാന്തിക്കാര്‍ ഭക്തരില്‍ നിന്നും നേരിട്ട് ഇടപാടുകള്‍ നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡ് ഇടപെടുന്നു. ശബരിമലയിലെ ഇടനില ഏര്‍പ്പാട് അവസാനിപ്പിച്ചതിന് പിന്നാലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ കൊച്ചി ദേവസ്വം ബോര്‍‍ഡും നിലപാട് കര്‍ശനമാക്കി.

വൃശ്ചികം ഒന്നു മുതലാണ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശാന്തിമാര്‍ നടത്തിയിരുന്ന വഴിപാട് സാധന വില്‍പന കൊച്ചി ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. ഏലസ്, തകിട് മുതലായവയുടെ വില്‍പനയിലൂടെ 23 ദിവസം കൊണ്ട് 16 ലക്ഷത്തോളം രൂപ പിരിഞ്ഞു കിട്ടിയപ്പോഴാണ് എത്രയോ വര്‍ഷങ്ങളായി ബോര്‍ഡിന് നേരിട്ട കോടികളുടെ ഭീമമായ നഷ്ടത്തിന്റെ വലിപ്പം മനസിലായത്.

ഓരോ ലക്ഷം രൂപ വീതം ദേവസ്വം ബോര്‍ഡിന് നല്‍കി അമ്പലത്തിലെ മേല്‍ശാന്തിമാരാണ് ഏലസും തകിടും വില്‍ക്കാന്‍ കരാര്‍ എടുത്തിരുന്നത്. നാലു മേല്‍ശാന്തിമാര്‍ ചേര്‍ന്നാണ് കരാര്‍ സ്വന്തമാക്കുന്നത്. ഇവരില്‍ നിന്നും വര്‍ഷം ബോര്‍ഡിന് ലഭിക്കുന്നത് നാലു ലക്ഷം രൂപ മാത്രമാണ്.

എന്നാല്‍ ഭക്തരുടെ സാമ്പത്തിക സ്ഥിതിയും സ്ഥാനമഹിമയുമനുസരിച്ച് ശാന്തിമാര്‍ തോന്നിയ നിരക്കാണ് വഴിപാട് സാധനങ്ങള്‍ക്ക് ഈടാക്കിയിരുന്നത്.

ഇപ്പോള്‍ പൂജിച്ച ചരടിന് 10 രൂപ, ഏലസിന് 25 രൂപ, ശ്രീചക്രത്തിനും സുദര്‍ശന ചക്രത്തിനും 250 രൂപ എന്നിങ്ങനെയാണ് നിരക്ക്. കരാര്‍ ശാന്തിമാര്‍ക്കായിരുന്നപ്പോള്‍ ഇതിനൊക്കെ തോന്നിയ വിലയായിരുന്നുവെന്ന് ഭക്തര്‍ പറയുന്നു. സുദര്‍ശന ചക്രത്തിനും ശ്രീചക്രത്തിനും നിരക്ക് അയ്യായിരം രൂപ വരെ ഈടാക്കിയിരുന്നത്രേ!

ദേവസ്വം കൗണ്ടറില്‍ പണമടച്ച രസീത് ക്ഷേത്രത്തിനകത്തെ കൗണ്ടറില്‍ ഹാജരാക്കിയാണ് ഇപ്പോള്‍ വഴിപാട് സാധനങ്ങള്‍ വാങ്ങേണ്ടത്. ആറു ദിവസം കൊണ്ട് നാലു ലക്ഷത്തോളം രൂപ ഈയിനത്തില്‍ ക്ഷേത്രവരവുണ്ട്.

ദേവസ്വം നടയില്‍ മേല്‍ശാന്തിമാര്‍ നടത്തിവന്ന പ്രസാദവില്‍പനയും ബോര്‍ഡ് അവസാനിപ്പിച്ചു. ഇപ്പോള്‍ ദേവസ്വം നേരിട്ടാണ് പ്രസാദവില്‍പന നടത്തുന്നത്.

ഭീമമായ വരുമാന നഷ്ടമുണ്ടായ ശാന്തിക്കാര്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഏലസിന്റെയും തകിടിന്റെയും വില്‍പന തങ്ങളെ തിരികെ ഏല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. പൂജിക്കാത്ത ഏലസ് നല്‍കുന്നു എന്ന ആരോപണമാണ് ശാന്തിക്കാര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്.

എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. ക്ഷേത്ര തന്ത്രിമാര്‍ നിയോഗിച്ച പൂജാരിമാരാണ് ഏലസും തകിടും പൂജിച്ചു നല്‍കുന്നതെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. ശാന്തിമാര്‍ക്ക് അര്‍ഹമായ ദക്ഷിണ സ്വീകരിക്കാമെന്ന ബോര്‍ഡിന്റെ നിലപാടിനെയും ഹൈക്കോടതി അംഗീകരിച്ചു.

ദേവസ്വം ബോര്‍ഡിന്റെ ശമ്പളം പറ്റുന്ന ജീവനക്കാരായ മേല്‍ശാന്തിമാര്‍ നടത്തിയത് അച്ചടക്കലംഘനമായതിനാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ഭക്തരെ ചൂഷണം ചെയ്യുന്ന ശാന്തിക്കാര്‍ക്കെതിരെ നിലപാട് കര്‍ക്കശമാക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X