കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നു നില്‍ക്കാതെ വിശ്രമിക്കാതെ 85ലും ചുറുചുറുക്കോടെ വി.എസ്‌

  • By Staff
Google Oneindia Malayalam News

VS Achuthanandanശബരിമല: കറുത്തവസ്‌ത്രത്തില്‍ മാത്രം ഭക്തരെകണ്ടു ശീലിച്ച അയ്യപ്പന്‍പോലും വെള്ളവസ്‌ത്രമുടുത്ത്‌ എണ്‍പത്തിയഞ്ചാം വയസ്സില്‍ മലകയറിയെത്തിയ സന്ദര്‍ശകനെ കണ്ട്‌ ഒന്ന്‌ അമ്പരന്നു കാണണം.

എന്തായാലും അഞ്ചുകിലോമീറ്റര്‍ നീളുന്ന മലകയറ്റത്തിനിടയില്‍ ഒരിക്കല്‍പ്പോലും വിശ്രമിക്കാതെയാണ്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ മലകയറി സന്നിധാനത്തെത്തിയത്‌. വിശ്രമിച്ചില്ലെന്ന്‌ മാത്രമല്ല ഒരു തുള്ളി വെള്ളം കുടിക്കാന്‍ പോലും നില്‍ക്കാതെയായിരുന്നു വി.എസ്‌ അച്യുതാനന്ദന്റെ മലകയറ്റം.

മുഖ്യമന്ത്രിയ്‌ക്കെങ്ങാനും തളര്‍ച്ച വന്നാലോയെന്നോര്‍ത്ത്‌ ഡോളിയും കസേരയുമെല്ലാം കൂടെക്കരുതി ദേവസ്വം ജീവനക്കാര്‍ വി.എസിനെ അനുഗമിച്ചിരുന്നു. വെളുത്ത വസ്‌ത്രമുടുത്ത്‌ മലകയറുമ്പോള്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിവരുന്ന ഭക്തരെ വി.എസ്‌ അഭിവാദ്യം ചെയ്‌തു.

വിശ്രമിക്കാമെന്ന്‌ പൊലീസ്‌ ഓഫീസര്‍മാര്‍ പലവട്ടം പറഞ്ഞിട്ടും കൂട്ടാക്കാതെ ചെറുപ്പക്കാരെ തോല്‍പ്പിക്കുന്ന ഉല്‍താഹത്തോടെയാണ്‌ വി.എസ്‌ മലകയറി. ആരോഗ്യമന്ത്രി പി.കെ ശ്രീമതി, സിപിഎം പത്തനംതിട്ട സെക്രട്ടറി അനന്തഗോപന്‍, രാജു എബ്രഹാം എംഎല്‍എ, എന്നിവരുള്‍പ്പെട്ട സംഘത്തിനൊപ്പമാണ്‌ വി.എസ്‌ ശബരിമലയിലെത്തിയത്‌.

വിഎസ്‌ കയറിയെത്തിയതുകണ്ടപ്പോള്‍ ശബരിപീഠത്തിലെ വെടിവഴിപാടു കൗണ്ടറില്‍ നിന്ന്‌ അനൗണ്‍സ്‌മെന്റ്‌ ഉയര്‍ന്നു. ബഹുമാന്യനായ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ സ്വാമിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൂന്നു വെടി. VS Achuthanandan

ഇതിനിടെ അച്യുതാനന്ദന്‍ സ്വാമിയെന്ന പ്രയോഗം രസിക്കാതിരുന്ന മന്ത്രി ശ്രീമതി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഈ സംബോധന ഞാന്‍ സ്വീകരിച്ചിരിക്കുന്നും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ആ വെടികള്‍ സമര്‍പ്പിക്കുന്നുവെന്നും പറഞ്ഞ്‌ വി.എസ്‌ മുന്നോട്ടു നീങ്ങി.

ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രിയെന്ന വിശേഷണം കൂടിയാണ്‌ ഈ യാത്രയോടെ വി.എസ്‌ സ്വന്തമാക്കിയത്‌. പമ്പയില്‍ നിന്നും യാത്രതുടങ്ങുന്നതിന്‌ മുമ്പ്‌ രക്തസമ്മര്‍ദ്ദവും ഇസിജിയും നോക്കി ആരോഗ്യ നില തൃപ്‌തികരമാണെന്ന്‌ ഉറപ്പാക്കിയിരുന്നു. പിന്നീട്‌ നീലിമലയിലെ കുത്തു കയറ്റം പിന്നിട്ടപ്പോള്‍ കുഴപ്പം തോന്നിയ ഡിഎംഒ ഡോക്ടര്‍ എന്‍.എന്‍ മുരളി ഇസിജിയും രക്തസമ്മര്‍ദ്ദവും നോക്കാമെന്ന്‌ പറഞ്ഞെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. സന്നിധാനത്ത്‌ ഗസ്‌റ്റ്‌ ഹൗസിലെത്തിയശേഷം എന്തുവേണമെങ്കിലും നോക്കാമെന്നായിരുന്നു വി.എസിന്റെ നിലപാട്‌.

രാത്രി 8.50ന്‌ സന്നിധാനത്തെത്തിയ മുഖ്യമന്ത്രി ഗസ്റ്റ്‌ ഹൗസില്‍ വിശ്രമിച്ചു. മലകയറ്റം എങ്ങനെയുണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ പൂയംകുട്ടി, മതികെട്ടാന്‍ എന്നിവയുടെയത്രയും വരില്ലെന്നായിരുന്നു വി.എസിന്റെ പ്രതികരണം.

നീലിമല കയറി അപ്പാച്ചിമേട്ടിലെത്തിയപ്പോള്‍ വി.എസിനൊപ്പമുണ്ടായിരുന്ന മന്ത്രി ശ്രീമതി അവിടത്തെ കാര്‍ഡിയോളജി സെന്ററിലേക്ക്‌ കയറി. സന്നിധാനത്തെ കാര്‍ഡിയോളജി സെന്റര്‍ ഉദ്‌ഘാടനം ചെയ്യാനാണ്‌ മുഖ്യമന്ത്രി എത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X