അരവണ വിതരണം: കരാറുകാരെ ഒഴിവാക്കും
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇക്കഴിഞ്ഞ സീസണിലുണ്ടായ അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് സി.കെ ഗുപ്‌തന്‍.
അടുത്ത തീര്‍ഥാടനക്കാലം മുതല്‍ ഭക്തര്‍ക്ക് അപ്പം, അരവണ തുടങ്ങിയവ വിതരണം ചെയ്യുന്നതിനായി കരാറുകാരെ ഒഴിവാക്കി പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ബോര്‍ഡംഗങ്ങള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
അരവണയും അപ്പവും വിതരണം ചെയ്യാനുള്ള ഡപ്പികളും മറ്റും എല്ലാം ദേവസ്വത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെ നിര്‍മ്മിയ്‌ക്കും. ഇതിനായി ശബരിമലയ്‌ക്കു സമീപത്തു തന്നെയായി അത്യാധുനിക പ്ലാന്റുകള്‍ സ്ഥാപിയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്.
രണ്ടു ലക്ഷം തീര്‍ഥാടകര്‍ക്കു പോലും ഒരു മണിക്കൂറില്‍ അരവണ വിതരണം ചെയ്യാന്‍ കഴിയുന്ന സംവിധാനത്തെക്കുറിച്ചാണ് ബോര്‍ഡ് ആലോചിയ്‌ക്കുന്നത്. പമ്പ മുതല്‍ ശബരിമല സന്നിധാനം വളരെ ക്യൂ ക്ലോംപ്ലക്‌സുകളും ഭക്തര്‍ക്കായി വിശ്രമ കേന്ദ്രങ്ങളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
പതിവില്‍ നിന്നു വീപരിതമായി അടുത്ത സീസണിലേക്കുള്ള ഇപ്പോഴേ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ജനുവരി 29ന് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
പത്ര സമ്മേളനത്തില്‍ ബോര്‍ഡംഗങ്ങളായ പി. നാരായണന്‍, സുമതിക്കുട്ടിയമ്മ എന്നിവര്‍ പങ്കെടുത്തു. ബോര്‍ഡംഗങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ എന്ന ചോദ്യത്തിന് വിവാദ വിഷയങ്ങള്‍ സംസാരിക്കാനില്ലായെന്നായിരുന്നു ഉത്തരം.












Click it and Unblock the Notifications