എച്ച്എംടി: മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും വാക്കുകളില്‍ അവ്യക്തത
തിരുവനന്തപുരം: കളമശേരിയില്‍ എച്ച്‌എംടി വിറ്റ എഴുപത് ഏക്കറില്‍ സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള ബന്ധപ്പെട്ട രേഖകള്‍ തന്റെ കീഴിലുള്ള ഐടി വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി.
രേഖകള്‍ ലഭിയ്‌ക്കാത്ത സാഹചര്യത്തിലാണ് താന്‍ ശിലാസ്ഥാപനത്തില്‍ നിന്നും വിട്ടു നിന്നതെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എച്ച്‌എംടി ഭൂമിയിടപാട് സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും അന്വേഷിക്കും.
4000 കോടിയുടെ സൈബര്‍ പദ്ധതിയ്‌ക്ക് രണ്ടാഴ്‌ച കൊണ്ട് അനുമതി നല്‌കിയതിന് പിന്നിലുള്ള ആക്ഷേപവും അന്വേഷിക്കുമെന്ന് ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായായി വി.എസ് പറഞ്ഞു.
മുംബൈയിലെ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനാണ് എഴുപത് ഏക്കര്‍ സ്ഥലം വെറും 91 കോടി രൂപയ്‌ക്ക് വിറ്റത്. മെട്രോ നഗരങ്ങളിലെ ചേരികളില്‍ നിന്നും ജനങ്ങളെ കുടിയൊഴിപ്പിച്ച് ഭൂമി വ്യാപാരം നടത്തുന്ന കമ്പനിയാണ് റിയല്‍റ്റേഴ്‌സ് എന്ന് ആരോപണമുണ്ട്.
എന്നാല്‍ എച്ച്‌എംടിയുടെ സ്ഥലത്ത് ഐടി വ്യവസായം വരുന്ന കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു. സൈബര്‍ സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. പദ്ധതി തടസപ്പെടുത്തരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെ സൈബര്‍ സിറ്റിയ്‌ക്കായി എച്ച്‌എംടി ഭൂമി വിറ്റതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ വ്യക്തമാക്കി. പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി പരിശോധിച്ച് പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കാനുള്ള നടപടി സ്വീകരിയ്‌ക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications